
കൊച്ചി: മലയാളത്തില്‍ പുതിയ ചരിത്രം കുറിക്കാന്‍ ഒരുങ്ങുന്ന ‘പേട്രിയറ്റ്’ന്റെ റിലീസ് ഡേറ്റ് പോസ്റ്റര്‍ പുറത്ത്. മലയാള സിനിമയിലെ മഹാസംഭവമായി എത്തുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റര്‍ നാല്‍പ്പതില്‍ അധികം താരങ്ങള്‍ ചേര്‍ന്നാണ് പുറത്തു വിട്ടത്.

മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ ഒരുക്കുന്ന ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രം ഏപ്രില്‍ 23ന് ആഗോള റിലീസായി എത്തും. വിജയ് ദേവരകൊണ്ട, ആറ്റ്‌ലി, കരണ്‍ ജോഹര്‍ എന്നിവരാണ് യഥാക്രമം ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പോസ്റ്ററുകള്‍ പുറത്തു വിട്ടത്.

മലയാളത്തില്‍, പൃഥ്വിരാജ്, ടോവിനോ തോമസ്, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, ബേസില്‍ ജോസഫ്, ജയസൂര്യ, സണ്ണി വെയ്ന്‍, നസ്ലിന്‍, നസ്രിയ, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി നാല്പതോളം താരങ്ങള്‍ ചേര്‍ന്ന് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെയും ഒപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രാജീവ് മേനോന്‍ എന്നിവരുടെയും പോസ്റ്ററുകള്‍ പുറത്തു വന്നിരുന്നു.
ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. സി ആര്‍ സലിം പ്രൊഡക്ഷന്‍സ്, ബ്ലൂ ടൈഗേഴ്‌സ് ലണ്ടന്‍ എന്നീ ബാനറുകളില്‍ സി ആര്‍ സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്റെ സഹ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. സി വി സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
മമ്മൂട്ടിയും മോഹന്‍ലാലും 17 വര്‍ഷത്തിനുശേഷം ഒന്നിക്കുന്ന ഈ ചിത്രം മലയാളത്തില്‍ ഇന്നേവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവര്‍ഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പേട്രിയറ്റ് ഈ വര്‍ഷം ആദ്യം പൂര്‍ത്തിയായത്. ട്വന്റി 20ക്ക് ശേഷം മലയാളത്തിലെ പ്രമുഖതാരങ്ങളെല്ലാം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രാജീവ് മേനോന്‍ എന്നിവരെ കൂടാതെ, രേവതി, ജിനു ജോസഫ്, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് എന്നിവരും മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തിയേറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്.
ടേക്ക് ഓഫ്, മാലിക് എന്നീ സിനിമകള്‍ക്ക് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘പേട്രിയറ്റ്’ അന്താരാഷ്ട്ര സ്‌പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന സാങ്കേതിക നിലവാരത്തിലും കാന്‍വാസിലുമാണ് ഒരുക്കുന്നത്. മലയാളത്തില്‍ ഏറ്റവുമധികം രാജ്യങ്ങളില്‍ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും ഇപ്പോള്‍ പേട്രിയറ്റിനാണ്. ഇന്ത്യ, ശ്രീലങ്ക, യു കെ, അസര്‍ബെയ്ജാന്‍, യു എ ഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ചിത്രം ഒരുക്കിയത്. 2024 നവംബര്‍ മാസത്തില്‍ ശ്രീലങ്കയില്‍ ചിത്രീകരണം ആരംഭിച്ച ‘പേട്രിയറ്റ്’, ഇന്ത്യയില്‍ ചിത്രീകരിച്ചത് വന്‍നഗരങ്ങളായ ഡല്‍ഹി, മുംബൈ, ഹൈദ്രാബാദ്, കൊച്ചി എന്നിവിടങ്ങളിലാണ്.
ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ നേരത്തെ പുറത്തു വരികയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ഗംഭീര ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നുള്ള സൂചനയാണ് ടീസര്‍ നല്‍കിയത്. ഇന്ത്യന്‍ സിനിമയുടെ ഇതിഹാസങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ അതിന്റെ എല്ലാ പ്രൗഢിയോടും കൂടി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും ‘പേട്രിയറ്റ്’ എന്നും ടീസര്‍ കാണിച്ചു തരുന്നു. മലയാളസിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതിക മേന്മയോടെ തിയേറ്ററുകളിലെത്താനൊരുങ്ങുന്ന ചിത്രം രചിച്ചത്, സംവിധായകന്‍ മഹേഷ് നാരായണന്‍ തന്നെയാണ്.
മലയാളത്തിലെ ട്രെന്‍ഡ് സെറ്റര്‍ സംഗീത സംവിധായകനായ സുഷിന്‍ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിച്ചത്, ബോളിവുഡിലെ വമ്പന്‍ സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് ദൃശ്യങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയ മനുഷ് നന്ദന്‍ ആണ്. സംവിധായകന്‍ മഹേഷ് നാരായണനും രാഹുല്‍ രാധാകൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവര്‍സീസ് പാര്‍ട്ണര്‍.

