

ആലുവ: ഇടുക്കി- ഇടലയാര്‍ ഡാമുകള്‍ തുറന്ന സാഹചര്യത്തിലും ശക്തമായ മഴ ഉള്ളതിനാലും വെള്ളം കയറാനുള്ള സാഹചര്യം മുന്‍നിര്‍ത്തി ജനങ്ങളുടെ സുരക്ഷ. ഉറപ്പാക്കുന്നതിനും മുന്‍കരുതല്‍ എടുക്കുന്നതിനും അന്‍വര്‍ സാദത്ത് എം എല്‍ എയുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികള്‍, റവന്യു ഉദ്യോഗസ്ഥന്മാര്, പോലീസ്, ഫയര്‍ഫോഴ്സ് എന്നിവരുടെ അടിയന്തര യോഗം ആലുവ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്നു.

2018ലെ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മാതൃകയില്‍ ഇത്തവണയും അടിയന്തര സാഹചര്യം ഉണ്ടായാല്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയ പാര്‍ട്ടികളുടെയും യുവജന സന്നദ്ധ പ്രവര്‍ത്തകരുടെയും സഹകരണത്തോടുകൂടി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്ന് യോഗം തീരുമാനിച്ചു.

ആലുവ നിയോജക മണ്ഡലത്തില്‍ വിവിധ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റിയിലുമായി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുവാന്‍ തുടക്കത്തില്‍ 32 കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട് 1200 പോലീസുകാരേയും സജ്ജമാക്കിയിട്ടുണ്ട് എന്ന് ആലുവ ഡി വൈ എസ് പി യോഗത്തില്‍ അറിയിച്ചു.
ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ എല്ലാം സജ്ജമാക്കിയിട്ടുണ്ടെന്ന് ആലുവ ഫയര്‍ഫോഴ്സ് ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. എന്‍ ഡി ആര് എഫിന്റെ ഒരു ടീമിനെ ആലുവക്ക് വേണ്ടി നിയോഗിച്ചിട്ടുണ്ടെന്നും ഓരോ പഞ്ചായത്തിലും വില്ലേജ് ഓഫീസര്‍മാര്‍ക്കും കൂടാതെ മറ്റുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ക്കും ചുമതല കൊടുത്തിട്ടുണ്ടെന്ന് എ ഡി എം ഷാജഹാന് യോഗത്തില്‍ അറിയിച്ചു.
2018ലെയും 19ലെയും വെള്ളപ്പൊക്കം മൂലം പെരിയാറിലും അതിന്റെ കൈവരികളിലും തോടുകളിലും ചെളിയും എക്കലും അടിഞ്ഞു കൂടിയിട്ടുണ്ട്. ഇതുമൂലം പെരിയാറില്‍ വെള്ളം കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ഡാമുകള്‍ തുറക്കുമ്പോള്‍ കൂടുതല്‍ വെള്ളം ജനവാസകേന്ദ്രങ്ങളിലേക്ക് കയറുവാന്‍ സാധ്യതയുള്ളതുകൊണ്ട് പെരിയാറിലെയും അനുബന്ധ തൊടുകളിലെയും കൈവരികളിലെയും എക്കലും. ചെളിയും അടിയന്തരമായി മാറ്റണമെന്ന് സര്‍ക്കാരിനോട് യോഗം ആവശ്യപ്പെട്ടു.
അന്‍വര്‍ സാദത്ത് എം എല്‍ എ, എ ഡി എം ഷാജഹാന്, ഡെപ്യൂട്ടി കളക്ടര്‍ ബേബി, ഡി വൈ എസ് പി കൃഷ്ണന്‍കുട്ടി, തഹസില്‍ദാര്‍ സത്യപാലന് നായര്‍ സി പി, മുനിസിപ്പല്‍ ചെയര്മാന് എം ഒ ജോണ്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരായ പി വി പ്രതീഷ്, അന്‍വര്‍ അലി, പഞ്ചായത്ത് പ്രസിഡന്റ്മാരായ കെ സി മാര്ട്ടിന്, പി വി കുഞ്ഞ്, ഗ്രേസി ദയാനന്ദന്, സതി ലാലു, പ്രീജ കുഞ്ഞുമോന്, രാജി സന്തോഷ്, സെബാ മുഹമ്മദാലി, മറ്റു ജനപ്രതിനികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

