
കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ തുടരുന്ന ജനാധിപത്യ ധ്വംസനത്തിനെതിരെയും പ്രതികരിക്കുന്നവരെ പ്രതികളാക്കുന്ന ബി ജെ പി സര്‍ക്കാരിന്റെ ഫാസിസ്റ്റ് സമീപനത്തിനെതിരെയും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ റാലി ജൂലൈ ആറിന് ബുധനാഴ്ച്ച കോഴിക്കോട് നടക്കും. മുതലക്കുളം മൈതാനിയില്‍ വൈകിട്ട് അഞ്ചിന് നടക്കുന്ന റാലിയെ ഡോ. ശശി തരൂര്‍ എം പി, ഇ ടി മുഹമ്മദ് ബഷീര്‍ എം പി എന്നിവര്‍ അഭിവാദ്യം ചെയ്യും. പ്രകടനം വൈകിട്ട് മൂന്ന് മണിക്ക് സ്റ്റേഡിയം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് മാവൂര്‍ റോഡ്, ബാങ്ക് റോഡ്, മാനാഞ്ചിറ വഴി മുതലക്കുളം മൈതാനിയില്‍ സമാപിക്കും.

ഇന്ത്യയില്‍ ജനാധിപത്യ മാര്‍ഗ്ഗത്തില്‍ പ്രതികരിക്കുന്നവരെയെല്ലാം പ്രതികളാക്കുന്ന പ്രവണത ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തിലാണ് മുസ്ലിം യൂത്ത് ലീഗ് ഇങ്ങനെയൊരു പ്രതിഷേധ റാലി സംഘടിപ്പിക്കുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി കെ ഫിറോസും പറഞ്ഞു. റാലിയില്‍ അണിനിരക്കാന്‍ മുഴുവന്‍ ജനാധിപത്യ മതേതര വിശ്വാസികളോടും നേതാക്കള്‍ അഭ്യര്‍ഥിച്ചു
