പ്രവാസി പ്രശ്‌നങ്ങളില്‍ സജീവ ഇടപെടലിന് നൗക ബഹ്റൈന്‍

Web Desk
1 Min Read

മനാമ: പ്രവാസികളുടെ യാത്രാ അവകാശവും ക്ഷേമപെന്‍ഷനും ഉറപ്പാക്കാന്‍ സര്‍ക്കാറിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന് നൗക ബഹ്റൈന്‍ പത്താം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത് പ്രവാസികളെ ഗുരുതര പ്രതിസന്ധിയിലാക്കുന്നതായി സമ്മേളനം ചൂണ്ടിക്കാട്ടി.

city exchange

മനു പി തോമസ് സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി ‘ജനാധിപത്യ ഭരണകൂടത്തില്‍ ജനകീയ ഇടപെടലിന്റെ സാധ്യതകള്‍’ എന്ന വിഷയത്തില്‍ ഓണ്‍ലൈനായി മുഖ്യപ്രഭാഷണം നടത്തി.

പ്രവാസി സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ സമ്മേളനം വിശദമായി ചര്‍ച്ച ചെയ്തു. യാതൊരു മുന്നറിയിപ്പുമില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കുന്നതിലൂടെ പ്രവാസികളുടെ യാത്രാ പദ്ധതികള്‍ താളംതെറ്റുന്നതായും അടിയന്തര സാഹചര്യങ്ങളില്‍ നാട്ടിലെത്താനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നതായും സമ്മേളനം വിലയിരുത്തി. വിമാന സര്‍വീസുകളിലെ അനിശ്ചിതത്വം പരിഹരിച്ച് പ്രവാസികളുടെ യാത്രാ അവകാശം ഉറപ്പാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

പ്രവാസി ക്ഷേമ പെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്യാത്തതിലും സമ്മേളനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അര്‍ഹമായ ക്ഷേമ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് സമ്മേളനം പ്രമേയം അവതരിപ്പിച്ചു.

- Advertisement -
Ad image

പ്രവാസി സമൂഹത്തിന്റെ സാമൂഹികവും സാംസ്‌കാരികവും ജനാധിപത്യപരവുമായ ഇടപെടലുകള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും പ്രവാസികളുടെ അവകാശ സംരക്ഷണത്തിനായി കൂടുതല്‍ സജീവമായ ഇടപെടലുകള്‍ നടത്താനും സമ്മേളനം തീരുമാനിച്ചു.

സമ്മേളനം നൗക ബഹ്റൈന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അശ്വതി മിഥുന്‍ പ്രസിഡന്റായും സജിത്ത് വെള്ളികുളങ്ങര സെക്രട്ടറിയായും അനീഷ് ടി കെ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. ബിനുകുമാര്‍ കൈനാട്ടി വൈസ് പ്രസിഡന്റും പ്രജീഷ് മരുന്നൊളി ജോയിന്റ് സെക്രട്ടറിയുമാണ്.

പുതിയ നേതൃത്വത്തിന്റെ കീഴില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താനും പ്രവാസി സമൂഹത്തിന്റെ വിവിധ വിഷയങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്താനും സമ്മേളനം തീരുമാനിച്ചു.

Share This Article
Leave a Comment
error: Content is protected !!