
മനാമ: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മാണ മേഖലയിലും തുറസ്സായ സ്ഥലങ്ങളിലും കഠിനമായ ചൂടില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആശ്വാസമേകി പ്രവാസി വെല്‍ഫെയര്‍. കനത്ത ചൂടിനെ പ്രതിരോധിച്ച് ജോലി ചെയ്യേണ്ടിവരുന്ന സാധാരണക്കാരായ തൊഴിലാളികള്‍ക്ക് തണുത്ത പാനീയങ്ങളും സീസണല്‍ പഴവര്‍ഗ്ഗങ്ങളും വിതരണം ചെയ്താണ് പ്രവാസി വെല്‍ഫെയര്‍ റിഫ സോണ്‍ ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്.

വിവിധ ലേബര്‍ ക്യാമ്പുകളിലും തൊഴിലിടങ്ങളിലും നേരിട്ടെത്തിയാണ് പ്രവാസി വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍ കുടിവെള്ളം, പഴവര്‍ഗ്ഗങ്ങള്‍, ജ്യൂസുകള്‍ എന്നിവ അടങ്ങിയ കിറ്റുകള്‍ തൊഴിലാളികള്‍ക്ക് കൈമാറിയത്. നാടിന്റെ വികസനത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന പ്രവാസി തൊഴിലാളി സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനും അവരുടെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനുമാണ് ഇത്തരം പദ്ധതിക്ക് രൂപം നല്‍കിയതെന്ന് പ്രവാസി വെല്‍ഫെയര്‍ റിഫ സോണല്‍ പ്രസിഡണ്ട് അക്ബര്‍ ഷാ പറഞ്ഞു.

പ്രവാസി വെല്‍ഫെയര്‍ റിഫ സോണല്‍ പ്രസിഡണ്ട് അക്ബര്‍ ഷായുടെ നേതൃത്വത്തില്‍ അഫ്‌സല്‍, ഫസല്‍ റഹ്മാന്‍, ഹാരിസ് എം സി, ജോയ് ആന്റണി, ജാഫര്‍ പൂളക്കല്‍, നൗഷാദ്, റിയാസ് തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ നടന്ന വിതരണത്തിന് നേതൃത്വം നല്‍കി.
