

കൊച്ചി: എറണാകുളം ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ ഒന്‍പത് വര്‍ഷമായി പഠനസഹായങ്ങള്‍ നല്‍കിവരുന്ന പ്രൊഫ. കെ വി തോമസ് വിദ്യാധനം ട്രസ്റ്റ് ദുബായിലെ പാന്തിയണ്‍ റിയല്‍ എസ്റ്റേറ്റ് സ്ഥാപകന്‍ കല്‍പ്പേഷ് കിനരിവാലയുമായി സഹകരിച്ച് 500 വിദ്യാര്‍ഥികള്‍ക്കു കൂടി സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി.

ട്രസ്റ്റ് നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പുകളുടെ മൂന്നാംഘട്ട വിതരണച്ചടങ്ങ് കൊച്ചി അയിരൂരിലെ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വ്യവയായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം അതിരൂപത വികാര്‍ ജനറല്‍ ഡോ. ആന്റണി കുരിശിങ്കല്‍ അധ്യക്ഷത വഹിച്ചു. പ്രാഫ. കെ വി തോമസ്, ജി സി ഡി എ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള, ഫാക്ട് സി എം ഡി കിഷോര്‍ റുംഗ്ത, ടി സി സി എം ഡി ഹരികുമാര്‍, ശബരി ഗ്രൂപ്പ് ചെയര്‍മാന്‍ ശശികുമാര്‍, കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, അയിരൂര്‍ സെന്റ് തോമസ് എച്ച് എസ് എസ് മാനേജര്‍ ഫാ. പോള്‍ ആത്തപ്പള്ളി, പ്രൊഫ. കെ വി തോമസ്, വിദ്യാധനം ട്രസ്റ്റ് ട്രസ്റ്റിയും മുന്‍ എം എല്‍ എയുമായ എം എ ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ദുബായില്‍ നിന്ന് കല്‍പ്പേഷ് കിനരിവാലയും ചടങ്ങിനെത്തിയിരുന്നു.

2023 സെപ്തംബര്‍ 9നാണ് പുതിയ സ്‌കീമിന് തുടക്കമിട്ടതെന്ന് പ്രൊഫ. കെ വി തോമസ് പറഞ്ഞു. മൂന്നുഘട്ടങ്ങളിലായാണ് 3000 വിദ്യാര്‍ഥികള്‍ക്ക് ഈ സ്‌കീമില്‍ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയത്. എറണാകുളം ലോക്സഭാ മണ്ഡലത്തില്‍പ്പെട്ട സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടുന്ന 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കിയത്. വിദ്യാര്‍ഥികളാണ് നാളെയുടെ ശില്‍പ്പികള്‍ എന്നതു കണക്കിലെടുത്താണ് പാന്തിയണിന്റെ ഈ സി എസ് ആര്‍ പദ്ധതിയെന്ന് കല്‍പ്പേഷ് കിനരിവാല പറഞ്ഞു.
12 വാല്യമുള്ള പ്രൊഫ. എം കെ സാനുവിന്റെ സമ്പൂര്‍ണകൃതികള്‍, ഉമ്മന്‍ചാണ്ടിയുടെ ആത്മകഥ കാലം സാക്ഷി എന്നിവ ജി സി ഡി എ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള സെന്റ് തോമസ് സ്‌കൂള്‍ പ്രതിനിധികള്‍ക്ക് കൈമാറി.

