

ദോഹ: കത്താറ പബ്ലിഷിംഗ് ഹൗസിന്റെ കള്‍ച്ചര്‍ ത്രൈമാസിക രണ്ടാം ലക്കം പുറത്തിറങ്ങി. കത്താറ പരമ്പരാഗത ഉരു മഹോത്സവം ഉള്‍പ്പെടെ നിരവധി സാംസ്‌ക്കാരിക, ടൂറിസം, കല ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് രണ്ടാം ലക്കത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ഖത്തറിന്റെ സമുദ്ര സംസ്‌ക്കാരത്തോടൊപ്പം കലകളും പാരമ്പര്യങ്ങളും അറേബ്യന്‍ ഹോഴ്സ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട കാര്യങ്ങളും കള്‍ച്ചറല്‍ മാഗസിന്‍ കൈകാര്യം ചെയ്യുന്നു. അതോടൊപ്പം ഏറ്റവും വലുതും അഭിമാനകരവുമായ 12 കുതിര ഫാമുകളേയും അവയെ പ്രതിനിധീകരിക്കുന്ന 252 കുതിരകളുടേയും ചിത്രം പുതിയ പതിപ്പിലുണ്ട്.

കള്‍ച്ചറല്‍ മാഗസിന്റെ രണ്ടാം ലക്കത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള സംസ്‌ക്കാരത്തിന്റെ പാലങ്ങളായ എംബസികളെ കുറിച്ച് വിശദീകരിക്കാന്‍ വിശാലമായ രീതിയില്‍ പേജുകള്‍ നീക്കിവെച്ചിട്ടുണ്ട്. 2012 മുതല്‍ ഖത്തര്‍ മ്യൂസിയംസ് ഓരോ വര്‍ഷവും വ്യത്യസ്ത പങ്കാളി രാജ്യങ്ങളുമായി ആരംഭിച്ച സംരംഭങ്ങളെ കുറിച്ചും വിശദമാക്കുന്നുണ്ട്. പങ്കാളി രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്‌ക്കാരവും അവതരിപ്പിക്കുന്നുണ്ട്.
ഖത്തറിലെ വന്‍കിട മാളുകള്‍ സംഘടിപ്പിച്ച നിരവധി പരിപാടികളിലൂടെ ഖത്തറിലെ വലിയ വാണിജ്യ ഇടങ്ങളുടെ പങ്ക് സാംസ്‌ക്കാരിക ഇടമായി കള്‍ച്ചര്‍ മാഗസിന്‍ പരിശോധിക്കുന്നു.
എന്‍ജിനിയര്‍ ഇബ്രാഹിം മുഹമ്മദ് അല്‍ ജൈദയിലൂടെ അല്‍ തുമാമ സ്റ്റേഡിയത്തിന്റെ രൂപകല്‍പ്പനകള്‍ കള്‍ച്ചര്‍ മാഗസിന്‍ അവലോകനം ചെയ്യുന്നു. ലോകമെമ്പാടുമുള്ള 65 രാജ്യങ്ങലെ പ്രതിനിധീകരിച്ച് മുന്നൂറിലധികം കലാകാരന്മാര്‍ പങ്കെടുത്ത ഖത്തര്‍ ഇന്റര്‍നാഷണല്‍ ആര്‍ട്സ് ഫെസ്റ്റിവല്‍ മൂന്നാം പതിപ്പിനെ കുറിച്ച് കള്‍ച്ചര്‍ മാഗസിന്‍ വിശദമാക്കുന്നു.
കള്‍ച്ചര്‍ മാസികയുടെ പുതിയ ലക്കത്തില്‍ എഡിറ്റര്‍ ഇന്‍ ചീഫ് പ്രൊഫ. ഖാലിദ് അബ്ദുല്‍ റഹീം അല്‍ സെയ്ദിന്റെ ഒരു ലേഖനം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

