

പറവൂര്‍: വീടിന്റെ മതില്‍ വാട്ടര്‍ ജറ്റ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് വീണ കൂട്ടുകാട് ഒളാട്ടുപുറത്ത് ലിതിന്റെ (23) ജീവന്‍ രക്ഷിച്ച ഇ ആര്‍ ഷൈജ ടീച്ചറിന് അഭിനന്ദന പ്രവാഹം. ഷോക്കേറ്റ ലിതിന്‍ പിന്നിലേക്ക് ബോധമറ്റ് മറിഞ്ഞ് വീഴുകയാണുണ്ടായത്.

അമ്മയുടെ കരച്ചിലും വീട്ടിലെ പട്ടികളുടെ കുരയും കേട്ട് സമീപവാസിയും ഹെല്‍പ്പ് ഫോര്‍ ഹെല്‍പ്പ്‌ലസ് കൂട്ടുകാട് യൂണിറ്റിന്റെ സെക്രട്ടറിയുമായ ഷൈജ ടീച്ചര്‍ ഓടിയെത്തി. അമ്മയും മറ്റുള്ളവരും ലിതിനെ താങ്ങിയിരുത്തി തടവി കൊണ്ടിരിക്കുന്നതിനിടയില്‍ ടീച്ചര്‍ ലിതിനെ നിവര്‍ത്തി കിടത്തുവാന്‍ ആവശ്യപ്പെടുകയും ഉടന്‍ തന്നെ സി പി ആര്‍ നല്‍കുവാന്‍ തുടങ്ങുകയും ചെയ്തു.

നാലഞ്ച് തവണ കംപ്രഷനും ബ്രീത്തിങ്ങും നല്‍കിയപ്പോഴേക്കും ലിതിന്‍ മെല്ലെ തല അനക്കുകയും പിന്നീട് കണ്ണു തുറക്കുകയും അങ്ങനെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തെ പറവൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലും അവിടെ നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. ടീച്ചറുടെ സമയോചിതമായ ഇടപെടല്‍ മൂലം ഒരു ജീവന്‍ രക്ഷിക്കാനായി.
ഹെല്‍പ്പ് ഫോര്‍ ഹെല്‍പ് ലസ് പ്രസിഡന്റ് ഡോ. മനു പി വിശ്വം, സെക്രട്ടറി ജോസഫ് പടയാട്ടി, ട്രഷറര്‍ കെ ജി അനില്‍കുമാര്‍, യൂണിറ്റ് ഭാരവാഹിയായ എം എം സനീഷ്, ക്യാപ്റ്റന്‍ എം കെ ശശി എന്നിവര്‍ ടീച്ചറിന്റെ വീട്ടിലെത്തി അഭിനന്ദിച്ചു.
പ്രഥമ ശുശ്രൂഷയുടെ ബോധവത്ക്കരണം സമൂഹത്തില്‍ ആവശ്യമാണെന്നതിന്റെ ഒരു നേരനുഭവമാണ് കൂട്ടുകാട് ഉണ്ടായതെന്ന് ഡോ. മനു പറഞ്ഞു.

