കെ പി ബ്രഹ്മാനന്ദന്‍ പുരസ്‌കാരം ഗായിക സുജാത മോഹന്

Web Desk
1 Min Read

കൊച്ചി: അനശ്വര ഗായകന്‍ കെ പി ബ്രഹ്മാനന്ദന്റ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ബ്രഹ്മാനന്ദന്‍ ചലച്ചിത്ര പുരസ്‌കാരം ഗായിക സുജാത മോഹന്. ഇന്ത്യന്‍ ചലച്ചിത്ര സംഗീതരംഗത്ത് സുജാത നല്‍കിയ സമഗ്ര സംഭാവനകളെ ആദരിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. അന്‍പതിനായിരം രൂപയുടെ പാരിതോഷികം, ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കൊച്ചി പാടിവട്ടം അസീസിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ സംവിധായകന്‍ കമല്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് പത്രസമ്മേളനത്തില്‍ അവാര്‍ഡ് കമ്മിറ്റി അംഗങ്ങളായ സംഗീതജ്ഞന്‍ രാകേഷ് ബ്രഹ്മാനന്ദന്‍, എന്‍ ബി സ്വരാജ്, നടി രഞ്ജിനി മേനോന്‍ എന്നിവര്‍ അറിയിച്ചു.

city exchange

ചടങ്ങില്‍ എഴുത്തുകാരന്‍ വി ആര്‍ സുധീഷ്, സംഗീതജ്ഞരായ ബിജിബാല്‍, വിജയ് യേശുദാസ്, ലുലു മീഡിയ ഹെഡ് എന്‍ ബി സ്വരാജ്, മറിയ ഉമ്മന്‍, ഗായിക രഞ്ജിനി ഹരിദാസ്, സിനിമാ താരങ്ങളായ രഞ്ജിനി മേനോന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ദിയ, കൈലാഷ് എന്നിവര്‍ പങ്കെടുക്കും.

കെ പി ബ്രഹ്മാനന്ദന്റെ 80-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഗീതസന്ധ്യയും അരങ്ങേറും. ബ്രഹ്മാനന്ദന്റെ ജീവിതകഥയും അനശ്വര ഗാനങ്ങളും കോര്‍ത്തിണക്കി സമഗ്ര സ്റ്റേജ് പരിപാടിയായ ‘നീലനിശീഥിനി- ദി ബ്രഹ്മാനന്ദന്‍ സ്‌റ്റോറി’ ആനിമേറ്റഡ് ദൃശ്യങ്ങളിലൂടെ ബ്രഹ്മാനന്ദന്റെ ജീവിതകഥ സ്റ്റേജിന്റെ പശ്ചാത്തല സ്‌ക്രീനില്‍ സജീവമാകുമ്പോള്‍ അദ്ദേഹത്തിന്റെ അനശ്വര ഗാനങ്ങള്‍ ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ അവതരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ മകനും ചലച്ചിത്ര പിന്നണി ഗായകനുമായ രാകേഷ് ബ്രഹ്മാനന്ദനാണ്.

ചലച്ചിത്ര പിന്നണി ഗായകരായ വിജയ് യേശുദാസ്, രഞ്ജിനി ജോസ്, സയനോര, അനൂപ് ശങ്കര്‍, ഇഷാന്‍ദേവ്, നിത്യ മാമന്‍, വൃന്ദ മേനോന്‍, ദിവ്യ എസ് മേനോന്‍, അല്‍ക്ക അസ്‌കര്‍, വിജേഷ് ഗോപാല്‍, മിഥുന്‍ ജയരാജ്, ഫര്‍ഹാന്‍ നവാസ്, ആന്‍ ബെന്‍സണ്‍, അജയ് ഗോപാല്‍ എന്നിവര്‍ സംഗീതവിരുന്നിന്റെ ഭാഗമാകുമെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത് പ്രോഗ്രാം ഡയറക്ടര്‍ വരുണ്‍ ചന്ദ്രന്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9895643301.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!