

കാലടി: സ്വന്തം സ്ഥലമുണ്ടായിട്ടും സാമ്പത്തിക പരാധീനതകള്‍ മൂലം സുരക്ഷിതമായ ഭവനമില്ലാതെ കഷ്ടപ്പെടുന്ന ആലുവ മണ്ഡലത്തിലെ വിധവകള്‍ക്കും കുട്ടികള്‍ക്കുമായി വീടുകള്‍ നിര്‍മ്മിച്ചു നല്കുവാന്‍ അന്‍വര്‍ സാദത്ത് എം എല്‍ എ നടപ്പിലാക്കിയ അമ്മക്കിളികൂട് പദ്ധതിയില്‍ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് സ്‌പോണ്‍സര്‍ ചെയ്ത് രണ്ടുപെണ്‍കുട്ടികളുടെ മാതാവായ മേരി ടോമിക്കായി നിര്‍മ്മാണം പൂര്‍ത്തിയായ 55-ാമത് വീടിന്റെ താക്കോല്‍ കൈമാറ്റം കാഞ്ഞൂര്‍ ആറങ്കാവ്വ് മഠത്തില്‍കടവില്‍ പ്രസിദ്ധ സിനിമാതാരം സൗബിന്‍ ഷാഹിര്‍ നിര്‍വ്വഹിച്ചു. അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ മുഖ്യാതിഥികളായി സ്‌പോണ്‍സര്‍ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് പി യു രാധകൃഷ്ണന്‍, ചെങ്ങല്‍ സെന്റ് ജോസഫ്സ് കോണ്‍വെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ നൈബി എന്നിവര്‍ പങ്കെടുത്തു.

സ്വന്തമായി വീടും സ്ഥലവുമില്ലാതിരുന്ന മേരി ടോമിയുടെ കഷ്ടപ്പാടുകള്‍ അറിഞ്ഞ മുന്‍ പ്രസിഡന്റ് ഗ്രേസി ദയാനന്ദന്റെ ശ്രമഫലമായി കാഞ്ഞൂരിലെ സി എം സി കോണ്‍വെന്റിലെ സിസ്റ്റര്‍മാര്‍ മൂന്നു സെന്റ് സ്ഥലം സൗജന്യമായി രജിസ്റ്റര്‍ ചെയ്തു നല്‍കിയ സ്ഥലത്താണ് തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ് സ്‌പോണ്‍സര്‍ ചെയ്ത വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറിയത്.
സി എം സി കോണ്‍വെന്റിലെ സിസ്റ്റര്‍മാര്‍ നല്‍കിയ സ്ഥലത്ത് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് സ്‌പോണ്‍സര്‍ ചെയ്തു അന്‍വര്‍ സാദത്ത് എം എല്‍ എയുടെ നേത്യത്വത്തില്‍ വീട് നിര്‍മ്മിച്ചു നല്‍കിയ ഈ സംരഭം മത സൗഹാര്‍ദ്ദത്തിന്റെ ഏറ്റവും ഉദാത്തമായ മാതൃകയാണെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു
ജാതി, മത രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം അന്‍വര്‍ സാദത്ത് എം എല്‍ എ നടപ്പിലാക്കുന്ന അമ്മക്കിളികൂട് പദ്ധതി വലിയ കാരുണ്യ പ്രവര്‍ത്തനമാണെന്ന് താക്കോല്‍ കൈമാറികൊണ്ട് നടത്തിയ പ്രസംഗത്തില്‍ സൗബിന്‍ ഷാഹിര്‍ പറഞ്ഞു.
510 ചതുരശ്ര അടിയില്‍ രണ്ടു ബെഡ് റൂം, ഹാള്‍, കിച്ചണ്‍ സീറ്റൗട്ട്, ബാത്ത് റൂം, സ്റ്റെയര്‍ കേസ് ഉള്‍പ്പെടെ ഏഴ് ലക്ഷം രൂപ ചിലവിലാണ് വീടിന്റെ നിര്‍മ്മാണം നടത്തിയത്. ഇനിയും പരിഗണിക്കുവാന്‍ അപേക്ഷകളുണ്ടെന്നും സ്‌പോണ്‍സര്‍മാരെ കണ്ടെത്തി വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുകയുമാണെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിയ രഘു സ്വാഗതം പറയുകയും വൈസ് പ്രസിഡന്റ് സരിതാ ബാബു, ജില്ലാ പഞ്ചായത്ത് അംഗം എം ജെ ജോമി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ വി അഭിജിത്ത്, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ എന്‍ കൃഷ്ണകുമാര്‍, ഗ്രേസി ദയനാനന്ദന്‍, വിജി ബിജൂ, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി പോളച്ചന്‍, അംഗം എം വി സത്യന്‍, കിഴക്കുംഭാഗം സഹകരണ ബാങ്ക് പ്രസിഡന്റ് ടി ഐ ശശി, കിഴക്കുംഭാഗം ഉണ്ണിമിശിഹാ പള്ളി വികാരി ഫാ. സുബാഷ് മാളിയേക്കല്‍, അമ്മക്കിളിക്കൂട് ട്രസ്റ്റ് അംഗം അഡ്വ. രമാ മേനോന്‍, തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എ എന്‍ മോഹനന്‍ എന്നിവര്‍ ആശംസകള്‍ പറയുകയും സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പെഴ്‌സണും വാര്‍ഡ് അംഗവുമായ സിമി ടിജോ നന്ദി പറയുകയും ചെയ്തു.
അമ്മക്കിളികൂട് പദ്ധതിയിലെ മേരി ടോമിക്കും മക്കള്‍ക്കും നല്‍കിയ 55-ാമത് വീടിന്റെ വീട്ടാവശ്യത്തിനുള്ള ഡൈനിങ്ങ് ടേബിള്‍, കസേര, ഫാനുകള്‍, ലൈറ്റുകളും കാഞ്ഞൂര്‍ യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അബിന്‍ ഡേവിസിന്റെ നേതൃത്വത്തിലുള്ള കാഞ്ഞൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയാണ് വാങ്ങി നല്കിയത്. വീട്ടുകാര്‍ക്കാവശ്യമായ ഫ്രിഡ്ജ് സിനിമാതാരം സൗബിന്‍ ഷാഹിര്‍ സ്‌പോണ്‍സര്‍ ചെയ്യാമെന്നും പറഞ്ഞു.

