സുഗന്ധവ്യഞ്ജന കര്‍ഷകരെ ദേശവ്യാപക വിപണനത്തിന് സഹായിക്കാന്‍ ഫ്ളിപ്കാര്‍ട്ടുമായി കൈകോര്‍ത്ത് സ്പൈസസ് ബോര്‍ഡ്

Web Desk
2 Min Read

കൊച്ചി: സുഗന്ധവ്യഞ്ജന കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി നേടാനും സുഗന്ധവ്യഞ്ജനമേഖലയിലെ ചെറുകിട സ്ഥാപനങ്ങളെ സഹായിക്കാനും ലക്ഷ്യമിട്ട് സ്പൈസസ് ബോര്‍ഡിനു കീഴിലുള്ള ഫ്ളേവറിറ്റ് സ്പൈസസ് ട്രേഡിംഗ് ലിമിറ്റഡും തദ്ദേശീയമായി വളര്‍ന്നു വന്ന ഇ-കോമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാര്‍ട്ടും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

city exchange

രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന ഉല്‍പ്പന്നമേഖലകളിലുള്ള എം എസ് എം ഇകള്‍ (ഇടത്തരം, ചെറുകിട, സൂക്ഷ്മ സംരംഭങ്ങള്‍), കൈത്തൊഴിലുകാര്‍, സംരഭകര്‍, ഗ്രാമീണ വില്‍പ്പനക്കാര്‍, കര്‍ഷക സംഘങ്ങള്‍ എന്നിവയെ ശാക്തീകരിക്കുന്നതിന് നടപ്പാക്കുന്ന ഫ്ളിപ്പ്കാര്‍ട്ട് സമര്‍ത്ഥ് പദ്ധതിയുടെ കീഴിലാണ് ഫ്ളിപ്കാര്‍ട്ട് ഈ ധാരണാപത്രം ഒപ്പിട്ടിരിക്കുന്നത്.

ഫ്ളേവറിറ്റിലൂടെ കര്‍ഷകര്‍ക്ക് രാജ്യത്തിനകത്തും പുറുത്തുമുള്ള കൂടുതല്‍ വിപണികളിലെത്താന്‍ സഹായിക്കാനാണ് സ്പൈസസ് ബോര്‍ഡ് ശ്രമിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച സ്പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി സത്യന്‍ പറഞ്ഞു. ഫ്ളേവറിറ്റ് ബ്രാന്‍ഡില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കര്‍ഷകര്‍ക്കും നവസംരംഭകര്‍ക്കും കൂടുതല്‍ വിപണികളിലെത്താന്‍ ഫ്ളിപ്കര്‍ട്ട് സമര്‍ത്ഥുമായുള്ള സഹകരണം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

സ്പൈസസ് ബോര്‍ഡിന്റെ ഫ്ളേവറിറ്റുമായി ഫ്ളിപ്കാര്‍ട്ട് സമര്‍ത്ഥിന് സഹകരിക്കാനായതില്‍ അഭിമാനമുണ്ടെന്ന് ഫ്ളിപ്കാര്‍ട്ട ഗ്രൂപ്പ് ചീഫ് കോര്‍പ്പറേറ്റ് അഫയേഴ്സ് ഓഫീസര്‍ രജനീഷ് കുമാര്‍ പറഞ്ഞു. സുഗന്ധവ്യഞ്ജന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും രാജ്യവ്യാപകമായ വിപണന പിന്തുണ ലഭ്യമാക്കാന്‍ ഈ സഹകരണം വഴിതുറക്കും. തദ്ദേശീയമായി വളര്‍ന്നു വന്ന ഒരു കമ്പനി എന്ന നിലയില്‍ ഇ-കോമേഴ്സിന്റെ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തി പ്രാദേശിക കര്‍ഷകരുടെ വളര്‍ച്ചാ സാധ്യതകള്‍ സാക്ഷാത്കരിക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

പുരോഗമനം ലക്ഷ്യമിടുന്ന കര്‍ഷകരേയും ചെറുകിട സ്ഥാപനങ്ങളേയും സംഘടനകളേയും ഒരുമിച്ച് കൊണ്ടുവരുന്ന നൂതന സംരംഭമാണ് സ്പൈസസ് ബോര്‍ഡ് തുടക്കമിട്ട ഫ്ളേവറിറ്റ് സ്പൈസസ് ട്രേഡിംഗ്. ഇന്ത്യയുടെ സുഗന്ധവ്യഞ്ജനങ്ങളുടെ സുസ്ഥിര വളര്‍ച്ചയും കര്‍ഷകരുടെ ഉന്നമനവുമാണ് ഫ്ളേവറിറ്റിന്റെ ലക്ഷ്യം.

കൊച്ചിയിലെ സ്പൈസസ് ബോര്‍ഡ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ സ്പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി സത്യന്‍, ഡയറക്ടര്‍ റിസര്‍ച്ച് ഡോ. എ ബി രമാ ശ്രീ, ഡയറക്ടര്‍ മാര്‍ക്കറ്റിംഗ് ബി എന്‍ ഝാ, ഡയറക്ടര്‍ ഡെവലപ്മെന്റ് ബി വെങ്കിടേശന്‍, ഡയറക്ടര്‍ അഡ്മിനിസ്ട്രേഷന്‍ ജിജേഷ് ടി ദാസ്, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ നിതിന്‍ ജോ, ബീനീഷ്മോന്‍ എ പി, ഫ്ളിപ്കാര്‍ട്ട് ഗ്രൂപ്പ് കോര്‍പ്പറേറ്റ് അഫയേഴ്സ് ഡയറക്ടര്‍ നീല്‍ ക്രിസ്റ്റഫര്‍ കാസ്റ്റെലിനോ, ഫ്ളിപ്കാര്‍ട്ട് ഗ്രൂപ്പ് കോര്‍പ്പറേറ്റ് അഫയേഴ്സ്, ഗവ. റിലേഷന്‍സ് കേരള മാനേജര്‍ ഡോ. ദീപു തോമസ് ജോയ് എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!