

പണ്ഡിതന്മാരുടെ നാടാണ് കേരളം. പ്രശസ്തമായ മഖ്ദൂമിയന്‍ മസ്ലകില്‍ കേരളീയ മോഡല്‍ ദര്‍സ് സിലബസ് ഇന്നും നിത്യനൂതനമായി പ്രശോഭിച്ചു നില്‍ക്കുന്നു.

‘കിത്താബോത്ത്’ എന്ന വാക്ക് സൃഷ്ടിക്കുന്ന ഒരു സാംസ്‌കാരിക വെളിച്ചമുണ്ട്. പ്രശസ്തമായ കിതാബുകള്‍ പരമ്പരാഗതമായ ശൈലിയില്‍ ആവര്‍ത്തിച്ച് ഉറക്കെ വായിച്ചു പഠിക്കുന്ന രീതിയാണത്. മതപഠനം നടത്തുന്ന വിദ്യാര്‍ഥികളും ഉസ്താദുമാരും മനസ്സില്‍ ആഗ്രഹിക്കുന്ന പല പരിഷ്‌കാരങ്ങളും പ്രയോഗത്തില്‍ കൊണ്ടുവന്ന പണ്ഡിതനാണ് കാസര്‍ഗോഡ് ജില്ലയില്‍ ജനിച്ചു കുമ്പളക്കടുത്തു മൊഗുള്‍ മഹല്ലിലും ആദൂര്‍ ദര്‍സിലും യൂസഫ് ഹാജി കാസര്‍ഗോഡിനടുക്കല്‍ പഠിച്ചു ഇപ്പോള്‍ മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ പുതുപ്പറമ്പില്‍ താമസിക്കുന്ന മുഹമ്മദ് സാലിം ബുര്‍ഹാനി.

തൊണ്ണൂറു ശതമാനം പള്ളി ദര്‍സുകളിലും അറബി കോളേജുകളിലും പഠിക്കുന്നതും പഠിപ്പിക്കുന്നതും അദ്ദേഹം പരിഷ്‌കരിച്ചിറക്കിയ കിതാബുകളാണ്. അന്‍പതിലധികം അത്തരം രചനകള്‍ക്ക് പുറമെ നാല്പതോളം സ്വതന്ത്ര കൃതികളും അദ്ദേഹത്തിന്റേതായുണ്ട്. അവയിലാദെത്തേത് അറുനൂറിനു മുകളില്‍ പേജുകളുള്ള, കുവൈത്ത് ഔഖാഫ് മന്ത്രിയായിരുന്ന ഹാഷിം രിഫാഈ അവതാരിക എഴുതിയ ‘അല്‍ ബുര്‍ഹാന്‍’ എന്ന ഗ്രന്ഥമാണ്. കേരളത്തിലും പുറത്തു അറബികള്‍ക്കിടയിലും ഈ ഗ്രന്ഥം ഏറെ പ്രശസ്തമാണ്. അങ്ങനെ മുഹമ്മദ് സാലിം എന്ന കേരളീയ പണ്ഡിതന്‍ ‘ബുര്‍ഹാനി’ എന്ന പേരില്‍ അറബ് ലോകത്തും വിശ്രുതനായി.
ഇസ്‌ലാമിലെ ഹുക്മുകളെ ബുദ്ധിപരമായി സമര്‍ഥിക്കുന്ന ‘അല്‍ ബുര്‍ഹാന്‍’ മുത്വാലഅ ചെയ്യുന്നത് വിദ്യാര്‍ഥികള്‍ക്ക് അറിവില്‍ ഉള്‍ക്കാഴ്ച ലഭിക്കാന്‍ ഏറെ ഉപകാരപ്രദമാണെന്നു പല പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ബുര്‍ഹാനിയുടെ മറ്റൊരു പ്രശസ്ത രചനയാണ് ‘ദലീലുസ്സാലിക്’. ആത്മീയതയുടെ നിര്‍വചനവും നിര്‍വഹണവും വഴിതെറ്റിയ ഈ കാലത്ത് ഏറെ പ്രസക്തമാണ് ഈ ഗ്രന്ഥം.
ഇസ്‌ലാമിക പ്രബോധന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണല്ലോ പ്രഭാഷണങ്ങള്‍. സമകാലിക പ്രസംഗകര്‍ക്കു ആവശ്യമായ വിഭവങ്ങളുമായി ഇറങ്ങിയ ‘അല്‍ മവാഇ ളുല്‍ അസ്രിയ’ മഹല്ലുകളിലും മറ്റും സേവനമനുഷ്ഠിക്കുന്ന ഉസ്താദുമാര്‍ക്കും മറ്റും ഏറെ ഉപകാരപ്രദമാണ്. പരിശുദ്ധ മദീനയിലെ ചരിത്ര പ്രസിദ്ധ സ്ഥലങ്ങളെ ഇന്ന് അടയാളപ്പെടുത്തുകയും സന്ദര്‍ശകര്‍ക്കായി തുറന്നു വെക്കുകയും ചെയ്തിട്ടുണ്ടല്ലോ. ആധികാരികമായ അറിവുകളോടെയുള്ള ആശിഖീങ്ങളുടെ മദീന യാത്രകളുടെ ആത്മീയാനുഭൂതി അവാച്യമായിരിക്കും. ഹജ്ജ് ഉംറ അമീറുമാര്‍ക്കും മുഹിബ്ബീങ്ങള്‍ക്കും ഫലപ്രദമായ രചനയാണ് അശ്‌വാക് വ ഹനീന്‍ ഇല മദീനത്തിറസൂല്‍ (സ്വ).
ഖളിര്‍ നബി (അ)യെക്കുറിച്ചുള്ള പഠന ഗ്രന്ഥമായ അല്‍ ഖൗലുല്‍ അസ്ഹര്‍ വ്യാജ ആത്മീയ വാദികളുടെ അതിശയോക്തികളെയും വരണ്ടുണങ്ങിയ പരിഷ്‌കരണ വാദികളുടെ സത്യ നിഷേധങ്ങളെയും ഒരു പോലെ പ്രതിരോധിക്കുന്ന രചനയാണ്.
ചരിത്ര കഥകള്‍ ആധികാരികതയോടെ അവതരിപ്പിക്കുന്ന റൗള് റയാഹീന്‍, തര്‍ക്ക വിഷയങ്ങളിലെ വിശ്വാസധാര സമര്‍ഥിക്കുന്ന രചനകള്‍ എന്നിവക്ക് പുറമെ ചരിത്രപരമായ ഒരു ഉദ്യമം പൂര്‍ത്തിയാക്കിയ ചാരിതാര്‍ഥ്യത്തിലാണ് മുഹമ്മദ് സാലിം ബുര്‍ഹാനി. നമുക്ക് ഏറെ സുപരിചിതമായ, എല്ലാ മുസ്‌ലിം മത വിദ്യാര്‍ഥികളും ഹദീസ് വിജ്ഞാന സമ്പാദനത്തില്‍ പ്രാഥമികമായി സമീപിക്കുന്ന പ്രശസ്തമായ ഗ്രന്ഥമാണല്ലോ ‘മിശ്കാത്തുല്‍ മസാബീഹ്’. പണ്ഡിത ലോകം നിരവധി വ്യാഖ്യാനങ്ങളും സംഗ്രഹങ്ങളും രചിച്ചു സ്വീകരിച്ച ഇമാം ബഗ്വി (റ) വിന്റെ ‘മാസബീഹ്സ്സുന്ന’ എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി ഇമാം തബ്രീസി (റ) രചിച്ചതാണ് മിശ്കാത്തുല്‍ മസാബീഹ്. മിശ്കാത്തിനും ധാരാളം ഹാശിയകളും ശറഹുകളും ഒക്കെ ഇറങ്ങിയിട്ടുണ്ടെങ്കിലും ശാഫിഈ പണ്ഡിതനായ ഇമാം ഇബ്‌നു ഹജറുല്‍ ഹൈതമി രചിച്ച ‘ഫത്ഹുല്‍ ഇലാഹ്’ നമുക്ക് ഏറെ പ്രാധാന്യമുള്ളതാണ്.
ഫത്ഹുല്‍ ഇലാഹ് പോലെ ലോക പ്രശസ്തരായ നിരവധി പണ്ഡിതന്മാരുടെ പല രചനകളും കയ്യെഴുത്തു പ്രതികളായി ഇന്നും വിവിധ ലൈബ്രറികളില്‍ അവശേഷിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. ഇമാം ഇബ്‌നു ഹജറുല്‍ ഹൈതമി വഫാത്തായി ഏകദേശം നാനൂറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈജിപ്തിലെ ഒരു പ്രസാധകര്‍ ഫത്ഹുല്‍ ഇലാഹ് പുറത്തിറക്കുന്നത്. ഖേദകരമെന്ന് പറയട്ടെ അറബ് ലോകത്ത് ഇന്ന് കാണുന്ന പ്രസ്തുത കോപ്പി പൊറുക്കാനാവാത്ത നിരവധി തെറ്റുകള്‍ നിറഞ്ഞതാണ്. മാത്രമല്ല ഇബ്‌നു ഹജര്‍ തങ്ങള്‍ ഒഴിവാക്കിയതും അവിടുത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതുമായ ഹദീസുകള്‍ മുഴുവനാക്കിയത് അഹ്ലുസ്സുന്നയുടേതല്ലാത്ത ആശയങ്ങളെ കടത്തിക്കൂട്ടിയുമാണ്. ആ സ്ഖലിതങ്ങള്‍ കൃത്യമായി കണ്ടെത്തി അവിടെ പ്രബലരായ മറ്റു ശാഫിഈ ഇമാമീങ്ങളുടെ വ്യാഖ്യാനങ്ങള്‍ ചേര്‍ത്ത്, തെറ്റുകള്‍ തിരുത്തി, കര്‍മ്മ ശാസ്ത്ര വിശദീകരണങ്ങളില്‍ നാലു മദ്ഹബും വിവരിച്ചു ശാഫിഈ മദ്ഹബിനെ പ്രബലപ്പെടുത്തി മുഹമ്മദ് സാലിം ബുര്‍ഹാനി തയ്യാറാക്കിയ ഫത്ഹുല്‍ ഇലാഹ് എട്ട് വോള്യങ്ങള്‍ പുറത്തിറങ്ങിക്കഴിഞ്ഞു. ബാക്കിയുള്ള നാല് വോള്യങ്ങളില്‍ രണ്ടു വോള്യങ്ങള്‍ പ്രിന്റിങ് നടന്നു കൊണ്ടിരിക്കുന്നു. രണ്ടെണ്ണം കൂടി ഇറങ്ങാനുണ്ട്.
രചന പൂര്‍ത്തിയായിക്കഴിഞ്ഞ ഫത്ഹുല്‍ ഇലാഹ് ഇന്ത്യയിലാദ്യമായി ഇറക്കിയിരിക്കുന്നത് സാലിം ബുര്‍ഹാനിയാണ്. ഹനഫീ ശറഹുകളില്‍ ഷാഫിഈ ഖണ്ഡനവും ആക്ഷേപവും ഉണ്ടെന്നിരിക്കെ ഏതൊരു ഹദീസ് വിദ്യാര്‍ഥിക്കും പ്രത്യേകിച്ച് ഷാഫിഈ പഠിതാവിനും ഒഴിച്ച് കൂടാനാവാത്തതാണ് ഫത്ഹുല്‍ ഇലാഹ്. ഇമാം ഇബ്‌നു ഹജറുല്‍ ഹൈതമി മറ്റെവിടെയും പറയാത്ത പല തത്വങ്ങളും ഫത്ഹുല്‍ ഇലാഹില്‍ പറയുന്നുണ്ട്. മറ്റു പല കിതാബുകളിലും ഫത്ഹുല്‍ ഇലാഹില്‍ പറഞ്ഞത് പോലെ എന്നു കാണാറുണ്ടെങ്കിലും ഫത്ഹുല്‍ ഇലാഹ് ആര്‍ക്കും കിട്ടാറില്ലായിരുന്നു. ഇബ്‌നു ഹജര്‍ തങ്ങളുടെ അവതരണത്തെ അടിക്കുറിപ്പുകള്‍ നല്‍കി ലളിതമാക്കിയാണ് ബുര്‍ഹാനി ഇറക്കിയിരിക്കുന്നത്. പ്രഭാഷകരും എഴുത്തുകാരും അധ്യാപകരും വിദ്യാര്‍ഥികളുമായ എല്ലാ പണ്ഡിതരിലേക്കും ഫത്ഹുല്‍ ഇലാഹ് എത്തിച്ചേരേണ്ടതുണ്ട്.
ഗള്‍ഫ് കിതാബുകളുടെ നിലവാരമുള്ള ചട്ടയും കെട്ടും മട്ടവുമായതിനാല്‍ പന്ത്രണ്ടായിരം രൂപയാണ് മുഖവില കണക്കാക്കിയിരിക്കുന്നത്. മരണപ്പെട്ടവരുടെ പേരില്‍ കിതാബ് വഖ്ഫ് ചെയ്യുന്നത് കാലാകാലം അവര്‍ക്കു ഖബറിലേക്കു ഒരു സമ്പാദ്യമായിരിക്കുമെന്നതിനാല്‍ കഴിയുന്ന വിശ്വാസികള്‍ സാധ്യമായ രീതിയില്‍ ഫത്ഹുല്‍ ഇലാഹിന്റെ പ്രചാരണത്തിന് രംഗത്തു വരണം. രണ്ടോ മൂന്നോ ആളുകള്‍ ചേര്‍ന്നും സംഘടനകളും സ്ഥാപനങ്ങളും മഹല്ല് കമ്മിറ്റികളും കൂട്ടമായോ ഫത്ഹുല്‍ ഇലാഹ് എല്ലായിടത്തും ലഭ്യമാക്കണം. ആറ് വര്‍ഷക്കാലം കഠിനാധ്വാനം ചെയ്തു അരക്കോടിയോളം രൂപ ചിലവഴിച്ചു ഇറക്കിയ ഫത്ഹുല്‍ ഇലാഹ് പൂര്‍ ത്തീകരിക്കുന്നതിനു മുന്നേ ബുര്‍ഹാനി രോഗ ബാധിതനാവുകയും ഒരു കിഡ്നി എടുത്തു മാറ്റുകയും ചെയ്തു.
ഫത്ഹുല്‍ ഇലാഹുമായി ബന്ധപ്പെട്ടു ഭാരിച്ച കട ബാധ്യതയുള്ള ബുര്‍ഹാനിയെ രക്ഷപ്പെടുത്താന്‍ നമുക്ക് സാധ്യമായതൊക്കെ ചെയ്യാനാവണം. ഇല്‍മുല്‍ ഹദീസിനു ഖിദ്മത് ചെയ്ത ഒരു പണ്ഡിതനെ തദ്വിഷയകമായുള്ള പ്രയാസത്തില്‍ നിന്ന് കരകയറാന്‍ സഹായിക്കുക എന്നത് ഏറെ പുണ്യകരമാണ്. ‘ഒരു സത്യവിശ്വാസിയുടെ വിഷമം തീര്‍ത്തു സന്തോഷം പകരനായാല്‍ അള്ളാഹു ആഖിറത്തില്‍ നമ്മുടെ വിഷമങ്ങള്‍ തീര്‍ത്തു തരുമെന്ന’ ഹദീസ് പ്രസിദ്ധമാണല്ലോ. ഒരു മനുഷ്യന്റെ വിഷമം തീര്‍ക്കാന്‍ ഇറങ്ങി നടക്കുന്നത് മദീനത്തെ പള്ളിയിലെ ഇഇതികാഫിനേക്കാള്‍ പ്രതിഫലാര്‍ഹമാണ്. ഹജ്ജിന് വേണ്ടി സ്വരൂപിച്ച പണം പട്ടിണി കിടക്കുന്ന ഒരു കുടുംബത്തിന് സ്വദഖ കൊടുത്തതു കാരണമാണ് ആ വര്‍ഷം ഹജ്ജ് ചെയ്ത ആറ് ലക്ഷം ആളുകളുടെ ഹജ്ജ് സ്വീകരിച്ചതെന്ന് മലക്കുകളുടെ സംസാരം സ്വപ്‌നത്തില്‍ കേട്ട ഇമാമിന്റെ സംഭവവും പ്രശസ്തമാണ്. ചുരുക്കത്തില്‍ പ്രായാധിക്യവും എട്ടോളം രോഗങ്ങളുള്ള നൂറോളം കിതാബുകള്‍ രചിച്ച ഒരു പണ്ഡിതനെ, പ്രത്യേകിച്ചും കടത്തോടെ മരിക്കേണ്ടി വരുമോ എന്ന ഭയപ്പെടുന്ന അവസ്ഥയില്‍ സമാധാനം നല്‍കേണ്ടത് നമ്മുടെ ബാധ്യതയാണ്.
അഞ്ഞൂറ് ഖത്തര്‍ റിയാല്‍ നല്‍കിയാല്‍ ഫത്ഹുല്‍ ഇലാഹ് നിങ്ങള്‍ പറയുന്ന വിലാസത്തില്‍ എത്തിച്ചു കൊടുക്കുന്നതാണ്. ആവശ്യമുള്ളവര്‍ക്കു മറ്റു കിതാബുകളുടെ കാറ്റലോഗും കടത്തിലേക്കു സഹായിക്കുന്നതിനാവശ്യമായ പേഴ്‌സണല്‍ അക്കൗണ്ടും ഫോണ്‍ നമ്പറും കൈമാറുന്നതാണ്. ബന്ധപ്പെടേണ്ട ഖത്തര്‍ നമ്പര്‍: 00974 66223238 (സലിം അംജദി).

