Special
ഇശല്‍ കുളിര്‍മഴ പെയ്യിച്ച ഖാലിദ് വടകരയ്ക്ക് വിട

ഖത്തറിലെ സൂഖ് വാഖിഫില്‍ നിന്ന് ജോലി കഴിഞ്ഞെത്തി ഞങ്ങളെ മാപ്പിളപ്പാട്ട് ഇശലുകളുടെ കുളിര്‍ മഴയില്‍ നനയിച്ച ഖാലിദ് വടകര ഇനി ഓര്‍മ മാത്രം. ഇമ്പമാര്‍ന്ന പാട്ടിലൂടെയും ശബ്ദമാധുരിയിലൂടെയും ഖത്തറിലെ ജനങ്ങള്‍ക്ക് ഏറെക്കാലം ആനന്ദം പകര്‍ന്ന കലാകാരനായിരുന്നു ഖാലിദ്. എന്റെ പ്രിയ സുഹൃത്ത്.


ഖത്തറില്‍ പാട്ടുകാര്‍ക്ക് ക്ഷാമമുണ്ടായിരുന്ന എണ്‍പതുകളില്‍ ഞങ്ങളൊരുക്കിയിരുന്ന കലാ നിശകളില്‍ നിറസാന്നിധ്യമായിരുന്നു ഖാലിദ് വടകര.

പതിറ്റാണ്ടുകള്‍ക്കു മുമ്പെ ഖത്തറിലെത്തിയ ഖാലിദ് നിരവധി സംഗീത ആല്‍ബങ്ങള്‍ക്ക് ശബ്ദമാധുരി പകര്‍ന്നിട്ടുണ്ട്. ശബ്ദ സൗകുമാര്യം കൊണ്ടനുഗഹീതനായ ഗായകനായിരുന്നു അദ്ദേഹം.


സംഗീത കലയുടെ ഈറ്റില്ലമായ വടകരയുടെ സംഭാവനയാണ് ഖാലിദ്. പി ടി അബ്ദുഹിമാനെപ്പോലുള്ള രചയിതാക്കളുടെ വരികളെ ഇമ്പമാര്‍ന്ന ഇശലുകളിലൂടെ ആലപിച്ച് സദസ്സുകളെ രോമാഞ്ച ഭരിതനാക്കിയ കലാകാരന്‍. ഖത്തറില്‍ വ്യാഴാഴ്ച രാത്രികളിലെ മെഹ്ഫിലുകളില്‍ സജീവ സാന്നിധ്യം. ഖാലിദിന്റെ ശബ്ദത്തിന് കാതോര്‍ത്തിരുന്ന ആ പഴയ നാളുകള്‍ ഓര്‍മ്മയില്‍ തെളിഞ്ഞു വരികയാണ്.
സൂഖ് വാഖിഫിലെ ഷോപ്പിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തി തളര്‍ന്നവശനായി സംഗീത സദസ്സുകളിലെത്തിയ ഖാലിദിനെക്കുറിച്ചോര്‍ത്ത് പലപ്പോഴും സങ്കടപ്പെട്ടിരുന്നു. വിനയം എപ്പോഴും മുഖത്ത് കളിയാടിയിരുന്ന മന്ദസ്മിതക്കാരന്‍ ഖാലിദിനെ ഇഷ്ട സുഹൃത്താക്കിയത് എന്റെ ഭാഗ്യം. പ്രവാസിയായി അവസാനകാലം വരെ ഖാലിദിന് ജീവനക്കാരനായി. അല്ലാഹു പരലോകജീവിതം സുഖപ്രദമാക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.


