Connect with us

Special

പത്മശ്രീ അഡ്വ. സി കെ മേനോന്റെ വേര്‍പാടിന് അഞ്ചാണ്ട്

Published

on


ഇന്ന് 2024 ഒക്ടോബര്‍ 1- പത്മശ്രീ അഡ്വ. സി കെ മേനോന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് അഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്നു. പ്രവാസ ലോകത്തും സ്വദേശത്തും നിറഞ്ഞു നിന്ന വ്യക്തിത്വം.
അശരണര്‍ക്കും അഗതികള്‍ക്കും എന്നും അത്താണിയായിരുന്ന മനുഷ്യസ്‌നേഹി.

പണ്ഡിതനെന്നോ പാമരനെന്നോ കുചേലനെന്നോ കുബേരനെന്നൊ നോക്കാതെ ഏവരേയും ഒരേപോലെ ആശ്ലേഷിച്ചാശ്വാസിപ്പിച്ച് സ്വീകരിക്കുന്ന നന്മമരമായിരുന്നു യശ്ശ:ശരീരനായ പത്മശ്രീ സി കെ മേനോന്‍.

ആവശ്യങ്ങള്‍ക്കും സഹായങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കുമായി തന്റെയടുക്കല്‍ വരുന്നവരെ നിറഞ്ഞമനസ്സോടെ സന്തോഷത്തോടെ ചേര്‍ത്തു പിടിക്കുന്ന മേനോന്‍ സാറെന്ന് എല്ലാവരും അഭിസംബോധന ചെയ്യുന്ന പത്മശ്രീ അഡ്വ. സി കെ മേനോന്‍ അഗതികളും സാധാരണക്കാരുമായ ആയിരങ്ങള്‍ക്ക് തന്റെ തണലില്‍ ജീവിതം തിരിച്ചുപിടിക്കുവാന്‍ കാരുണ്യത്തിന്റെ കരങ്ങള്‍ നീട്ടിയ മഹാനുഭാവനായിരുന്നു.

കയറിക്കിടക്കാന്‍ വീടില്ലാത്ത അനേകര്‍ക്ക് ആശ്വാസമായി അനേക ഭവനങ്ങളും ഗുരുതരമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന അനേകര്‍ക്ക് ഉന്നത ചികിത്സാ സൗകര്യങ്ങളും വിവാഹത്തിനും വിദ്യാഭ്യാസാവശ്യങ്ങള്‍ക്കും വേണ്ടി നിര്‍ധനര്‍ക്കും നിരാലംബര്‍ക്കും നിര്‍ലോഭം സഹായങ്ങള്‍ നല്കിയ മേനോന്‍ സാര്‍ അനേകം ജനങ്ങളുടെ മനസ്സില്‍ ഇന്നും അണയാതെ ദീപ്തമായി ജ്വലിച്ചു നില്‍ക്കുന്ന പ്രകാശ ജ്യോതിസ്സാണ്.

ഇറാഖിലെ യുദ്ധത്തില്‍ മരണത്തെ മുഖാമുഖം കണ്ട രക്ഷിക്കാനാരുമില്ലാതെ കുടുങ്ങിയ ഇന്ത്യക്കാരായ നഴസുമാരെ തന്റെ സ്വാധീനം ഉപയോഗപ്പെടുത്തിയും സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലാളികളായ പാവപ്പെട്ട പ്രവാസി സഹോദരങ്ങളെ വന്‍ തുക ബ്ലഡ് മണി കൊടുത്തും രക്ഷിച്ച് ജീവിതത്തിലേക്ക് തിരുച്ചുകൊണ്ടുവന്നത് തന്റെ ജീവിതത്തില്‍ ഏറെ സംതൃപ്തിയും സന്തോഷവും നല്‍കിയ അനേകം സത്പ്രവര്‍ത്തികളില്‍ പ്രധാനപ്പെട്ടതായിരുന്നുവെന്ന് മേനോന്‍ സാര്‍ സ്വകാര്യ സംഭാഷണത്തില്‍ പറയുമായിരുന്നു.

തികഞ്ഞ മതേതര, ജനാധിപത്യ സോഷിലിസ്റ്റ് വിശ്വാസിയായ പത്മശ്രീ സി കെ മേനോന്‍ ഇസ്ലാം മത വിശ്വാസികള്‍ക്കായി കണ്ണൂര്‍ ജില്ലയിലെ മൊകേരിയില്‍ പണികഴിപ്പിച്ചു കൊടുത്ത ആരാധനാലയത്തെ ‘മേനോന്‍ പള്ളി’യെന്ന് പേരിട്ട് നാട്ടുകാര്‍ വിളിക്കുന്നത് അദ്ദേഹത്തിന്റെ മതേതര മൂല്യങ്ങളുടേയും മനുഷ്യസ്‌നേഹത്തിന്റേയും പ്രകടമായ ദൃഷ്ടാന്തങ്ങളില്‍ ചില ഉദാഹരങ്ങള്‍ മാത്രമായി സമൂഹത്തിന് മുന്നില്‍ എന്നും നിലനില്‍ക്കുന്നു.

തന്റെ സമ്പത്തിന്റേയും പ്രശസ്തിയുടേയും പങ്ക് അശരണര്‍ക്കും അഗതികള്‍ക്കും കൂടി അവകാശപ്പെട്ടതാണെന്ന് വിശ്വസിച്ച് ജീവിച്ച വ്യക്തിത്വമായിരുന്നു നിരവധി പുരസ്‌കാരങ്ങളും ഉന്നത സ്ഥാനങ്ങളും അലങ്കരിച്ചിരുന്ന പത്മശ്രീ അഡ്വ. സി കെ മേനോന്റേത്.

‘ജീവിതത്തില്‍ എത്രവലിയ നേട്ടങ്ങളും ഉന്നതിയും കൈവരിച്ചാലും വിനയവും ലാളിത്യവും കൈവിടാത്ത എല്ലാവരും ഇഷ്ടപ്പെടുന്ന മഹത് വ്യക്തിത്വമായിരുന്നു പത്മശ്രീ സി കെ മേനോനെന്ന്’ ഗള്‍ഫ് വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറുമായ സി വി റപ്പായി ഈയ്യിടെ ഇംഗ്ലീഷില്‍ എഴുതി പ്രസീദ്ധീകരിച്ച തന്റെ ആത്മകഥയായ ‘A TALE OF TWO JOURNEYS’ എന്ന പുസ്തകത്തില്‍ പറയുന്നു.

‘സമ്പന്നതയിലും പ്രശസ്തിയിലും തനിക്ക് ചുറ്റും അതിരുകള്‍ തീര്‍ക്കാതെ വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരേയും തന്നിലേക്ക് ചേര്‍ത്ത് നിര്‍ത്തുന്ന മഹാമനസ്‌കനായ മനുഷ്യ സ്‌നേഹിയായിരുന്നു പത്മശ്രീ സി കെ മേനോനെന്ന്’
സി വി റപ്പായി തന്റെ ആത്മകഥയില്‍ സ്മരിക്കുന്നു.

സഹായത്തിനായി തന്റെയടുത്തെത്തുന്നവരുടെ വേഷവും ഭാഷയും ജാതിമത രാഷ്ട്രീയവും നോക്കാതെ ഏവര്‍ക്കും എല്ലാ സഹായങ്ങളും നല്കിയ പത്മശ്രീ സി കെ മേനോന്‍ തന്നെ ഒരു നല്ല സുഹൃത്തായി എന്നും കരുതിയിരുന്നു.
തന്റെ ജീവിതത്തിലെ നിരവധി അവസരങ്ങളില്‍ ഒരു മാര്‍ഗ്ഗദര്‍ശിയും പ്രചോദനവുമായിരുന്നു പത്മശ്രീ സി കെ മേനോനെന്ന് തന്റെ ആത്മകഥയിലെ ‘Learning from Leadser’ എന്ന അധ്യായത്തില്‍ സി വി റപ്പായ് പറയുന്നു.

പ്രശസ്തിയുടേയും സമ്പത്തിന്റേയും അംഗീകാരങ്ങളുടേയും നടുവില്‍ ജീവിക്കുമ്പോഴും
കാരുണ്യത്തിന്റെ കരസ്പര്‍ശവുമായി അപരനെ ആത്മാര്‍ഥമായി സഹായിച്ച് ആത്മനിര്‍വൃതിയില്‍ സന്തോഷമനുഭവിച്ച് ജീവിച്ച അപൂര്‍വ്വ വ്യക്തികളിലൊരാളായിരുന്നുപത്മശ്രീ അഡ്വ. സി കെ മേനോന്‍.

യശഃശരീരനായ ആ പുണ്യാത്മാവിന്റെ ദീപ്തമായ സ്മരണകള്‍ക്ക് മുന്‍പില്‍
ബാഷ്പാജ്ഞലികളോടെ പ്രണാമമര്‍പ്പിക്കുന്നു.

ജോണ്‍ഗില്‍ബര്‍ട്ട്


error: Content is protected !!