
തൃശ്ശൂര്‍ കൊടുങ്ങല്ലൂരിന്റെ അഭിമാനമാകുവാന്‍ ഒരുങ്ങി ഹൈസില്‍ ജെബിന്‍. സാധാരണ കൂട്ടു കുടുംബത്തില്‍ നിന്ന് കോമേഴ്‌സ്യല്‍ പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കി, വൈമാനികന്റെ കുപ്പായമണിയാന്‍ ഒരുങ്ങുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി ഹെസില്‍ ജെബിനാണ് നാടിന്റെ അഭിമാനഭാജനമായി മാറിയിരിക്കുന്നത്.

ഇതിനായി ഈ ചെറുപ്പക്കാരന്‍ ജീവിതത്തില്‍ കെട്ടിയ വേഷങ്ങള്‍ സൊമാറ്റോ ഡെലിവറി പാര്‍ട്ട്ണര്‍ മുതല്‍ അധ്യാപകന്‍ തുടങ്ങി അനേകം പട്ടികകളിലേക്ക് അത് നീണ്ടുപോകും.

പിതാവ് ദുബായില്‍ ടൈപ്പിസ്റ്റായിരുന്നു. പിതാവിന്റെ വരുമാനം മാത്രം ആശ്രയിച്ചായിരുന്നു അതുവരെ ആ കുടുംബത്തിന്റെ നിലനില്പ്. പ്രത്യേക ലക്ഷ്യമൊന്നുമില്ലാതെ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ഹെസില്‍ പതിനഞ്ചാം വയസ്സിലാണ് എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയറിംഗ് ആണ് തന്റെ ലക്ഷ്യമെന്ന് തിരിച്ചറിയുന്നത്. എന്നാല്‍ മറ്റു പല കാരണങ്ങള്‍ കൊണ്ട് പ്ലസ്ടുവിന് ശേഷം ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗിന് ചേരേണ്ടി വന്നു.

മൂന്നാറിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗിലാണ് ചേര്‍ന്നത്. താത്പര്യമില്ലാത്ത കോഴ്സായതിനാല്‍
ബിരുദം നേടിയപ്പോഴേക്കും 20 ബാക്ക്ലോഗുകള്‍ വന്നു. അതിനാല്‍ പിന്നീട് കോഴ്സ് പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം എടുത്തു. അദ്ദേഹത്തിന്റെ സഹപാഠികളില്‍ ഭൂരിഭാഗവും ഇതിനകം വരുമാനമുള്ള ജോലിക്കാരായി മാറിയിരുന്നു. ഈ സമയത്താണ് ഇന്ത്യന്‍ സായുധ സേന പൈലറ്റ് ഉള്‍പ്പെടെ തസ്തികകളിലേക്ക് എഞ്ചിനീയറിംഗ് ബിരുദധാരികളെ ക്ഷണിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. അത് മറ്റൊരു ലക്ഷ്യത്തിലേക്ക് കൂടി ഇദ്ദേഹത്തെ എത്തിച്ചു. പിന്നീട് ജെബിന്‍ തന്റെ എല്ലാ ശ്രദ്ധയും അതിലേക്ക് തിരിച്ചുവിട്ടു. ഇതിനിടക്ക് കൊച്ചിയിലെ സൊമാറ്റോയില്‍ ഡെലിവറി പാര്‍ട്ണറായി ജോലിക്ക് കയറുകയും ചെയ്തു.
ജോലിയോടുള്ള ആത്മാര്‍ഥത അദ്ദേഹത്തെ അവിടെയും ഏവര്‍ക്കും പ്രിയങ്കരനും ശ്രദ്ധേയനുമാക്കി. അങ്ങനെ അത്യാവശ്യം ജീവിക്കുവാനുള്ള വരുമാനവും കിട്ടിത്തുടങ്ങി. ഇതോടൊപ്പം ആറ് മാസത്തിന് ശേഷം ഒരു എഡ്‌ടെക് കമ്പനിയില്‍ ഗണിതശാസ്ത്ര അധ്യാപക ജോലിയില്‍ ചേര്‍ന്ന് ബെംഗളൂരുവിലേക്ക് മാറി.
എന്നാല്‍ 2020ന്റെ തുടക്കത്തില്‍, കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത്, ദുബായില്‍ വെച്ച് ഇദ്ദേഹത്തിന്റെ പിതാവിന് ഹൃദയാഘാതം സംഭവിച്ചു. ഇതോടെ പിതാവിനെ വീട്ടിലെത്തിച്ചുകൊണ്ട് ഗൃഹനാഥന്റെ ഉത്തരവാദിത്വവും ജെബിന്‍ ഏറെക്കുറെ ഒറ്റയ്ക്ക് കൈകാര്യം ചെയ്തു. ഒരു വര്‍ഷത്തിലേറെ അവന്‍ അദ്ദേഹത്തെ വീട്ടില്‍ കൊണ്ടുവന്ന് പരിചരിച്ചു. രണ്ടാം കോവിഡ് തരംഗത്തില്‍ മരുന്നുകള്‍ക്ക് മറ്റും ക്ഷാമം നേരിട്ട സമയത്ത് 2021 ജൂണില്‍ പിതാവ് മരിച്ചു.
ഏതാണ്ട് അതേ സമയത്ത്, ജെബിന് തന്റെ അധ്യാപന ജോലിയും നഷ്ടപ്പെട്ടു. അതിനിടെ 27 വയസ്സ് പൂര്‍ത്തിയായതോടെ വ്യോമസേനയില്‍ അപേക്ഷിക്കുന്നതിനുള്ള പ്രായ പരിധിയും കഴിഞ്ഞു. ഇതോടെ തന്റെ ജീവിതത്തിലെ മൂന്ന് കാര്യങ്ങള്‍ക്ക് അവസാനമായെന്ന തോന്നല്‍ അദ്ദേഹത്തെ തളര്‍ത്തി.
പിതാവ്, ജോലി, വര്‍ഷങ്ങളായി താന്‍ സ്വപ്‌നംകൊണ്ടിരുന്ന കരിയര്‍ പാത. പക്ഷേ തളരാതെ ജെബിന്‍ വാണിജ്യ പൈലറ്റ് പരിശീലനമെന്നതിലേക്കും എത്തി. മെന്റര്‍മാരുടെ സഹായത്തോടെ, ഫിലിപ്പീന്‍സിലെ ഫാസ്റ്റ് ഏവിയേഷന്‍ അക്കാദമിയിലെത്തി. എന്നാല്‍ അവിടെയും പണം ഒരു വില്ലനായി വന്നു. വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിന് മുമ്പ് ഏകദേശം രണ്ട് വര്‍ഷത്തോളമാണ് അദ്ദേഹം ഒന്നിലധികം ബാങ്കുകളിലൂടെ കടന്നുപോയത്. അങ്ങനെ 2024 ഡിസംബറില്‍ അദ്ദേഹം ഫിലിപ്പീന്‍സിലേക്ക് മാറി. ഇപ്പോള്‍ രണ്ടു വര്‍ഷത്തിനുശേഷം ഈ വര്‍ഷം ആദ്യം അദ്ദേഹം തന്റെ സ്വകാര്യ പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കി, നിലവില്‍ ഈ പ്രോഗ്രാമിലെ തുടര്‍പ്രവര്‍ത്തനങ്ങളിലാണ്.
ഇപ്പോള്‍ 29 വയസ്സ് പിന്നിടുമ്പോള്‍ തിരിഞ്ഞു പഴയ കാലത്തേക്ക് നോക്കുമ്പോള്‍ ഈ യുവാവിന് സമൂഹത്തോട് പറയുവാനുള്ളത് ഒറ്റ കാര്യമാണ്: കാര്യങ്ങള്‍ ചെറുതായി വഴി തെറ്റുമ്പോള്‍ പോലും ആളുകള്‍ നമ്മുടെ പ്രധാന ലക്ഷ്യം ഉപേക്ഷിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ, അത് ശരിയല്ല, എന്തായാലും നമ്മള്‍ ലക്ഷ്യബോധ്യത്തോടെ മുന്നോട്ട് തന്നെ പോകണം വിജയം നമ്മെ നേടിയെത്തിയിരിക്കും.

