Connect with us

Special

ഗ്രാമവീഥികള്‍ കടന്ന് ഞങ്ങള്‍ പാര്‍ട്ടി വളര്‍ത്തിയ കാലം

Published

on


വടകരയിലെ പൊതു രംഗത്ത് ഒരു കാലഘട്ടത്തില്‍ നിറ സാന്നിധ്യമായിരുന്ന നമ്പൂരിക്കണ്ടി കുഞ്ഞമ്മദ് മാസ്റ്റരുടെ വേര്‍പാട് ഖത്തറിലെ സുഹൃദ് വലയത്തിലും വടകരക്കാരിലും സാമൂഹ്യ രംഗത്തും ദുഃഖം പരത്തി.

തലശ്ശേരി മുബാറക് ഹൈസ്‌ക്കൂളില്‍ അധ്യാപകനായിരിക്കെയാണ് 1976ല്‍ ദോഹയിലെത്തിയത്. ഖത്തര്‍ കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്ററിന്റെ സ്ഥാപക സെക്രട്ടറിമാരിലൊരാളായി പൊതുരംഗത്ത് സജീവ പങ്കാളിത്തം വഹിച്ചിരുന്നു.

ഖത്തര്‍ തുറമുഖ വകുപ്പിലെ ദീര്‍ഘകാലത്തെ ജോലിയില്‍ നിന്ന് വിരമിച്ചാണ് 2011ല്‍ മൂന്നര പതിറ്റാണ്ടുകാലത്തെ പ്രവാസ ജീവിതത്തോട് വിടപറഞ്ഞത്. വശ്യമായ പുഞ്ചിരിയും വിനയവും സ്വഭാവ സവിശേഷതയും അദ്ദേഹത്തെ ജനങ്ങളുടെ പ്രിയംകരനാക്കി മാറ്റി. വിപുലമായൊരു സുഹൃദ് വലയത്തിനുടമയായിരുന്നു. പൊതു കാര്യങ്ങളുമായി സഹകരിക്കുന്നതിലദ്ദേഹം അതീവ തത്പരനായിരുന്നു.

വടകര താലൂക്ക് എം എസ് എഫ് ജനറല്‍ സെക്രട്ടറിയായി വിദ്യാര്‍ഥി രംഗത്ത് തുടക്കം. എം.എസ് എഫിനെക്കുറിച്ച് സാധാരണക്കാരായ മുസ്‌ലിം ലീഗുകാര്‍ക്ക് പോലും പരിജ്ഞാനമില്ലാത്ത പഴയ കാലഘട്ടത്തില്‍ താലൂക്കിലെങ്ങും സംഘടനയുടെ സന്ദേശ മെത്തിക്കുന്നതില്‍ ഞങ്ങള്‍ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. നല്ല റോഡുകളോ വാഹന സൗകര്യമൊ വിരളമായ കാലഘഘട്ടത്തില്‍ താലൂക്കിലെ ഗ്രാമ വീഥികളില്‍ ഞങ്ങള്‍ സന്ദര്‍ശനം നടത്തി സംഘടന കെട്ടിപ്പടുത്തു. താലൂക്കിലെ കരുത്തുറ്റ വിദ്യാര്‍ഥി സംഘടനയാക്കി മാറ്റി. പിന്നീട് അദ്ദേഹം തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ പഠനത്തിനെത്തിയ കാലത്ത് പി കെ കുഞ്ഞാലിക്കുട്ടിയും മറ്റും സഹപ്രവര്‍ത്തകനായിരുന്നു. എം എസ് എഫിന്റെ കോളേജ് കമ്മിറ്റി ജനറല്‍ സെക്രട്ടറി പദവിയിലിരുന്നു ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയിരുന്നു. കണ്ണൂര്‍ ജില്ലാ എം എസ് എഫിന്റെയും നേതൃത്വനിരയിലൂടെ ജില്ലയില്‍ സംഘടന വളര്‍ത്തുന്നതില്‍ സുപ്രധാനമായ പങ്ക് വഹിച്ചിരുന്നു.

വടകരക്കാരുടെ കൂട്ടായ്മയായ വിവയിലും വടകരയുമായി ബന്ധപ്പെട്ട എല്ലാ സാമൂഹ്യ, ജീവ കാരുണ്യ രംഗങ്ങളിലും അദ്ദേഹം ദോഹയോട് വിട പറയും വരെ സജീവ സാന്നിധ്യം അറിയിച്ചു.

Advertisement

കുറെ കാലം പ്രവര്‍ത്തന രംഗത്ത് നിന്നല്‍പം മാറി നിന്നെങ്കിലും പിന്നീടു കെ എം സി സി രംഗത്ത് സജീവമായിരുന്നു. ഏക മകന്‍ സുനീറിന്റെ ആകസ്മിക വേര്‍പാട് അദ്ദേഹത്തെ മാനസികമായി അസ്വസ്ഥനാക്കിയിരുന്നു. ഒപ്പം മറവിരോഗവും ശാരീരികമായി തളര്‍ത്തി.

മത രംഗത്ത് നിഷക്കര്‍ഷ പുലര്‍ത്തിയ ജീവിതം. ഓരോ വിഷയങ്ങളിലും വ്യക്തമായ കാഴ്ചപ്പാട് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കി. നിസ്വാര്‍ഥതയും ആത്മാര്‍ഥതയും അലിഞ്ഞു ചേര്‍ന്ന ജീവിതം. ആരെയും സഹായിക്കാനുള്ള സന്മനസ്സ്, ജോലിയിലുള്ള കൃത്യത എല്ലാം അദ്ദേഹത്തെ ശ്രദ്ധേയനാക്കി മാറ്റി. കുടുംബത്തിലാണെങ്കില്‍ സൗഹൃദം നിലനിര്‍ത്തുന്നതില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം പലപ്പോഴും ഊഷ്മളതയുളവാക്കി.

എന്റെ പ്രിയ സുഹൃത്ത്, കുടുംബ ബന്ധു, എം എസ് എഫ് രംഗത്തെ സഹപ്രവര്‍ത്തകന്‍- വിയോഗം വ്യക്തിപരമായും എന്നെ മാനസികമായി തളര്‍ത്തി. ആ മന്ദസ്മിതം വിരിയുന്ന മുഖം, സ്‌നേഹം തുളുമ്പിയ വാക്കുകള്‍ ഇനി ഓര്‍മ്മകളായി മാറി.

error: Content is protected !!