
1930-ല്‍ മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഉപ്പുസത്യാഗ്രഹം ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു. ദണ്ഡി യാത്രയിലൂടെ ബ്രിട്ടീഷ് കുത്തകയെയും ഉപ്പുനികുതിയെയും വെല്ലുവിളിച്ച ഈ സമരം രാജ്യത്തെ കര്‍ഷകരെയും തൊഴിലാളികളെയും ഉള്‍പ്പെടെ കോടിക്കണക്കിന് ജനങ്ങളെ സ്വാതന്ത്ര്യസമരത്തിലേക്ക് ആകര്‍ഷിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ തന്നെ യുവാക്കളും വിശേഷിച്ച് സ്ത്രീകളും ഇത്രയധികം എണ്ണം തെരുവിലിറങ്ങുകയും സമരത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തത് ആദ്യമായിട്ടായിരുന്നു.

സാധാരണക്കാരുടെ നിത്യോപയോഗ വസ്തുവായ ഉപ്പിന് ബ്രിട്ടീഷ് സര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്തിയപ്പോള്‍, ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന വിഷയത്തില്‍ സജീവമായി ഇടപെടാനാണ് ഗാന്ധിജി തീരുമാനിച്ചത്. അതിലൂടെ ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ ജനങ്ങളെ അണിനിരത്താനും ‘പൂര്‍ണ്ണ സ്വരാജ്’ എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തിന്റെ ശ്രദ്ധ തിരിക്കാനും ഉപ്പുസത്യാഗ്രഹത്തിലൂടെ സാധിച്ചു.


അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ രാജ്യതലസ്ഥാനത്ത് അരങ്ങേറിയ ‘ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍’ എന്ന അഴിമതിവിരുദ്ധ പ്രക്ഷോഭത്തില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി (എ എ പി) രൂപംകൊണ്ടതും പിന്നീട് അവര്‍ ഡല്‍ഹി ഭരിച്ചതും സമീപകാല ചരിത്രമാണ്.
ആ പ്രക്ഷോഭം ആരംഭിച്ചതും ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നിന്നായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഈ രണ്ടു മുന്നേറ്റങ്ങളും കൂട്ടിവായിക്കുമ്പോള്‍, ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ (സി ജെ പി) എന്ന യുവജന പ്രസ്ഥാനത്തിനും ഇന്നു രാജ്യത്ത് വലിയ പ്രസക്തിയുണ്ട്.
ഇന്ത്യയിലെ യുവജനങ്ങളെയും തൊഴിലില്ലാത്തവരെയും അപകീര്‍ത്തിപ്പെടുത്തി സുപ്രിം കോടതി ചീഫ് ജസ്റ്റിസ് നടത്തിയ പരാമര്‍ശത്തിനെതിരെ ഉയര്‍ന്നുവന്ന ഒരു ആക്ഷേപഹാസ്യ രാഷ്ട്രീയ പ്രസ്ഥാനമായാണ് സി ജെ പിയുടെ തുടക്കം. ഔദ്യോഗികമായി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല എങ്കിലും സോഷ്യല്‍ മീഡിയയിലൂടെ, യുവാക്കളുടെ വന്‍ പിന്തുണയോടെ വളര്‍ന്നുവന്ന വലിയൊരു പ്രതിഷേധ പ്രസ്ഥാനമാണിത്.
പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെയും കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെയും സി ജെ പി നടത്തിക്കൊണ്ടിരിക്കുന്ന സമരത്തിന് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം മണിക്കൂറുകളോളമാണ് രാജ്യതലസ്ഥാനം പ്രതിഷേധത്താല്‍ പ്രക്ഷുബ്ധമായത്. ഇതിനിടെ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ‘നിങ്ങളുടെ രാഷ്ട്രീയത്തെ ഞങ്ങള്‍ക്ക് ഭയമില്ല’ എന്ന് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന അഭിജിത് ഡി കെ ജി കെ പറഞ്ഞ വാക്കുകളില്‍ പ്രതിഫലിക്കുന്നത് അന്ന് സ്വാതന്ത്ര്യസമരത്തിന്റെ മുന്‍നിരയില്‍ നിന്ന് പോരാടിയ യുവ നേതാക്കളുടെ അതേ നിലപാടാണ്. എതിര്‍ക്കുന്നവരെ ജയിലിലടക്കുക എന്ന നയം പിന്തുടരുന്ന ബി ജെ പി സര്‍ക്കാരിനെ ഈ സമരം ഭയപ്പെടുത്തുന്നുണ്ടെന്നതില്‍ അതിശയോക്തിയില്ല.
ഈ സമരം ലക്ഷ്യം കണ്ടാല്‍, സമീപഭാവിയില്‍ തന്നെ സമൂലമായ മാറ്റത്തിനുവേണ്ടി ഇന്ത്യന്‍ യുവത തെരുവിലിറങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. രാജ്യത്ത് ബി ജെ പി ഭരണത്തിന് ഒരു ബദല്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ടെങ്കില്‍ അത് വിവരമുള്ള യുവജനതയിലൂടെ മാത്രമാണ്. യുവതയാണ് ചരിത്രത്തിന്റെ ചാലകശക്തികള്‍. അവരുടെ പ്രതിനിധികളാണ് വിസ്മയ മോഹന്‍ലാലും രഞ്ജിനി ഹരിദാസുമൊക്കെ.
കേവലയുക്തിക്ക് നിരക്കാത്ത ചിന്തകളും വിശ്വാസങ്ങളും വെച്ചുപുലര്‍ത്താത്ത യുവതലമുറ ഉറച്ച ശബ്ദത്തില്‍ ജനാധിപത്യത്തെക്കുറിച്ചും പൗര അവകാശങ്ങളെക്കുറിച്ചും സമരം ചെയ്യാനുള്ള അവകാശത്തെക്കുറിച്ചും സംസാരിക്കുന്നത് രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം ശുഭസൂചകമാണ്.


