സമാധാനത്തിന്റെ നറുസന്ദേശവുമായി വീണ്ടും ഒരു നബിദിനം

Web Desk
3 Min Read

ഇസ്ലാം മത വിശ്വാസികളുടെ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ ജന്‍മ ദിനമായ റബീഉല്‍ അവ്വല്‍ 12 ലോകമെങ്ങും ആഘോഷിക്കുകയാണ്. കേരളത്തില്‍ ഇന്ന് (ഞായറാഴ്ച) യാണ് നബിദിനം ആഘോഷിക്കുന്നത്.

city exchange

നാടുനീളെ ഘോഷയാത്ര നടത്തിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും അന്ത്യ പ്രവാചകന്റെ പിറന്നാള്‍ നാടെങ്ങും ആഘോഷിക്കുന്നു. പിറന്നാളിലുള്ള സന്തോഷ പ്രകടനമായി മൗലിദ് പാരായണവും നടക്കുന്നുണ്ട്. നിറഞ്ഞ മനസ്സോടെയാണ് ഓരോ നബിദിനവും മുസ്‌ലിം ലോകം വരവേല്‍ക്കുന്നത്. ആളിക്കത്തുന്ന നരകാഗ്നിയില്‍ നിന്ന് മനുഷ്യകുലത്തെ രക്ഷിച്ചത് ഈ മഹാനുഭാവനായിരുന്നു.

പ്രപഞ്ചത്തിലെ സര്‍വ്വ സൃഷ്ടികള്‍ക്കും കാരുണ്യ സ്പര്‍ശമായിട്ടാണ് പ്രവാചകന്‍ മുഹമ്മദ് നബി (സ) വന്നത്. പിറന്നുവീണപ്പോള്‍ കുടുംബത്തിന്റെ് സന്തോഷത്തില്‍ പങ്കുചേരാന്‍ തിരുനബിയുടെ പിതാവ് ജീവിച്ചിരുന്നില്ല. എങ്കിലും മലക്കുകളുടെ സാന്നിധ്യത്തില്‍ അനുഗ്രഹീതമായ മുഹമ്മദ് നബി (സ)യുടെ തിരുപിറവിയില്‍ നിരവധി അത്ഭുതങ്ങള്‍ക്ക് ലോകം സാക്ഷിയായി. അതേ അത്ഭുതങ്ങളോടെ അവിടുത്തെ ജന്മദിനം അല്ലാഹു സൃഷ്ടികള്‍ക്ക് മുമ്പില്‍ ആഘോഷിച്ചത് ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം.

- Advertisement -
Ad image

ചിട്ടയാര്‍ന്ന നടപടിയും സത്യസന്ധതയും സല്‍സ്വഭാവവും ശീലമാക്കിയ മുഹമ്മദ് (സ)നെ അറേബ്യന്‍ ജനത ‘അല്‍അമീന്‍’ (വിശ്വസ്തന്‍) എന്നാണ് വിളിച്ചിരുന്നത്. ആറു വയസ്സായപ്പോഴേക്കും വാല്‍സല്യ മാതാവും കണ്‍മറഞ്ഞു. തികച്ചും അനാഥനായ മുഹമ്മദിനെ പിന്നീട് വളര്‍ത്തിയത് വലിയുപ്പയാണ്.
പ്രശ്‌നങ്ങള്‍ക്ക് പരിഹാരകേന്ദ്രമായി, പാവങ്ങള്‍ക്ക് അത്താണിയായി അനാഥകള്‍ക്ക് അഭയമായി, മര്‍ദ്ദിതര്‍ക്ക് രക്ഷകനായി മുഹമ്മദ് നബി വളര്‍ന്നു. പ്രബോധന വീഥിയില്‍ മുഹമ്മദ് നബി സഹിച്ച ത്യാഗങ്ങള്‍ക്ക് അതിരുകളില്ല. വയറു നിറച്ച് ഭക്ഷിക്കാനും ഉടുതുണിക്ക് മറുതുണി പോലും ഇല്ലാതെ മദീനയില്‍ നിന്നും ദൂരെ ദിക്കുകളില്‍ നിന്നും സഹായത്തിനായി വരുന്ന പാവങ്ങളെയെല്ലാം നബി (സി) സഹായ ഹസ്തം നീട്ടുമായിരുന്നു.

ഈന്തപ്പനയോലയില്‍ കിടന്നുറങ്ങിയ പ്രവാചകന്റെ ജീവിതത്തിലെ വിനയത്തിന്റെ പാഠങ്ങള്‍ എന്നും നിലനില്‍ക്കും. ഭക്ഷണം കിട്ടാതെ ഏങ്ങലടിച്ച് കരയുന്ന ഒട്ടകത്തിന്റെ അവാകാശത്തിന് വേണ്ടി ശബ്ദിച്ചും ഉറുമ്പ് കൂട്ടത്തെ കരിച്ചുകൊന്ന ശിഷ്യരോട് കോപിച്ചും പക്ഷിക്കുഞ്ഞുങ്ങളെ പിടിച്ചു കൊണ്ട്വന്നയാളെ ശകാരിച്ച് അവക്ക് മോചനം നല്‍കിയും വസ്ത്രത്തില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിപ്പൂച്ചയുടെ ഉറക്കമുണര്‍ത്താതെ ബാക്കി ഭാഗം മുറിച്ചെടുത്ത് നടന്നകന്നതും നബി (സ)യുടെ വിശാലമായ കാരുണ്യത്തെയാണ് സൂചിപ്പിക്കുന്നത്.

പ്രകോപിതരാകുമ്പോഴാണ് ഏതു വ്യക്തിയുടെയും ആത്മനിയന്ത്രണം അതിരു വിടുന്നത്. ജനനായകനും ആദരണീയനുമായ പ്രവാചകന്‍ ഒരിക്കല്‍ അനുചരന്മാര്‍ക്കൊപ്പം വീട്ടിലിരിക്കുകയായിരുന്നു. അപ്പോള്‍ സഅ്ദുബ്നു സഅ്ന എന്ന ജൂത പുരോഹിതന്‍ അവിടെയെത്തി പ്രവാചകന്റെ വസ്ത്രം ബലമായി പിടിച്ചുവലിച്ചുകൊണ്ടു പറഞ്ഞു: ‘മുഹമ്മദേ, നിന്റെ മേലിലുള്ള കടബാധ്യത വീട്ടുക’. ജൂതനില്‍നിന്നു പ്രവാചകന്‍ കുറച്ചു പണം കടംവാങ്ങിയിരുന്നു. അതു ചോദിച്ചാണ് ജൂത പുരോഹിതന്‍ എത്തി പ്രകോപനം സൃഷ്ടിച്ചത്. പണം തിരിച്ചുനല്‍കാനുള്ള സമയപരിധി കഴിഞ്ഞിരുന്നില്ല. പ്രവാചകനോട് അദ്ദേഹം കാണിച്ച പെരുമാറ്റം അനുചരരില്‍ കടുത്ത അതൃപ്തിയുണ്ടാക്കി. ക്ഷുഭിതനായ ഉമര്‍ (റ) ചാടിയെഴുന്നേറ്റു. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ‘കിട്ടാനുള്ള കടം മര്യാദയോടെ ചോദിക്കാന്‍ താങ്കള്‍ അദ്ദേഹത്തോടു പറയൂ. നല്ല നിലയില്‍ അത് കൊടുത്തുവീട്ടാന്‍ എന്നോട് കല്‍പിക്കൂ.’ അപ്പോള്‍ ജൂതപുരോഹിതന്‍ പറഞ്ഞു: ‘താങ്കളെ സത്യവുമായി അയച്ചവനാരോ അവനാണ് സത്യം, ഞാന്‍ കടം തിരിച്ചുചോദിക്കാന്‍ വന്നതല്ല. താങ്കളുടെ സ്വഭാവമൊന്നു പരീക്ഷിക്കാനാണു വന്നത്. കടം തിരിച്ചു നല്‍കേണ്ട സമയമായിട്ടില്ലെന്ന് എനിക്കറിയാം. താങ്കളുടെ സ്വഭാവവിശേഷണങ്ങള്‍ തൗറാത്തില്‍ (തോറ) വായിച്ചിട്ടുണ്ട്. കോപമുണ്ടാകുന്ന സമയത്ത് താങ്കള്‍ സഹനശീലനാണെന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല. അതൊന്ന് പരീക്ഷിക്കാനാണ് ഞാനിവിടെ വന്നിരിക്കുന്നത്. ഇപ്പോള്‍ അതും ബോധ്യപ്പെട്ടു’.

കര്‍മം കൊണ്ടും ജീവിതം കൊണ്ടും പെരുമാറ്റംകൊണ്ടുമെല്ലാം പ്രവാചകനിലേക്ക് അടുക്കാനുള്ള പ്രോല്‍സാഹനവും പ്രേരണയുമാണ് ഓരോ നബിദിനവും. ‘അസ്വബ്‌റു നിസ്ഫുല്‍ ഈമാന്‍’ (ക്ഷമ സത്യവിശ്വാസത്തിന്റെ പകുതിയാണ്) എന്ന നബിവചനത്തില്‍നിന്നുതന്നെ തുടങ്ങാം ആ പ്രയാണം.

Share This Article
Leave a Comment
error: Content is protected !!