അതൊരു സുവര്‍ണ കാലമായിരുന്നു…

Web Desk
4 Min Read

എന്താണ് മോനേ, ലോകം ഇങ്ങനെ? മന്ഷന്മാരെല്ലാം തമ്മിലിങ്ങനെ മത്സരിച്ചോടിയാല്‍ എന്താകും? ആ പഴയ റിലേഷനൊക്കെ ഇല്ലാണ്ടായിക്കൊണ്ടിരിക്കയല്ലേ.. ചില്‍ഡ്രന്‍സ് ആര്‍ ഇന്‍ വെരി ഡിഫിക്കല്‍റ്റ്…

city exchange

പറയുന്നത് മറ്റാരുമല്ല, തലശ്ശേരി മാളിയേക്കല്‍ തറവാട്ടിലെ ഇംഗ്ലീഷ് മറിയുമ്മ. വെറ്റിലച്ചുകപ്പ് തട്ടാത്ത ചുണ്ടുകള്‍ക്കിടയില്‍ ഇംഗ്ലീഷ്‘ഭാഷയുടെ അത്ഭുതച്ചെപ്പ് തുറന്നുവെച്ച കേരളത്തിലെ ആദ്യ വനിത. തൊണ്ണൂറിന്റെ നിറവിലും ഇംഗ്ലീഷ് പത്രം തുറന്ന്പിടിച്ച് മാറിയ കാലത്തിന്റെ കറുത്ത വാര്‍ത്തകള്‍ വായിച്ച് ഉറക്കെ ചോദിക്കുന്നു, വാട്ട് ഈസ് ദിസ്? വെരി ഡിഫിക്കല്‍റ്റ്… വെരി വെരി ഡിഫിക്കല്‍റ്റ്..

പ്രതാപത്തിന്റെ മുദ്രകള്‍ മാഞ്ഞിട്ടില്ലാത്ത തലശ്ശേരിപ്പട്ടണത്തില്‍ നിന്ന് ടി സി റോഡിലൂടെ പത്ത്മിനിറ്റ് നടന്നാല്‍ പ്രസിദ്ധമായ മാളിയേക്കല്‍ തറവാട്ടിലെത്താം. വിശാലമായ തലയെടുപ്പോടുകൂടി പാരമ്പര്യത്തിന്റെ പ്രൗഢി വിളിച്ചോതുന്ന മാളിയേക്കല്‍ തറവാട്മുറ്റത്ത് കുട്ടിപ്പട്ടാളം നിറഞ്ഞുകളിക്കുകയാണ്. പ്രശസ്തമായ പല മലയാളസിനിമകളിലും മൈലാഞ്ചിമൊഞ്ചായ ഒപ്പനക്കിലുക്കമായും ദഫ്മുട്ടുകളായും കോല്‍ക്കളിയായും കല്ല്യാണരാത്രികള്‍ക്ക് നിറപ്പകിട്ടേകി മലയാളസിനിമയെ സമ്പന്നമാക്കിയ ഈ തറവാടിന് നൂറിലേറെ വര്‍ഷം പഴക്കമുണ്ട്. സിനിമയില്‍ ഒപ്പിയെടുത്ത കാമറമാന്മാരേയും സംവിധായകരേയും മനസ്സിലോര്‍ത്തുകൊണ്ട് പതുക്കെ മാളിയേക്കല്‍ തറവാട്ടിലെ പൂമുഖത്ത് കുറേസമയം നിന്നു. ശേഷം കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി. അകത്തുനിന്നും ഒരു പയ്യന്‍ വന്നു. മറിയുമ്മയെ കാണണം എന്നു പറഞ്ഞപ്പോള്‍ തൊട്ടടുത്തുള്ള വീട്ടില്‍ മകള്‍ കുഞ്ഞാച്ചൂവിന്റെ കൂടെയാണ് താമസം എന്ന് പറഞ്ഞു. അവന്റെ പിന്നാലെ നടന്നു. കാച്ചിത്തുണിയും തട്ടവുമിട്ട് കഴുത്തില്‍ വിശേഷമായ മക്കത്തെ കല്ലിന്റെ മാലയുമിട്ട് പഴയ പ്രതാപത്തിന്റെ രാജകീയസൗഷ്ടവത്തോടെ മറിയുമ്മ ഞങ്ങളെ അകത്തേക്ക് സ്വീകരിച്ചു. വെല്‍ക്കം വെല്‍ക്കം. പ്ലീസ് ബി സീറ്റ് ഹിയര്‍ എന്നു പറഞ്ഞ് കസേരയിലേക്ക് കൈ ചൂണ്ടി. മറിയുമ്മ പതുക്കെ സംസാരിച്ചു തുടങ്ങി.

- Advertisement -
Ad image

പെണ്‍കുട്ട്യോള് പഠിക്കണം, എന്നാലേ കുടുംബം നന്നാകൂ

ഞാന്‍ ചെറിയ കുട്ടിയായിരുന്നു. ഉപ്പ വലിയ മതപണ്ഡിതനായിരുന്നു. ഒ വി അബ്ദുല്ല. വല്യുസ്താദ് എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നതെങ്കിലും ആധുനിക വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. ബാപ്പ തന്നെയാണ് എന്നെ തലശ്ശേരിയില്‍ കൃസ്ത്യന്‍ മിഷനറിമാര്‍ സ്ഥാപിച്ച സേക്രട്ഹാര്‍ഡ് കോണ്‍വെന്റില്‍ ചേര്‍ത്തത.് അതിനു പിന്നിലൊരു കഥയുണ്ടായിരുന്നു.

പെണ്‍കുട്ട്യോള് പഠിച്ചാലേ കുടുംബം നന്നാകൂ എന്ന് ഉപ്പ ഉമ്മയോട് പറയുമായിരുന്നു. പക്ഷേ, അന്നത്തെ സമുദായം ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണ്
ശൈത്താന്റെ ഭാഷയാണ് എന്നൊക്കെയായിരുന്നു പറഞ്ഞിരുന്നത്. പക്ഷേ ബാപ്പ എന്നെ അവിടെ 1938ല്‍ നാലാം ക്ലാസില്‍ കൊണ്ടുപോയി ചെര്‍ത്തു. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്ന വഴിയില്‍ പലരും കളിയാക്കുകയും കാര്‍ക്കിച്ച് തുപ്പുകയും ചെയ്തു.

മൈ സ്‌കൂള്‍ ലൈഫ് വാസ്
വെരി ഗോള്‍ഡന്‍ മെമ്മറി

കോണ്‍വെന്റില്‍ നിന്നും ഉച്ചഭക്ഷണത്തിന് ഓ വി റോഡിലൂടെയാണ് എന്റെ ഫാദറെ വീട്ടിലേക്ക് പോകേണ്ടത്. വാഴയില്‍ എന്നായിരുന്നു ആ വീടിന്റെ പേര്. പോകുന്ന വഴിയില്‍
രണ്ട് ഭാഗത്തും ടെക്സ്റ്റയില്‍സായിരുന്നു. അവിടെ നിന്നും എല്ലാവരും എന്നെ പരിഹസിക്കുമായിരുന്നു. വലിയ ആലിമിന്റെ മോള് ഇംഗ്ലീഷ് പഠിക്കാന്‍ പോകുന്നു. എന്റെ ഫാദര്‍ വലിയ പണ്ഡിതനായിരുന്നു. മതവും ഭൗതികവും അിറയാമായിരുന്നു. എട്ട് ണ്ടാഷ അറിയാമായിരുന്നു ബാപ്പാക്ക്. ഞാന്‍ ഫാദറോട് പറഞ്ഞു. എനിക്ക് ഇതുവഴി പഠിക്കാന്‍ പോകാനാവുന്നില്ല. എല്ലാവരും കളിയാക്കുന്നു. കാര്‍ക്കിച്ചു തുപ്പുന്നു. ചീത്ത പറയുന്നു. അതുകൊണ്ട് കോണ്‍വെന്റില്‍ തന്നെ ഞാന്‍ നിന്നോളാം, ഉച്ചയ്ക്ക് വരുന്നില്ല എന്ന്.

അങ്ങനെ ബാപ്പയുടെ സഹോദരി എനിക്ക് ചോറ് കൊണ്ട് വന്നു തരും. ഉച്ചയ്ക്കുള്ള നിസ്‌കാരത്തിനും ഭക്ഷണം കഴിക്കാനും കോണ്‍വെന്റിലെ സിസ്റ്റര്‍മാര്‍ എനിക്ക് സൗകര്യം ചെയ്തു തന്നു. കോണ്‍വെന്റിലെ കന്യാസ്ത്രീകളായിരുന്നു അധ്യാപികമാര്‍. ആദ്യമൊന്നും ഇംഗ്ലീഷ് വലിയ പിടിത്തം കിട്ടിയില്ല. ബാപ്പയോട് പറഞ്ഞു. ബാപ്പ പ്രത്യേകം ട്യൂഷന്‍ സംവിധാനം ഏര്‍പ്പെടുത്തി. അങ്ങനെ അന്നത്തെ ഫിഫ്ത്ത്‌ഫോറം നല്ല മാര്‍ക്കോടെ പാസായി. ഇന്നത്തെ പത്താംക്ലാസ്. അതിനു ശേഷം വിവാഹമായി. വിവാഹം കഴിഞ്ഞിട്ടും കുറച്ചുകാലം പഠിച്ചു.

മൈ സ്‌കൂള്‍ ലൈഫ് വാസ് വെരി ഗോള്‍ഡന്‍ ലൈഫ്. സോ ഹാപ്പി. എല്ലാ മനുഷ്യരും അന്ന് ഒന്നായിരുന്നു. ഹിന്ദുവും മുസ്‌ലിമും കൃസ്ത്യാനികളും എല്ലാം അന്ന് മനുഷ്യരായിരുന്നു.

മഹിളാസമാജത്തിന്റെ ആസ്ഥാനം

കെ പി കേശവമേനോന്‍, കുട്ടിമാളുഅമ്മ, പനമ്പിള്ളി ഗോവിന്ദമേനോന്‍ തുടങ്ങി കോണ്‍ഗ്രസിന്റെ പ്രമുഖനേതാക്കളൊക്കെ ഈ വീട്ടില്‍ വരാറുണ്ടായിരുന്നു അന്ന്.
മുസ്ലിം മഹിളാ സമാജാത്തിന്റെ ആസ്ഥാനമായിരുന്നു വീട്. ഒരിക്കല്‍ മുസ്ലിം എജുക്കേഷന്‍ സമ്മേളനം നടക്കുന്നു മാനാഞ്ചിറയില്‍. ഞാന്‍ പ്രസംഗിച്ചു. പ്രസംഗം കഴിയുന്നതുവരെ എല്ലാവരും കൈയ്യടിച്ചു.

കാലം മാറി ലോകവും

ഇന്ന് ടോട്ടലീ ചെയ്ഞ്ചായില്ലേ. ആര്‍ക്കും സമയമില്ല. എല്ലാവരും ഓട്ടത്തിലാണ്. ജീവിക്കാനുള്ള ഓട്ടം. നമ്മുടെ കുട്ടികള്‍ക്കൊക്കെ ഇന്ന് നല്ല വിദ്യാഭ്യാസമുണ്ട് പക്ഷേ, വിവരമുള്ളവര്‍ കുറച്ച് കുറവ് തന്നെയാ.

ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കാം

വാട്ട് ഈസ് ദിസ്, നോക്കൂ. (പത്രം ഉയര്‍ത്തിപ്പിടിച്ച്) എല്ലായിടത്തും ബോംബും വെടിവെപ്പും തന്നെ. എന്തായിത് ഇങ്ങനെ? മനുഷന്മാര്‍ക്ക് എങ്ങനെ കഴിയുന്നു ഇങ്ങനെ കൊന്നൊടുക്കാന്‍.

കം എഗെയിന്‍

അസര്‍ നമസ്‌ക്കരിക്കണം, സമയം കുറേയായി എന്നു പറഞ്ഞ് ചുവരിലെ ക്ലോക്കിലേക്ക് നോക്കി. കാഴ്ചയും കേള്‍വിയും ആരോഗ്യവും ഒക്കെ ചോദിച്ചപ്പോള്‍ ഐ ആം എ എനര്‍ജറ്റിക്ക് വുമണ്‍ എന്ന് പറഞ്ഞു ചിരിച്ചു. വെറുതെ പറയുന്നതല്ല എന്നു പറഞ്ഞ് മിറയുമ്മ ഒരു പാട്ട് പാടി. അന്ന് റേഡിയോ ഉള്ള വീട് ശൈതാന്റെ വീട് എന്നായിരുന്നു പറയുക. എന്റെ അമ്മാവന്‍ പിസി ഉമ്മര്‍കുട്ടി എഴുതിയ പാട്ടാണ് ഇത് എന്ന് പറഞ്ഞ് മിറയുമ്മ നല്ല ഈണത്തില്‍ പാടി.

തലശ്ശേരിക്കാരുടെ പലഹാരവും പാട്ടും പ്രസിദ്ധമാണല്ലോ. അതുപോലെ തന്നെയായിരുന്നു ആ പാട്ടും. മറിയുമ്മ പതുക്കെ എഴുന്നേറ്റു. പതുക്കെ ഞങ്ങളും. അപ്പോള്‍ മിറയുമ്മ ഒന്നുമാത്രമായിരുന്നു പറഞ്ഞത്, കം എഗെയിന്‍, കം എഗെയിന്‍.

സാഹിദ് പുറത്തീല്‍
Share This Article
Leave a Comment
error: Content is protected !!