
കോഴിക്കോട്: ഇഷ്ടമില്ലാത്ത മാധ്യമ സ്ഥാപനങ്ങള്‍ പൂട്ടിക്കുന്ന രീതിയാണ് ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ ചെയ്യുന്നതെന്ന് റവന്യൂ മന്ത്രി കെ രാജന്‍. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം കേരളയുടെ 10-ാം സംസ്ഥാന സമ്മേളനം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തങ്ങള്‍ക്കിഷ്ടമില്ലാത്ത പത്രങ്ങളും സ്ഥാപനങ്ങളും പൂട്ടിക്കുക എന്ന പുതിയ ശീലങ്ങളിലേക്ക് ഭരണകൂടം കടക്കുകയാണ്. മീഡിയാവണ്‍ നിശബ്ദമാക്കിയപ്പോള്‍ പ്രതിഷേധിച്ച് മുന്നോട്ടുവന്നെങ്കിലും ഡെക്കാന്‍ ക്രോണിക്കിള്‍ പൂട്ടുമ്പോള്‍ നിശബ്ദമാവേണ്ടി വരുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപോവുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിളിക്കുന്ന മാധ്യമ ലോകം സ്വതന്ത്രമാവുകയും നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന രീതിയില്‍ നിലകൊള്ളുക എന്നതാണ് സീനിയര്‍ ജേര്‍ണലിസ്റ്റുകളുടെയും ജനാധിപത്യവാദികളുടേയും പ്രധാനപ്പെട്ട കടമയെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. വരുന്ന തലമുറ നിര്‍ഭയമായി ചൂണ്ടുവിരല്‍ ഉയര്‍ത്തേണ്ട കാലമാണ്.

സ്വദേശാഭിമാനിയുടേതാണ് മാധ്യമ പ്രവര്‍ത്തകരുടെ പാരമ്പര്യമെന്ന് നാം തിരിച്ചറിയണം. ഏതെങ്കിലും ഭരണകൂടത്തിന്റെ ഭീഷണിക്കു മുമ്പില്‍ അടിയറവ് വെക്കേണ്ടതല്ല മാധ്യമ പ്രവര്‍ത്തനത്തിന്റെ തൂലിക എന്ന് തിരിച്ചറിയുമ്പോഴാണ് ജനാധിപത്യത്തിന്റെ നിലനില്‍പ്പിനുവേണ്ടിയുള്ള സമരമാവുന്നതെന്നും മന്ത്രി പറഞ്ഞു.
മാനേജ്മെന്റിനോട് ഇടഞ്ഞും മാനേജ്മെന്റ് ആവശ്യപ്പെടുന്നത് എഴുതാന്‍ തയ്യാറല്ലെന്നും പ്രഖ്യാപിച്ച പത്രാധിപന്‍മാരുടെ ദീര്‍ഘമായ ചരിത്രമുള്ള നാടാണിത്. പക്ഷേ സമരസപ്പെടുന്നതിന്റെ പുതിയ തലത്തിലേക്ക് പോയ്ക്കൂടാ. മാധ്യമങ്ങള്‍ എങ്ങനെയാണ് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതെന്ന് പുതിയ കാലത്തെ പഠിപ്പിക്കേണ്ടതുണ്ട്. മാധ്യമ വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളുണ്ടാക്കുന്ന ഫാക്ടറികളായി മാറുകയാണ്. അപ്രതീക്ഷിതമായി ഒരു വാര്‍ത്ത ഒരേ കേന്ദ്രത്തില്‍ നിന്നും ഉത്പാദിപ്പിച്ച് അതുതന്നെ എല്ലാവരുടേയും മുഖത്ത് നിരത്താന്‍ കഴിയുന്ന തരത്തില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാനുള്ള ഫാക്ടറികളായി മാറേണ്ടതുണ്ടോ എന്ന് മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. വി പ്രതാപചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം വി വിനീത, എം ഫിറോസ് ഖാന്‍, എ മാധവന്‍, അഡ്വ. എം രാജന്‍, സി എം കൃഷ്ണ പണിക്കര്‍, ഹരിദാസന്‍ പാലയില്‍ എന്നിവര്‍ സംസാരിച്ചു.

