

ദോഹ: എം ജി സര്‍വകലാശാലയുടെ ദോഹ ഓഫ് ഷോര്‍ ക്യാമ്പസിനുള്ള നപടികള്‍ പുരോഗമിക്കവെ കോട്ടയത്തെ സര്‍വകലാശാല ആസ്ഥാനത്തുനിന്നുള്ളസംഘം ദോഹ സന്ദര്‍ശിച്ചു. ജനുവരി അവസാന വാരത്തില്‍ യു ജി സി അംഗീകാരം ലഭിച്ചതിനു പിന്നാലെ കഴിഞ്ഞ ദിവസം എം ജി സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെ കൂടി അനുമതി ലഭിച്ച വാര്‍ത്ത ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ സമൂഹം എതിരേറ്റത്.

കാമ്പസ് ആരംഭിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് എം ജി സര്‍വകലാശാല സംഘം ദോഹയില്‍ സന്ദര്‍ശനം നടത്തിയത്. ഖത്തര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഉദ്യോഗസ്ഥര്‍, മുന്‍ പ്രധാനമന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍താനി, ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍, വിവിധ ഇന്ത്യന്‍ കമ്യൂണിറ്റി നേതാക്കള്‍, എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ ഭാരവാഹികള്‍ എന്നിവരുമായി സംഘം കൂടികാഴ്ച നടത്തി.

എം ജി സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ. സി ടി അരവിന്ദകുമാറിന്റെ നേതൃത്വത്തില്‍ പ്രഫ. ഇല്യാസ് മുഹമ്മദ്, ഡോ. ഷാജില ബീവി, ഡോ. റോബിന്‍ ജേക്കബ്, ഡോ. സുധാകരന്‍ എന്നീ സിന്‍ഡിക്കേറ്റ് അംഗങ്ങളും ഉള്‍പ്പെടുന്ന സംഘമായിരുന്നു ദോഹ സന്ദര്‍ശിച്ചത്.
ഖത്തര്‍ ഭരണകൂടുത്തിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് എം ജി വാഴ്‌സിറ്റി തങ്ങളുടെ ആദ്യ വിദേശ കാമ്പസ് ദോഹയില്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നത്. അക്കാദമിക് മേഖലയിലെ മികവും ടൈംസ് രാജ്യാന്തര റാങ്കിംഗില്‍ മികച്ച സ്ഥാനം അലങ്കരിക്കുന്നതും എം ജി സര്‍വകലാശാശാലയ്ക്ക്അനുകൂലമായി മാറി. ഇന്ത്യന്‍ അംബാസഡറുടെ കൂടി താത്പര്യത്തില്‍ ക്ഷണം സ്വീകരിച്ച എം ജിയുടെ നീക്കത്തിന് കേരള സര്‍ക്കാര്‍, വിദ്യാഭ്യാസ വകുപ്പ്, കേന്ദ്ര വിദേശകാര്യ വകുപ്പ്, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ അനുമതി നേരത്തെ ലഭിച്ചിരുന്നു. യു ജി സിയുടെ അംഗീകാരവുമായതോടെയാണ് വിദഗ്ധ സംഘം ഖത്തറിലെത്തിയത്.
പുണെ ആസ്ഥാനമായ സാവിത്രി ഭായ് ഫുലെ യൂണിവേഴ്‌സിറ്റിയാണ് ഖത്തറില്‍ ആദ്യമായി ഓഫ് കാമ്പസ് ആരംഭിച്ച ഇന്ത്യന്‍ സര്‍വകലാശാല. കഴിഞ്ഞ സെപ്തംബറിലാണ് പുണെ സര്‍വകാലാശാലയുടെ കാമ്പസ് ഐന്‍ഖാലിദിലെ ബര്‍വ കൊമേഴ്ഷ്യല്‍ അവന്യൂവില്‍ ആരംഭിച്ചത്.
മാനേജ്‌മെന്റ് കോഴ്‌സുകള്‍, വിദ്യഭ്യാസ കോഴ്‌സ്, സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍, സൈക്കോളജി തുടങ്ങിയ പ്രോഗ്രാമുകളാണ് ആദ്യ ഘട്ടത്തില്‍ ആരംഭിക്കുന്നത്. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ എഞ്ചിനീയറിങ്, പാരാമെഡിക്കല്‍ കോഴ്‌സുകളും തുടങ്ങാനാണ് തീരുമാനമെന്ന് ഓഫ്‌ഷോര്‍ ക്യാമ്പസിന്റെ വിദഗ്ധ സമിതി അധ്യക്ഷന്‍ കൂടിയായ ഡോ. സി ടി അരവിന്ദ് കുമാര്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ സ്വകാര്യ കെട്ടിടത്തിലും രണ്ടു വര്‍ഷം കൊണ്ട് ലുസൈലില്‍ സ്വന്തം ക്യാമ്പസും സ്ഥാപിക്കാനുമാണ് പദ്ധതി.
ഖത്തറിലെ ക്യാമ്പസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അടിയന്തര ഘട്ടത്തില്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരികയാണെങ്കില്‍, കേരളത്തില്‍ എം ജി സര്‍വകലാശാലകള്‍ക്കു കീഴില്‍ തുടര്‍പഠനത്തിനുള്ള സൗകര്യം ലഭിക്കുമെന്നും ഡോ. സി ടി അരവിന്ദ്കുമാര്‍ പറഞ്ഞു. സിന്‍ഡിക്കേറ്റ് അംഗീകാരം ലഭിച്ചതിനു പിന്നാലെ, സര്‍വകലാശാലയുടെ പ്രവര്‍ത്തനം, കോഴ്‌സുകള്‍ തുടങ്ങിയ വിശദാംശങ്ങള്‍ തയ്യാറാക്കുന്നതായും അധികം വൈകാതെ ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കും. ഈ വര്‍ഷാവസാനത്തോടെ തന്നെ ദോഹ കേന്ദ്രം ആരംഭിക്കാനുള്ള ശ്രമത്തിലാണ് എം ജി വാഴ്‌സിറ്റി അധികൃതര്‍.
ഏഴ് ലക്ഷത്തോളം ഇന്ത്യക്കാരും അതില്‍ നാലു ലക്ഷത്തോളം മലയാളികളും പ്രവാസികളായുള്ള ഖത്തറില്‍ കേരളത്തില്‍ നിന്നുള്ള മുന്‍നിര സര്‍വകലാശാലയുടെ വരവ് സ്‌കൂള്‍ പഠനം ഇവിടെ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിന്ഏറെ പ്രയോജനകരമാകും.

