
ഇനി തെരഞ്ഞെടുക്കപ്പെട്ട ശൂറാ കൗണ്‍സില്‍
ദോഹ: ശൂറാ കൗണ്‍സിലിന്റെ അര നൂറ്റാണ്ടു കാലത്തെ ചരിത്രം ഇനി പുസ്തകത്താളില്‍ ചേര്‍ന്നു നില്‍ക്കും. ഇത്രയും കാലത്തെ രീതിക്കു പകരം ഇനി ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ശൂറാ കൗണ്‍സില്‍ അധികാരമേല്‍ക്കും. ഇതോടെ ഖത്തറിന്റെ ചരിത്രത്തിലും നിയമത്തിലും രാജ്യത്തിന്റെ നയരൂപീകരണത്തിലും അമീറിന് സഹായമായിരുന്ന ശൂറാ കൗണ്‍സില്‍ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കും.
കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ശൂറാ കൗണ്‍സിലിന് സമാപനമായത്. ശൂറാ കൗണ്‍സില്‍ 49-ാമത് സാധാരണ സെഷന്‍ നന്ദിയോടെ അവസാനിച്ചപ്പോള്‍ ശൂറയുമായി ബന്ധപ്പെട്ട രണ്ട് പുസ്തകങ്ങളാണ് പ്രസിദ്ധീകരണത്തിന് തയ്യാറാകുന്നത്.
‘ശൂറാ കൗണ്‍സില്‍ അരനൂറ്റാണ്ട്’, ‘സ്‌പോട്ട്‌ലൈറ്റ് ഓണ്‍ ദി ശൂറാ കൗണ്‍സില്‍; അവസാന നാലു സെഷനുകളില്‍ ശൂറാ കൗണ്‍സിലിന്റെ നേട്ടങ്ങള്‍’ എന്നീ പുസ്തകങ്ങളാണ് തയ്യാറായത്. ശൂറാ കൗണ്‍സില്‍ സ്ഥാപിതമായതുമുതലുള്ള കൗണ്‍സില്‍ പ്രവര്‍ത്തനങ്ങള്‍ എടുത്തു കാണിക്കുന്നതാണ് അരനൂറ്റാണ്ട് എന്ന പുസ്തകം. രണ്ടു പുസ്തകങ്ങളും ഉടന്‍ പ്രസിദ്ധീകരിക്കും.
ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സായിദ് അല്‍ മഹമ്മൂദ് അധ്യക്ഷത വഹിച്ചു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് പിന്തുണയ്ക്ക് നന്ദി അറിയിച്ച സ്പീക്കര്‍ സര്‍ക്കാര്‍ നല്കിയ എല്ലാ കരട് നിയമങ്ങളും കൗണ്‍സില്‍ പഠിച്ച് ആവശ്യമായ ശുപാര്‍കള്‍ നല്കിയരുന്നതായും അവ രാജ്യത്തെ ജീവിതത്തിന്റെ എല്ലാ മേഖലകളേയും നേരിട്ടു ബാധിക്കുന്ന പ്രധാന കരട് നിയമങ്ങളാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.
പ്രധാനപ്പെട്ട വിവിധ കാര്യങ്ങളില്‍ മികച്ച രീതിയില്‍ പങ്കാളിത്തം വഹിച്ച അംഗങ്ങള്‍ക്ക് നന്ദി അറിയിച്ച സ്പീക്കര്‍ അന്യായമായ ഉപരോധത്തിലും കോവിഡ് വ്യാപനത്തിലുമെല്ലാം നല്ല സഹകരണമാണ് ഉണ്ടായതെന്നും പറഞ്ഞു.
കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ കരട് നിയമങ്ങള്‍ പഠിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും ശിപാര്‍ശ നല്കുന്നതിനും മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്നു പറഞ്ഞ അല്‍ മഹമ്മൂദ് പൊതുവായ ചര്‍ച്ചകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമുള്ള സെഷനുകളില്‍ കൗണ്‍സിലിന്റെ അഭ്യര്‍ഥന പ്രകാരം നിരവധി വിശിഷ്ടാതിഥികളും മന്ത്രിമാരും പങ്കെടുത്തിരുന്നതായും അറിയിച്ചു.

