

ദോഹ: കോവിഡിന്റെ അടുത്ത തരംഗത്തിനുള്ള മുന്നൊരുക്കങ്ങള്‍ നടത്താനും മൂന്നാം തരംഗത്തെ മറികടക്കാനും ഒന്നിച്ചു നില്‍ക്കണമെന്ന് ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ ആവശ്യപ്പെട്ടു. കോവിഡ് നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക്ക് ഗ്രൂപ്പ് ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ പകര്‍ച്ചവ്യാധി വിഭാഗം തലവനുമാണ് അദ്ദേഹം.

നിലവില്‍ ഏറ്റവും ഗുരുതരമായ അവസ്ഥയില്‍ എത്തിയിട്ടില്ലാത്ത കോവിഡ് മൂന്നാം തരംഗം നിരവധി ആഴ്ചകള്‍ നീണ്ടുനില്‍ക്കുമെന്നാണ് ആശങ്കപ്പെടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് രോഗം വലിയ നിലയില്‍ വര്‍ധിച്ചതുപോലെ ഖത്തറിലും വന്‍വര്‍ധനവുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ തരംഗങ്ങളില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചതുപോലെ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് മുന്നോട്ടു പോകാനാണ് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നതെന്നും ഖത്തര്‍ ടി വിയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പുതുതായി കോവിഡ് രോഗം പ്രത്യക്ഷപ്പെടുന്നവര്‍ക്ക് ഗുരുതരമായി രോഗബാധയുണ്ടാകുന്നില്ലെന്നും ഹൃസ്വകാലത്തേക്ക് മാത്രമാണ് ലക്ഷണങ്ങളുള്ളതെന്നും വളരെ കുറച്ചു പേര്‍ക്കു മാത്രമാണ് മെഡിക്കല്‍ സംരക്ഷണം ആവശ്യമായി വരുന്നുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഒമിക്രോണ്‍ വകഭേദത്തിന്റെ ലക്ഷണങ്ങളും രോഗബാധയും ഗുരുതരമാകുന്നില്ലെങ്കിലും മൂന്നാം ഡോസിനുള്ള ആവശ്യകത വര്‍ധിക്കുന്നുണ്ട്. കോവിഡ് രോഗബാധയുള്ളവര്‍ പോഷകമടങ്ങിയ ഭക്ഷണവും പാനീയങ്ങളും കഴിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാക്‌സിനേഷന്‍ നല്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നതെന്നും ഇതുവരൊയിയ മൂന്നു ലക്ഷത്തിലേറെ പേര്‍ക്ക് ബൂസ്റ്റര്‍ ഷോട്ട് നല്കിയതായും ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.

