

ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കാറുകളില്‍ മോഷണം നടത്തിയ വ്യക്തിയെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റ് ചെയ്തു.

കാറുകളില്‍ നിന്നും മോഷണം നടക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. സംഘം നടത്തിയ അന്വേഷണത്തിലാണ് ഏഷ്യന്‍ വംശജനായ മോഷ്ടാവ് പിടിയിലായത്. ശരിയായ രീതിയില്‍ പൂട്ടാത്ത കാറുകളിലാണ് മോഷണം നടത്തുന്നതെന്ന് മോഷ്ടാവ് അന്വേഷണ സംഘത്തോട് പറഞ്ഞു.

വ്യത്യസ്ത കാറുകളില്‍ നിന്നും മോഷ്ടിച്ച വസ്തുക്കള്‍ ഇയാളില്‍ നിന്നും അന്വേഷണ സംഘം പിടിച്ചെടുത്തു. തുടര്‍ന്ന് നിയമ നടപടികള്‍ക്കായി അധികൃതര്‍ക്ക് കൈമാറി.
വാഹനങ്ങള്‍ക്കകത്തെ വസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്നും വാഹനങ്ങള്‍ കൃത്യമായി പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി. പുറമേ നിന്ന് നോക്കിയാല്‍ കാണുന്ന വിധത്തില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ വാഹനത്തിനകത്ത് സൂക്ഷിക്കരുതെന്നും ആളുകളില്ലാത്ത സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. സംശയകരമായ സാഹചര്യത്തില്‍ എന്തെങ്കിലും കാണുകയാണെങ്കില്‍ 999 നമ്പറില്‍ വിളിച്ചറിയിക്കണമെന്നും നിര്‍ദ്ദേശിച്ചു.

