Community
ആവേശമായി ഇന്‍കാസ് ഓണാഘോഷം

ദോഹ: സമത്വത്തിന്റേയും സമ്പല്‍ സമൃദ്ധിയുടെയും ഐക്യത്തിന്റേയും സന്ദേശമുയര്‍ത്തുന്ന മലയാളികളുടെ ദേശീയോത്സവമായ ഓണം ഇന്‍കാസ് ഖത്തറിന്റെ നേതൃത്വത്തില്‍ ‘മധുരമീ ഓണം’ എന്ന പേരില്‍ സമുചിതമായി ആഘോഷിച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിലെ അശോകാ ഹാളില്‍ തിങ്ങി നിറഞ്ഞ മലയാളികളുടെ ആവേശോജ്ജ്വലമായ ഓണാഘോഷം ഖത്തര്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.


മലയാളികളും പ്രത്യേകിച്ച് ഇന്‍കാസ് ഖത്തറും ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് വേണ്ടി ചെയ്യുന്ന സേവനങ്ങള്‍ മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണെന്ന് അംബാസഡര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.


ഖത്തറിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക പ്രമുഖരുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ എംബസി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ നിലവിളക്ക് കൊളുത്തി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.


ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍ പുതിയ പ്രസിഡണ്ടായി നിയമിക്കപ്പെട്ട താഹാ മുഹമ്മദിനെ പരിപാടിയില്‍ ഇന്‍കാസ് ഖത്തറിന് വേണ്ടി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെകൂറ്റ് ഹാരാര്‍പ്പണം ചെയ്ത് ആദരിച്ചു.
ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡണ്ട് ഇ പി അബ്ദുറഹ്മാന്‍, ഡോ. മോഹന്‍ തോമസ്, ഇന്‍കാസ് സീനിയര്‍ നേതാക്കളായ മുഹമ്മദ് ഷാനവാസ്, കെ കെ ഉസ്മാന്‍, സിദ്ധീഖ് പുറായില്‍, ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി കെ വി ബോബന്‍, ഐ എസ് സി സെക്രട്ടറിയും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനുമായ പ്രദീപ് പിള്ളൈ, ഐ സി സി സെക്രട്ടറിയും പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനറുമായ അബ്രഹാം കെ ജോസഫ്, ചന്ദ്രമോഹന്‍ പിള്ളൈ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
ഐ സി സി മുന്‍ പ്രസിഡണ്ട് പി എന്‍ ബാബുരാജന്‍, ഐ സി സി വൈസ് പ്രസിഡണ്ട് സുബ്രഹ്മണ്യ ഹെബ്ബഗെലു, ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍, ഐ സി ബി എഫ് ജനറല്‍ വൈസ് പ്രസിഡണ്ട് ദീപക് ഷെട്ടി, ഐ എസ് സി ജനറല്‍ സെക്രട്ടറി നിഹാദ് അലി, അവിനാശ് ഗൈഖ്‌വാദ്, പ്രസാദ് ഗരു, അബ്ദുനാസിര്‍ നാച്ചി, ഒ ടി സി നാരായണന്‍, ഗോപിനാഥ് പാലക്കാട് തുടങ്ങിയ വിവിധ അപ്പക്‌സ് ബോഡി ഭാരവാഹികളും സംഘടനാ നേതാക്കളും സംബന്ധിച്ചു.

ഇന്‍കാസ് ഖത്തര്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ സ്വാഗത്വും ട്രഷറര്‍ ഈപ്പന്‍ തോമസ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന കലാവിരുന്നിന് കേരളത്തിലെ പ്രശസ്ത പിന്നണി ഗായകരായ മെറിന്‍ ഗ്രിഗോറി, അശ്വിന്‍ വിജയ് എന്നിവര്‍ നേതൃത്വം നല്‍കി. നേരത്തെ ഓണാഘോഷത്തിന്റെ ഭാഗമായി ഇന്‍കാസ് യൂത്ത് വിംഗ് നേതൃത്വത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച വടം വലി മത്സരത്തില്‍ മലപ്പുറം ജില്ല ചാമ്പ്യന്‍മാരായി. കോഴിക്കോട് ജില്ല രണ്ടും പാലക്കാട് ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇന്‍കാസ് വനിതാ വിംഗ് നേതൃത്വം നല്‍കിയ പൂക്കള മത്സരത്തില്‍ കോട്ടയം ജില്ല ഒന്നാം സ്ഥാനവും എറണാകുളം ജില്ല രണ്ടാം സ്ഥാനവും നേടി.


