മറഞ്ഞു പോയത് പൂക്കള്‍ വിരിഞ്ഞ പുഷ്പവാടിയിലെ ‘ഗാനകോകിലം’

Web Desk
7 Min Read
രണ്ടു വര്‍ഷം മുമ്പ് ആശാ പ്രവര്‍ത്തകര്‍ക്കൊപ്പം കെ മുഹമ്മദ് ഈസ തലശ്ശേരിയില്‍ പീര്‍ മുഹമ്മദിന്റെ വീട്ടില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍

മാപ്പിളപ്പാട്ടിലെ എക്കാലത്തേയും മികച്ച സൂപ്പര്‍ ഹിറ്റുകളുടെ രാജകുമാരനാണ് അരങ്ങൊഴിഞ്ഞത്.
അഴകേറുന്നോളേവാ കാഞ്ചന മാല്യം ചൂടിക്കാന്‍…,
അനര്‍ഘ മുത്തുമാല എടുത്തുകെട്ടി…,
കാഫ് മല കണ്ട പൂങ്കാറ്റേ…,
പൂക്കള്‍ വിരിഞ്ഞു നില്‍ക്കും പുഷ്പവാടി പുഞ്ചിരിച്ചു…
ഒട്ടകങ്ങള്‍ വരി വരി വരിയായി …ഇങ്ങനെ എത്രയെത്ര ഹിറ്റ് പാട്ടുകള്‍.
നാല്- അഞ്ച് ക്ലാസുകളില്‍ പഠിക്കുമ്പോള്‍ കവിതകള്‍ ചൊല്ലിക്കൊണ്ടാണ് തുടക്കം. വയലാര്‍ രാമവര്‍മയുടെ കവിതകളോടായിരുന്നു ഏറെ കമ്പം.
ആലാപന സമയത്തെ അക്ഷര ശുദ്ധിയും തെളിഞ്ഞ ശബ്ദവും സന്ദര്‍ഭോചിതമായി മുഖത്ത് മിന്നിമായുന്ന ഭാവ പ്രകടനങ്ങളും സഹപാഠികളുടെയും അധ്യാപകരുടെയും ഇടയില്‍ പെട്ടെന്ന് അദ്ദേഹത്തെ പ്രശസ്തനാക്കി.
കഴിഞ്ഞ എഴുപതുവര്‍ഷം ഈ മനുഷ്യന്‍ പിന്നിട്ട വഴികള്‍ സാമാന്യയുക്തിക്ക് അവിശ്വസനീയമാണ്. ഒരു കലാപാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ ജനിച്ചിട്ടും കുഞ്ഞിലേ കമ്പം വേദികളോടായിരുന്നു. പാട്ടൊട്ടും പഠിക്കാതെതന്നെ വലിയ പാട്ടുകാരനായി. ഒരു കള്ളിയിലും പെടുത്താന്‍ കഴിയാത്തതാണ് പീര്‍ക്കയുടെ ശബ്ദം. എന്നിട്ടും അതില്‍ മലബാര്‍ മയങ്ങിപ്പോയി.

city exchange

വ്യത്യസ്ത ശ്രേണികളിലായി അയ്യായിരത്തിലേറെ മാപ്പിളഗാനങ്ങള്‍ പാടി. ആയിരത്തിലേറെ കസെറ്റുകള്‍ ഇറങ്ങി. നാലായിരത്തിലേറെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി.

ദോഹയില്‍ 2000ല്‍ കവി പി ടി അബ്ദുറഹ്മാനെ ആദരിച്ച ചടങ്ങില്‍ പി ടി അബ്ദുറഹ്മാന്‍, വടകര കൃഷ്ണദാസ്, പീര്‍ മുഹമ്മദ് എന്നിവരും കെ മുഹമ്മദ് ഈസയും വേദിയില്‍

ഡോക്ടര്‍മാര്‍ അടിയറവു പറഞ്ഞിട്ടും ജീവിതത്തിലേക്കു തിരികെ വന്നു. വീല്‍ ചെയറില്‍ ഇരുത്തി വിമാനത്തില്‍ കയറ്റി ഗള്‍ഫില്‍ കൊണ്ടുപോയി ആദരിച്ചു. ഒന്നല്ല പലവട്ടം. പീര്‍ മുഹമ്മദിന്റെ ഗാനമേളയില്ലാതെ കല്യാണം നടത്തുന്നത് മലബാറിലെ മുസ്‌ലിം തറവാടുകള്‍ ഒരു കുറച്ചിലായി കണ്ടിരുന്ന നാളുകള്‍, ഒരേ വീട്ടില്‍ത്തന്നെ നാലു തലമുറയുടെ വരെ കല്യാണങ്ങള്‍ക്കു പാടാന്‍ പോയ കാലം, ഓരോ പുതിയ മാപ്പിളഗാന കാസെറ്റും ഇറങ്ങാന്‍ അസ്വാദകരുടെ കാത്തിരിപ്പ്, ഫിലിം ഫെയര്‍ അവാര്‍ഡ് നൈറ്റില്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ച ഏക ഗായകന്‍, 1976ല്‍ ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി ദൂരദര്‍ശനില്‍ (ചെന്നൈ) മാപ്പിളപ്പാട്ട് അവതരിപ്പിച്ച പ്രതിഭ. കേരളത്തിലും ഗള്‍ഫിലും വീറും വാശിയുമുള്ള മാപ്പിള ഗാനമേള മല്‍സരങ്ങള്‍. അതൊരു കാലമായിരുന്നു! എന്നും വിജയിയായി സുന്ദരനായ ഈ ചെറുപ്പക്കാരന്‍.

തമിഴ്‌നാട്ടിലെ തെങ്കാശിയിലാണ് ജനനം. ഇദ്ദേഹത്തിന്റെ കുഞ്ഞുന്നാളിലേ കുടുംബം തലശ്ശേരിയിലേക്കു വന്നു- മുഴപ്പിലങ്ങാട് ദേശീയ പാതയ്ക്കടുത്ത്.

- Advertisement -
Ad image

ഒരു ഗായകനോടും ഒരിക്കലും സാമ്യം തോന്നാത്ത വ്യത്യസ്തമായ ശബ്ദമാണു പീര്‍ മുഹമ്മദിന്റെ പ്രത്യേകത. എല്ലാ ഗാനാസ്വാദകരുടെയും പൊതുസ്വത്താണ് പീര്‍ക്ക. സാഹിത്യകാരന്മാരായ വൈലോപ്പിള്ളിയും വൈക്കം മുഹമ്മദ് ബഷീറും വരെ ആ ശബ്ദത്തിന്റെ ആരാധകരായിരുന്നു. ‘കേരളത്തിന്റെ ഗാനകോകിലം’ എന്നാണു പീര്‍ക്കയെ ബഷീര്‍ വിശേഷിപ്പിച്ചത്.

‘കാഫ് മല കണ്ട പൂങ്കാറ്റേ
കാണിക്ക നീ കൊണ്ടു വന്നാട്ടെ
കാരയ്ക്ക കായ്ക്കുന്ന നാടിന്റെ
മധുവൂറും ഖിസ്സ പറഞ്ഞാട്ടെ…’

മലബാറില്‍നിന്നു ഭാരതപ്പുഴ കടന്ന് തെക്കോട്ടും കടല്‍ കടന്ന് ഗള്‍ഫിലേക്കും പോകുന്ന കാറ്റില്‍ ഈ പാട്ടുണ്ട്. മലബാറിന്റെ എല്ലാ ഉല്ലാസവേളകളിലും പി ടി അബ്ദുറഹിമാന്‍ എഴുതി പീര്‍ മുഹമ്മദ് ഈണമിട്ടു പാടിയ ഈ ഗാനം മധു ചൊരിയുന്നു.

നിസ്‌കാരപ്പായ നനഞ്ഞു കുതിര്‍ന്നല്ലോ, നോമ്പില്‍ മുഴുകിയെന്റെ മനസ്സും ഞാനും, ബലി പെരുന്നാളിന്റെ സന്ദേശവുമായി, ഒട്ടകങ്ങള്‍ വരിവരിയായ്, അറഫാ മലയ്ക്ക് സലാം ചൊല്ലി… തുടങ്ങിയ സൂപ്പര്‍ ഹിറ്റുകളൊക്കെ ഇദ്ദേഹം തന്നെ ഈണമിട്ടു പാടിയവയാണ്. ഒരു ജനതയുടെ ആത്മസാക്ഷാത്കാരമായ ഈണങ്ങള്‍…

വെറും ഒന്‍പതാം വയസ്സില്‍ എച്ച് എം വിയുടെ എല്‍ പി റെക്കോര്‍ഡില്‍ നാലു പാട്ടു പാടിക്കൊണ്ടുള്ള സ്വപ്നതുല്യമായ തുടക്കമായിരുന്നു പീര്‍ മുഹമ്മദിന്റേത്.
മാപ്പിളപ്പാട്ടിന്റെ മര്‍മമറിയുന്ന ഒ വി അബ്ദുല്ല എഴുതിയ വരികള്‍ പാടി തന്റെ സംഗീതജീവിതം ആരംഭിക്കാന്‍ കഴിഞ്ഞു എന്ന ഭാഗ്യവും പീര്‍ മുഹമ്മദിനുണ്ടായി.
പില്‍ക്കാലത്ത് മോയിന്‍കുട്ടി വൈദ്യര്‍, പി ടി അബ്ദുറഹിമാന്‍, ടി സി മൊയ്തു, സി എച്ച്. വെള്ളിക്കുളങ്ങര തുടങ്ങിയവരുടെയൊക്കെ പാട്ടുകള്‍ പാടി. പി ടി അബ്ദുറഹിമാന്റെ മാത്രം നാലായിരം പാട്ടുകള്‍ക്കു ശബ്ദം നല്കിയെന്ന പ്രത്യേകതയുമുണ്ട്.

കഴിഞ്ഞയിടെ ഒരു ടെലിവിഷന്‍ ചാനലിലെ മാപ്പിളപ്പാട്ട് മല്‍സരത്തിലെ ഫൈനലിലെ യുഗ്മഗാന റൗണ്ടില്‍ പങ്കെടുത്ത പത്തു ടീമില്‍ ഒന്‍പതു പേരും പാടിയത് പീര്‍ക്കയുടെ പാട്ടുകളായിരുന്നു. ജനമനസ്സുകളില്‍ അവയ്ക്കുള്ള സ്വാധീനം വ്യക്തമാക്കാന്‍ മറ്റൊരു ഉദാഹരണം വേണ്ട.

നാലായിരത്തിലേറെ പാട്ടുകള്‍ക്കു സംഗീതം നല്‍കിയ പീര്‍ മുഹമ്മദ് സംഗീതം പഠിച്ചിട്ടേയില്ല. പിന്നെ എങ്ങനെ സംഗീതം ചെയ്യുന്നു? പീര്‍ക്ക പറയുന്നുഛ ‘അത് എനിക്കും അറിയില്ല. എനിക്ക് ഒരു പാട്ടിന്റെ വരി കാണുമ്പോള്‍ അതിന്റെ സംഗീതം താനേ മനസ്സില്‍ വരും. എനിക്ക് ഒരു സംഗീതോപകരണവും വായിക്കാന്‍ അറിയില്ല. ലലല്ല ലലല്ല എന്നു പാടിക്കൊടുത്തു ഞാന്‍ ഓര്‍ക്കസ്ട്രക്കാരെ പഠിപ്പിക്കും. പിന്നെ റിക്കോര്‍ഡിങ്ങിന്റെ സമയത്ത് ഓര്‍ക്കസ്‌ട്രേഷന്റെ ചുമതല മറ്റൊരാളെ ഏല്‍പ്പിക്കും.
മാപ്പിള ഗാനശാഖയിലെതന്നെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നാണ്
‘ഒട്ടകങ്ങള്‍ വരിവരിയായ്
കാരയ്ക്ക മരങ്ങള്‍
നിരനിരയായ്…’
വെറും പത്തു മിനിറ്റിലാണ് ഈ ഗാനം പിറന്നത്. ‘ഒരു ആല്‍ബം എച്ച് എം വിയില്‍ ചെയ്യുകയായിരുന്നു. ഒടുവില്‍ ഒരു അഞ്ചു മിനിറ്റ് സ്ഥലം ഡിസ്‌കില്‍ ബാക്കിയായി. എന്തു ചെയ്യുമെന്ന് ആലോചിച്ചിരിക്കെ പി ടി അബ്ദുറഹിമാന്‍ പെട്ടെന്ന് ഒരു പാട്ടെഴുതി എന്നെ കാണിച്ചു. ഇസ്‌ലാം ചരിത്രവുമായി നല്ലബന്ധമുള്ള ഗാനം. ഒരു നിമിഷം കൊണ്ട് അതിന്റെ സംഗീതം എന്റെ മനസ്സില്‍ വന്നു. അപ്പോള്‍ത്തന്നെ റിക്കോര്‍ഡും ചെയ്തു. വെറും പത്തുമിനിറ്റുകൊണ്ടു പിറന്ന ആ ഗാനമാണ് സൂപ്പര്‍ ഹിറ്റായത്.

പീര്‍ മുഹമ്മദിനെ രൂപപ്പെടുത്തിയതില്‍ പ്രമുഖ സംഗീത സംവിധായകന്‍ എ ടി ഉമ്മറിനു വലിയ പങ്കുണ്ട്. അദ്ദേഹത്തിന്റെ സംഗീതത്തില്‍ പാടിയ ‘അഴകേറുന്നോളേ വാ കാഞ്ചനമാല്യം ചൂടിക്കാം…’ ആണ് പീര്‍ക്കയുടെ ആദ്യ പ്രഫഷനല്‍ ഗാനം. അന്നത്തെ കാലത്ത് രണ്ട് ലക്ഷത്തിലധികം എല്‍ പി റെക്കോര്‍ഡുകളായിരുന്നു ഇതിന്റെ വില്‍പ്പന. ഇന്നും മാപ്പിള ഗാനശാഖയിലെ റിക്കോര്‍ഡാണിത്.
വേദികളില്‍നിന്നു വേദികളിലേക്കുള്ള വിശ്രമമില്ലാത്ത യാത്രയായിരുന്നു 50 വര്‍ഷം.

2008 മാര്‍ച്ച് 15 സന്തോഷത്തിന്റെ ദിനമായിരുന്നു. അന്ന് പ്രശസ്തമായ ഒ അബു പുരസ്‌കാരം ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനില്‍നിന്ന് പീര്‍ മുഹമ്മദ് ഏറ്റുവാങ്ങി. പിറ്റേന്നു പുലര്‍ച്ചെ പീര്‍ക്കയ്ക്കു കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല- പക്ഷാഘാതം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏറെ വൈകിപ്പോയെന്നു ഡോക്ടര്‍മാര്‍ കൈമലര്‍ത്തി. പക്ഷേ, കുടുംബാംഗങ്ങളുടെയും ആരാധകരുടെയും സ്‌നേഹത്തിനുവഴങ്ങി മാസങ്ങള്‍ക്കൊണ്ടു പീര്‍ക്ക പതിയെ കട്ടിലില്‍നിന്ന് എഴുന്നേറ്റു. അതിനു കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അഞ്ചു പതിറ്റാണ്ടു തങ്ങളെ ആഹ്ലാദത്തില്‍ ആറാടിച്ച ഗായകനോടുള്ള ആദരവായിരുന്നു പില്‍ക്കാലം. നാടുനീളെ ആദരസായാഹ്നങ്ങള്‍… ഗള്‍ഫിലേക്കുപോലും പലതവണ ഇദ്ദേഹത്തെ കൊണ്ടുപോയി. അദ്ദേഹം കസേരയില്‍ ഇരുന്നു പാടിയ രണ്ട് വരികള്‍ പോലും ഒരു സദസ്സിനെയാകെ ആഹ്ലാദഭരിതമാക്കി. ആവേശപൂര്‍വം അവര്‍ അതു ഷൂട്ട് ചെയ്തു യൂട്യൂബില്‍ പോസ്റ്റ് ചെയ്തു. അതിനുപോലും ലൈക്കുകള്‍ കുമിഞ്ഞുകൂടുന്നു. പീര്‍ക്കയുടെ വാക്കുകള്‍ ഇങ്ങിനെ… എനിക്കു വീഴ്ചപറ്റിയതു നന്നായി. സത്യത്തില്‍ ജനങ്ങള്‍ ഇത്രമാത്രം ആഴത്തില്‍ എന്നെ സ്‌നേഹിക്കുന്നു എന്നു മനസ്സിലായത് ഇക്കാലത്താണ്’.
ഓരോ സ്വീകരണ ചടങ്ങിലും ആളുകള്‍ എന്നെപ്പറ്റി പ്രസംഗിക്കുന്നതു കേള്‍ക്കുമ്പോള്‍ എനിക്കു മനസ്സിലാകും ഈ വീഴ്ചയും ദൈവം തന്ന ഒരു ഭാഗ്യമാണെന്ന്. അല്ലെങ്കില്‍ ഞാന്‍ മരിച്ചുകഴിഞ്ഞ് അനുശോചന ചടങ്ങില്‍ പറയേണ്ട വാക്കുകളാണ് അവ. അതു ജീവിച്ചിരിക്കുമ്പോള്‍ കേള്‍ക്കാന്‍ എനിക്കു ഭാഗ്യം ഉണ്ടായി. അതൊരു മഹാഭാഗ്യമാണ്!

മനസിലിട്ട് താലോലിക്കാന്‍, എപ്പോഴും മൂളിക്കൊണ്ടിരിക്കാന്‍ ഒത്തിരി നല്ല മാപ്പിളപ്പാട്ടുകള്‍ നല്‍കി പീര്‍ക്കായും വിട പറഞ്ഞു. മാപ്പിളപ്പാട്ടിന് വലിയ നഷ്ടമാണ് ഈ വര്‍ഷം സംഭവിച്ചത്. മാപ്പിളപ്പാട്ടു കുടുംബത്തിലെ കാരണവന്‍മാര്‍
ഓരോരുത്തരുമായി കൊഴിഞ്ഞ് പോയ്‌ക്കൊണ്ടിരിക്കുകയാണ്.

വി എം കുട്ടി മാസ്റ്റര്‍ക്കു പിന്നാലെ പീര്‍ മുഹമ്മദ്ക്കയും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരിക്കുന്നു. എരഞ്ഞോളി മൂസക്ക ഇവര്‍ക്കു മുമ്പായി യാത്ര പോയി. കുലപതികള്‍ ഓരോരുത്തരായി കടന്നുപോകുമ്പോള്‍ അവരുടെ പാട്ടുകള്‍ സ്മാരകങ്ങളായി നില്‍ക്കുന്നു എന്നത് മാത്രമാണ് ആശ്വാസം.

കൃത്യം പറഞ്ഞാല്‍ ഏഴ് വര്‍ഷം മുമ്പ്- 2014 നവംബര്‍ 21ന് വെള്ളിയാഴ്ചയാണ് അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ്ബിലെ ഖത്തര്‍ വോളിബാള്‍ അസോസിയേഷന്‍ ഇന്‍ഡോര്‍ ഹാളില്‍ മാപ്പിളപ്പാട്ടിലെ മൂന്നു തലമുറകള്‍ സംഗമിച്ച ഇശല്‍രാവ് അനര്‍ഘമുത്തുമാല അരങ്ങേറിയത്. മാപ്പിളപ്പാട്ട് ഗാനരംഗത്തെ വ്യത്യസ്ത ശബ്ദങ്ങളായ പീര്‍ മുഹമ്മദിനേയും കൂത്തുപറമ്പ് ശൈലജയേയും ആദരിച്ചത് ഞാനോര്‍ക്കുന്നു. അസുഖബാധിതനായി പൊതുരംഗത്തു നിന്നും മാറി നിന്ന പീര്‍ക്കയെ വീണ്ടും വേദിയിലെത്തിച്ച പരിപാടിയായിരുന്നു അത്. വര്‍ഷങ്ങളുടെ തിരശ്ശീല നീങ്ങിപ്പോവുകയും പീര്‍ക്കയുടെ മധുരഗാനങ്ങള്‍ വേദി അനുഭൂതിയോടെ കേള്‍ക്കുകയും ചെയ്തു.

കോവിഡ് കാലത്തിന് തൊട്ടുമുമ്പ്, രണ്ടുവര്‍ഷങ്ങള്‍ക്കപ്പുറം, ആശയുടെ പ്രവര്‍ത്തകരോടൊപ്പം മലയാളത്തിലെ പ്രമുഖരായ കവികളേയും ഗായകരേയും സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി പീര്‍ക്കയെ തലശ്ശേരിയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കണ്ടിരുന്നു. അന്ന് ഏറെ നേരം സംസാരിച്ചാണ് ഞങ്ങള്‍ പിരിഞ്ഞത്. രോഗത്തിന്റെ അസ്വസ്ഥതകളും അവസ്ഥയും മറന്ന് ഞങ്ങളോടൊപ്പം പാടിയും പറഞ്ഞുമിരുന്നത് ഞാനിപ്പോഴും ഓര്‍ക്കുന്നു.
ഇന്നലെ രാത്രി അദ്ദേഹത്തിന് അസുഖം വര്‍ധിച്ചുവെന്നറിഞ്ഞപ്പോള്‍ പല തവണ അദ്ദേഹത്തിന്റെ മകനും മകളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഒടുവില്‍ ഇന്നുരാവിലെ അദ്ദേഹം ഇല്ലാതായി എന്ന വേദനിപ്പിക്കുന്ന വാര്‍ത്ത വരുന്നു…

പറഞ്ഞാല്‍ തീരാത്ത എത്ര മനോഹര ഗാനങ്ങളാണ് അദ്ദേഹം മാപ്പിളപ്പാട്ടു ശാഖയ്ക്ക് സമ്മാനിച്ചത്!
പി ടി അബ്ദുറഹ്മാനും എ ടി ഉമ്മറും പീര്‍ മുഹമ്മദും ചേര്‍ന്ന് നല്കിയ പാട്ടുകളില്‍ പലതും എക്കാലവും ഓര്‍മിക്കപ്പെടുന്നവയാണ്. ആഘോഷങ്ങളുടെ പാട്ടുകാരനായിരുന്നു അദ്ദേഹം. പാട്ടു പരിപാടി വിജയിപ്പിക്കാന്‍ ഏത് വേദിയിലും ഇന്നും എക്കാലവും പീര്‍ മുഹമ്മദിന്റെ ഗാനങ്ങള്‍ വേണ്ടിവരും എന്നതാണ് സത്യം.
പീര്‍ക്കയുടെ വിയോഗത്തില്‍ വേദനിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന് സമാധാനവും ശാന്തിയും പ്രദാനം ചെയ്യട്ടെ. എന്ന പ്രാര്‍ഥനയോടെ..

Share This Article
Leave a Comment
error: Content is protected !!