

വാദി ദവാസിര്‍: അരീക്കോടിനടുത്തു കടുങ്ങല്ലൂര്‍ സ്വദേശി മുഹമ്മദുണ്ണി അബൂബക്കര്‍ സ്‌ട്രോക് ബാധിച്ചു രണ്ടു മാസത്തോളമായി സൗദി അറേബ്യയിലെ വാദി ദവാസിര്‍ ജനറല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റിലായിരുന്നു. 43 വയസ് പ്രായമുള്ള മുഹമ്മദുണ്ണി മൂന്ന് ആഴ്ചയോളം അര്‍ധബോധാവസ്ഥയില്‍ ഐ സി യുവിലും വെന്റിലേറ്ററിലുമായിരുന്നു. തുടര്‍ന്ന് റൂമിലേയ്ക്ക് മാറ്റിയെങ്കിലും ശരീര ഭാഗങ്ങള്‍ ചലിപ്പിക്കുവാനും സംസാരിക്കാനും കഴിയാതെ വളരെ പ്രയാസപ്പെട്ടിരുന്ന മുഹമ്മദുണ്ണിയ പരിചരിക്കാന്‍ വാദിയിലെ ഒരുപറ്റം പരിചയക്കാരും നാട്ടുകാരുമായ മനുഷ്യസ്‌നേഹികള്‍ തയ്യാറായി. തുടര്‍ചികത്സയ്ക്ക് നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നേരത്തെ നടത്തിയിരുന്നെവെങ്കിലും ആരോഗ്യസ്ഥിതി തൃപ്തികരമല്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ വിസമ്മതിക്കുയയായിരുന്നു. ഇപ്പോഴും ഇടയ്ക്കിടെ ഓക്്‌സിജന്‍ കൊടുക്കേണ്ടതായും തലയില്‍ നിന്നും കഫം ഒഴിവാക്കേണ്ടതും ഉണ്ട്.

നാളെ പുലര്‍ച്ചെ ജിദ്ദയില്‍ നിന്നും കൊച്ചിയിലേയ്ക്ക് പോകുന്ന സൗദി എയര്‍ലൈന്‍സില്‍ പ്രത്യേക മെഡിക്കല്‍ സജ്ജീകരണങ്ങള്‍ സംവിധാനിച്ചാണ് മുഹമ്മദുണ്ണിയ തുടര്‍ചികിത്സയ്ക്കായി കൊണ്ടുപോകുന്നത്. സൗദി എയര്‍ലൈന്‍സിന്റെ സ്ട്രക്ച്ചര്‍ ഫയര്‍ 23500 റിയാല്‍ ഐ സി എഫ് നേതൃത്വത്തില്‍ കെ എം സി സി പ്രവര്‍ത്തകരുടെയും ടാക്‌സി തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവരുടെയും ശ്രമഫലമായിട്ടാണ് സ്വരൂപിച്ചത്.

വാദി ദവാസിറില്‍നിന്നും പ്രത്യേക ആംബുലന്‍സില്‍ അദ്ദേഹത്തെ ജിദ്ദയില്‍ എത്തിക്കാന്‍ ചികില്‍സിച്ചിരുന്ന ഡോക്ടര്‍മാരും ഹോസ്പിറ്റല്‍ അധികൃതരും ഏറെ സഹായിച്ചുവെന്നും കൊച്ചിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുള്ള ആംബുലന്‍സ് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി മഞ്ചേരി സ്വാന്ത്വന കേന്ദ്രവുമായി ബന്ധപ്പെട്ടു ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നും ഐ സി എഫ് സംഘടനകാര്യ പ്രസിഡന്റ് നിസാര്‍ എസ് കാട്ടില്‍ അറിയിച്ചു.

