Connect with us

Special

മന്‍മോഹന്‍ സിംഗ്: ‘ചരിത്രം എന്നോട് ദയ കാണിക്കും, സമകാലിക മാധ്യമ ജല്പനങ്ങളല്ല’

Published

on


ആധുനിക ഇന്ത്യയുടെ ശില്പിക്ക് പ്രണാമം.
2014 ജനുവരിയില്‍ ഡോ. മന്‍മോഹസിംഗിന്റെ പ്രധാന മന്ത്രി എന്നനിലയില്‍ അവസാന മാധ്യമ സമ്മേളനം. ഭരണ കാലത്ത് അദ്ദേഹം നേരിട്ട വിമര്‍ശനങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും രണ്ടു വാചകത്തില്‍ ചുരുങ്ങിയ മറുപടി. ‘രാജ്യത്തിന്റെ ചരിത്രം എന്നേട് ദയ കാണിക്കും, ആധുനിക നവ മാധ്യമങ്ങളുടെ ജല്പനങ്ങളല്ല’.

പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ രാജ്യം ഡോ. മന്‍മോഹന്‍ സിംഗിന് വിട നല്‍കി.
രാജ്യത്തിന്റെ പരമാധികാരിയായ പ്രസിഡണ്ടുള്‍പ്പെടെ പ്രധാനമന്ത്രിയും കാബിനറ്റംഗങ്ങളും കോണ്‍ഗ്രസ് പ്രസിഡന്റും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയ ഗാന്ധിയുമടക്കം ഗാന്ധി കുടുബം മുഴുവനും മറ്റു കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്ത ചടങ്ങ് രാജ്യത്തിന്റെ മുഴുവന്‍ ആദരവും അനുശോചനവും രേഖപ്പെടുത്തിയുള്ള വിടവാങ്ങല്‍ ചടങ്ങായിരുന്നു.

രാഷ്ട്ര നേതാക്കളേയും പ്രമുഖരേയും സാക്ഷി നിര്‍ത്തി യമുനാ നദീ തീരത്തെ നിഗം ബോധില്‍ സൈന്യത്തിന്റെ ഇരുപത്തി ഒന്ന് ആചാര വെടികളോടെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം അഗ്നി ഏറ്റുവാങ്ങി.

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ ആധുനിക ഭാരത ശില്പിയായി ചരിത്രം രേഖപ്പെടുത്തും. സോഷ്യലിസ്റ്റ് ധനതത്വ ശാസ്ത്ര തിയറികളുടെ ചുവടുപിടിച്ച് സഞ്ചരിച്ചിരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് പുരോഗതിയുടെ പുതിയ ദിശാബോധം നല്‍കിയത് മന്‍മോഹന്‍ സിംഗിന്റെ ഉദാരവത്ക്കരണ നയവും ആഗോളവല്‍ക്കരണ നയവുമാണ്.

തൊണ്ണൂറുകളുടെ അവസാനത്തോടെ വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ രക്ഷിച്ച് കരകയറ്റിയത് അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിന്റെ സാമ്പത്തിക നയങ്ങളാണ്.

ഇന്ത്യയുടെ ചരിത്രത്തിലെ വിപ്ലവകരമായ മാറ്റങ്ങളാണ് തുടര്‍ന്ന് രാജ്യത്തുണ്ടായത്.
ഉദാരവത്ക്കരണ നയങ്ങളിലൂടെ രാജ്യത്തിന്റെ വ്യവസായ വ്യാപാര കര്‍ഷിക മേഖലകള്‍ക്ക് പുത്തനുണര്‍വ്വ് നല്‍കി മാറ്റത്തിന്റെയും വികസനത്തിന്റേയും പാതയിലാവുകയും സാമ്പത്തിക വളര്‍ച്ചയുടെ പടവുകള്‍ കയറുകയും ചെയ്തു.

അദ്ദേഹത്തിന്റെ പിന്‍ഗാമികളായ ഭരണാധികാരികള്‍ മന്‍മോഹന്‍ തുറന്നിട്ട പാതയിലൂടെ സഞ്ചരിച്ചുകൊണ്ടാണ് ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സമ്പദ് ശക്തിയാക്കുമെന്ന് പറയുന്നത്.

നേരിട്ട് വിദേശ നിക്ഷപം, സേവന ഉത്പാദന മേഖലകള്‍ക്ക് നല്‍കിയ ഉണര്‍വ്വും ഉന്മേഷവും രാജ്യത്തിന്റെ സമസ്ത മേഖലകള്‍ക്കും വികസനത്തിനത്തിന്റെ പുതിയ രീതികള്‍ തുറന്നു കൊടുത്തു.

റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന മന്‍മോഹ സിംഗിനെ ആദ്യമായി ധനമന്ത്രിയായി നിയമിച്ചത് പി വി നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഗവണ്‍മെന്റായിരുന്നു. മുങ്ങിത്താണുകൊണ്ടിരുന്ന സാമ്പത്തിക രംഗത്തിന് പാര്‍ട്ടിയിലേയും മുന്നണിയിലേയും എതിര്‍പ്പുകളെ അവഗണിച്ച് തന്റെ ധീരമായ തീരുമാനങ്ങളിലൂടെ പുതുജീവന്‍ നല്‍കി സംരക്ഷിച്ച് ഉയര്‍ത്തിയെടുത്തു മന്‍മോഹന്‍ സിംഗ് എന്ന സാമ്പത്തിക വിദഗ്ധന്‍.

കറന്‍സി ഡീവാലുവേഷനിലൂടെയും ഇറക്കുമതി താരിഫ് താഴ്ത്തിയും നഷ്ടത്തിലോടുന്നതും നേട്ടമുണ്ടാക്കാത്തതുമായ സര്‍ക്കാര്‍ കമ്പനികളെ സ്വകാര്യ വത്ക്കരിച്ചും അര്‍ദ്ധ സര്‍ക്കാര്‍ മേഖലകളിലാക്കിയും എടുത്ത തീരുമാനങ്ങളാണ് ഇന്ത്യാ രാജ്യത്തിന്റെ വ്യവസായ വ്യാപാര മേഖലകള്‍ക്ക് നല്‍കിയ പുത്തനുണര്‍വ്വ്.

അദ്ദേഹത്തിന്റെ ധനകാര്യ മാനേജ്‌മെന്റിന്റെ ഗുണഫലമായാണ് 2004- 2009 കാലഘട്ടത്തില്‍
രാജ്യത്തിന്റെ ജി ഡി പി ആരോഗ്യകമായ എട്ട് ശതമാനം വളര്‍ച്ചയില്‍ തുടര്‍ന്നതും ലോകത്ത് ദ്രുതഗതിയില്‍ വളരുന്ന രണ്ടാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യാ രാജ്യം മാറിയതും.

ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന ഒട്ടേറെ നിയമങ്ങളും തീരുമാനങ്ങളുമെടുത്ത മന്‍മോഹന്‍ സിംഗ് അറിയാനുള്ള പൗരന്റെ അവകാശവും ആറുതൊട്ട് 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധവുമായ വിദ്യാഭ്യാസവകാശം, ആധാര്‍ കാര്‍ഡ്, എല്ലാ ആവശ്യത്തിനുമുള്ള തിരിച്ചറിയല്‍ രേഖയാക്കിയതും ഡോ. മന്‍മോഹന്‍ സിംഗിന്റെ ഭരണ കാലഘട്ടത്തിലാണ്.

ഊര്‍ജ്ജ പ്രതിസന്ധി മറികടക്കാനുള്ള പ്രധാന മാര്‍ഗ്ഗം ആണവോര്‍ജ്ജവമാണെന്നുള്ള അദ്ദേഹത്തിന്റേയും സര്‍ക്കാരിന്റേയും തീരുമാനങ്ങള്‍ക്ക് സഖ്യകക്ഷികളായ ഇടതുപക്ഷ പാര്‍ട്ടികള്‍ പിന്തുണച്ചില്ല. പ്രതിസന്ധികള്‍ മറികടന്ന് സര്‍ക്കാരിനേയും കരാറിനേയും രക്ഷിച്ചെടുത്ത മന്‍മോഹന്‍ സിംഗ് താന്‍ പൂര്‍ണ്ണ രാഷ്ട്രീയക്കാരനല്ല എന്ന പരാതിക്ക് രാഷ്ട്രീയ തന്ത്രജ്ഞത കാണിച്ച് മുന്നണി ഭരണത്തെ രക്ഷിച്ചെടുക്കുകയായിരുന്നു.
രാജ്യത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച ഭക്ഷ്യസുരക്ഷ നിയമം ലോകത്തിന്റെ തന്നെ പ്രശംസ നേടിയ കാല്‍ വയ്പായിരുന്നു.

അദ്ദേഹത്തിന്റെ ഭരണ കാലത്ത് നടപ്പാക്കിയ പത്ത് പ്രധാന സാമ്പത്തിക പരിഷ്‌കാരങ്ങളാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥിതിയുടെ സുസ്ഥിരമായ വളര്‍ച്ചയ്ക്കും വികാസത്തിനും കാരണമായതും ഇന്ത്യയെ വേഗത്തില്‍ വളരുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റിയതും.

ലോകം കണ്ട നൂറു മികച്ച ബുദ്ധിമാന്മാരിലൊരാളായ മന്‍മോഹന്‍ സിംഗ് മൃദു ഭാഷിയും മികച്ച സാമ്പത്തിക വിദഗ്ധനും മതേതര ജനാധിപത്യ വിശ്വാസിയുമാണ്. ഇന്ത്യയുടെ ചരിത്രത്താളുകള്‍ക്ക് വിസ്മരിക്കാനാവാത്ത ചരിത്രം സൃഷ്ടിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹ സിംഗ് പാവപ്പെട്ടവന്റേയും ഇടത്തരക്കാരുടേയും വ്യാപാര വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടേയും മനസ്സില്‍ ഇടം നേടി ചരിത്രം സൃഷ്ടിച്ച രാഷ്ട്രനേതാവാണ്.

ഇന്ത്യയുടെ ചരിത്രം മഹാനായ മന്‍മോഹനോട് ദയ മാത്രമല്ല രാജ്യം ഒരിക്കലും മറക്കാത്ത വലിയ ആദരവും ബഹുമാനവും സ്‌നേഹവും എക്കലത്തും ജനമനസ്സുകളിലും ചരിത്രത്തിലും സൂക്ഷിക്കും.

Advertisement

error: Content is protected !!