

അമ്മയാം നന്‍മയെ
ഉണ്മയായ്
ഞാനിതാ കുമ്പിടുന്നൂ.

അര്‍ച്ചനാമന്ത്രങ്ങള്‍
ഇഛയാല്‍ച്ചൊല്ലി
തര്‍പ്പണം ചെയ്യുന്നിതാദരാലേ.

ആത്മാവിന്‍ സായൂജ്യം ഏകുവാന്‍ ചൊല്ലുന്നു
പാദാരവിന്ദത്തില്‍ പൂജയാലേ.
പൂരിച്ച മോദാലനുഗ്രഹിച്ചീടുക
ചേലുറ്റകണ്മണിത്താരക കൂട്ടത്തെ.
അമ്മതന്‍ മാറിലെ
അമ്മിഞ്ഞപ്പാലിന്റെ
നന്മയാല്‍ത്തീര്‍ന്നതാണെന്റെ ജന്മം.
അമ്മതന്‍ മടിമേലേ
താളത്തിലാടി ഞാന്‍
ഈണത്തില്‍ തീര്‍ത്തുള്ളൊ-
രീരടിയാല്‍.
പഴമ്പാട്ടു പാടിയും
പൗര്‍ണ്ണമി കാട്ടിയും
പാല്‍ക്കഞ്ഞിയെത്രയോ
പകര്‍ന്നോരീ വായ്ക്കുള്ളില്‍.
പുന്നാരംമുത്തീട്ട്
പൊന്നായിക്കാത്തതും
പൊന്നോണം പോലെന്നും
പൂത്തുനില്‍പ്പൂ.
ഇന്നെന്റെ ചൊല്ലെല്ലാം
നിന്‍ ചേലുറ്റചിന്തതന്‍
ഈരടിയല്ലയോ.
അന്നെനിക്കേകിയ വേറിട്ട
തായ്‌മൊഴിത്താളങ്ങള്‍
തുള്ളിത്തുളുമ്പുന്നുണ്ട്
ഓളങ്ങള്‍ പോലെ.
അരുമയാം മക്കളെ
അലിവോടെ കാത്തു നീ
കനിവിന്റെ കാതലാം
പൊന്‍വിളക്കേ.
പാദാരവിന്ദങ്ങള്‍
കൂപ്പുന്നുഞാനമ്മേ
പാപിയാം എന്നെയും
കാത്തിടേണേ.
അണയാത്ത ദീപമായ്
എന്മനക്കണ്‍കളില്‍
തീരാത്ത മോഹമായ്
നീയെന്റെയുള്ളിലായ്.
തോരാത്ത കണ്ണീരിന്‍
ഉള്‍ക്കടല്‍തിങ്ങലായ്
ഉള്ളത്തില്‍വസിപ്പൂ എന്നമ്മയെന്നെന്നും.
സ്‌നേഹത്തിന്നോര്‍മ്മയാം
അന്‍പെഴുംപൊന്‍വിളക്കേ,
അന്‍പോടു ഞാനങ്ങര്‍പ്പിച്ചീടുന്നിതാ
എന്നാത്മബാഷ്പത്തിന്‍ ഹൃദയാഞ്ജലി.


