അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി വിയറ്റ്‌നാമീസ് അഭയാര്‍ഥികളുടെ മക്കള്‍

Web Desk
5 Min Read

അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമായി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കണമെന്ന് ആവശ്യപ്പെട്ട് കാനഡയിലെ വിയറ്റ്‌നാമീസ് അഭയാര്‍ഥികളുടെ മക്കള്‍. ജസ്റ്റിന്‍ ട്രൂഡോയുടെ പിതാവ് പിയറി ട്രൂഡോ വിയറ്റ്‌നാമീസ് അഭയാര്‍ഥികള്‍ക്കായി ചെയ്ത പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്കു വേണ്ടി കാനഡ കൂടുതല്‍ ചെയ്യുമെന്ന പ്രതീക്ഷ തങ്ങള്‍ക്കുണ്ടായിരുന്നതായി അവര്‍ പറയുന്നു. എന്നാല്‍ അഫ്ഗാനിലെ ഇപ്പോഴത്തെ അവസ്ഥാവിശേഷത്തിന് ഉത്തരവാദിത്വമുള്ള രാജ്യങ്ങളിലൊന്നായ കാനഡയുടെ പ്രവര്‍ത്തനങ്ങള്‍ ലജ്ജാകരമായാണ് അനുഭവപ്പെടുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

city exchange


അഫ്ഗാനിലെ മാനുഷിക പ്രതിസന്ധിയില്‍ മികച്ച രീതിയില്‍ സഹായങ്ങള്‍ നല്കാന്‍ ശ്രമിച്ചെന്നാണ് കാനഡ പറയുന്നത്. എന്നാല്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. ‘കുടിയേറ്റക്കാരുടെ രാജ്യമായ’ കാനഡ ഇരുപതിനായിരം അഫ്ഗാന്‍ അഭയാര്‍ഥികളെ സ്വീകരിക്കുമെന്നാണ് പറഞ്ഞതെങ്കിലും പാകിസ്താന്‍, ജര്‍മനി, ഇറാന്‍, തുര്‍ക്കി, ഓസ്ട്രിയ, ഫ്രാന്‍സ്, ഗ്രീസ്, സ്വീഡന്‍ എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ കാനഡയുടെ പങ്കാളിത്തം തീര്‍ത്തും കുറവാണ്.

ആഗസ്ത് 31നാണ് യു എസ് അഫ്ഗാനിസ്ഥാനില്‍ നിന്നും പൂര്‍ണമായ പിന്മാറ്റം പ്രഖ്യാപിച്ചതെങ്കിലും അതിനും അഞ്ചു ദിവസം മുമ്പ് ആഗസ്ത് 26ന് കാബൂളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ കാനഡ അവസാനിപ്പിക്കുകയായിരുന്നു. ഏകദേശം 3700 പേരെയാണ് കാബൂളില്‍ നിന്നും ഒഴിപ്പിച്ചത്. യു കെ നിര്‍വഹിച്ച പ്രവര്‍ത്തനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേവലം നാല് ശതമാനം മാത്രമാണിത്.

- Advertisement -
Ad image


അനിശ്ചിതമായ ഭാവിയാണ് അഫ്ഗാന്‍ ജനത താലിബാന്‍ ഭരണത്തിന് കീഴില്‍ നേരിടേണ്ടി വരികയെന്നും വിയറ്റ്‌നാമീസ് അഭയാര്‍ഥികളുടെ മക്കള്‍ ആശങ്കപ്പെടുന്നു. വിയറ്റ്നാമീസ് അഭയാര്‍ഥികളുടെ മക്കളെന്ന നിലയില്‍ അഫ്ഗാനിസ്ഥാനിലെ നിരവധി പേര്‍ അനുഭവിക്കേണ്ടി വരുന്ന നിരാശയും വേദനയും വിശ്വാസവഞ്ചനയും സങ്കല്‍പ്പിക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നും അവര്‍ പറയുന്നു.


അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ അവസ്ഥ വിയറ്റ്നാമീസ് സമൂഹത്തിലെ പലര്‍ക്കും 1975ലെ സൈഗോണ്‍ ആഘാതത്തിന്റെ ഓര്‍മകളാണ് നല്കുന്നത്. 1975ല്‍ എന്താണ് സംഭവിച്ചതെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകുമെന്നാണ് തങ്ങളുടെ മാതാപിതാക്കള്‍ സന്ദേശം അയച്ചതെന്നും അവര്‍ പറയുന്നു. വിയറ്റ്നാമീസ് സമൂഹം മാത്രമല്ല മാധ്യമങ്ങളും അക്കാലത്തെ സംഭവങ്ങളുമായി അഫ്ഗാനിലെ സ്ഥിതിവിശേഷങ്ങളെ താരതമ്യം ചെയ്യുന്നുണ്ട്.


യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇത് സൈഗോണ്‍ അല്ല എന്നാണ് പറഞ്ഞിരുന്നത്. കാബൂള്‍ അക്ഷരാര്‍ഥത്തില്‍ സൈഗോണ്‍ അല്ലെന്ന ബ്ലിങ്കന്റെ പ്രസ്താവന തെറ്റല്ലെന്നും കാരണം താലിബാന്‍ വിയറ്റ്നാമിന്റെ പീപ്പിള്‍സ് ആര്‍മിയോ അഫ്ഗാനിസ്ഥാന്‍ വിയറ്റ്നാമോ അല്ല. സമാനതകളോടുള്ള പ്രതിരോധം മനസ്സിലാക്കാമെങ്കിലും വിയറ്റ്നാം യു എസ് സൈനിക സ്ഥാപനത്തെ കാടത്തത്തിന്റെ പ്രധാന ഉദാഹരണമായി നിലനിര്‍ത്തുന്നു. വ്യക്തമായ ആസൂത്രണമില്ലാത്ത ശാശ്വത യുദ്ധം, ഒഴിപ്പിക്കലുകളുടെ നാടകീയതകള്‍, ഇമേജ് നിലനിര്‍ത്താനുള്ള തോക്കുകള്‍ തുടങ്ങിയവ വിയറ്റ്നാമീസ് അഭയാര്‍ഥികളുടെ മക്കള്‍ എടുത്തു പറഞ്ഞു.

അഫ്ഗാനിസ്ഥാനും വിയറ്റ്നാമും തമ്മില്‍ സമാനതകള്‍ ഏറെയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ അവരുടെ സൈനിക ശക്തി ഉപയോഗിച്ചാണ് ഈ രാജ്യങ്ങളുടെ വിധി രൂപപ്പെടുത്തുന്നതില്‍ സജീവമായ പങ്കുവഹിച്ചത്. അഫ്ഗാനിസ്ഥാനിലെ കാനഡയുടെ സൈനിക ഇടപെടല്‍ നിഷേധിക്കാനാവാത്തതാണെങ്കിലും വിയറ്റ്നാം യുദ്ധസമയത്ത് അമേരിക്കന്‍ ഡ്രാഫ്റ്റ് ഡോജര്‍മാര്‍ക്കും മനഃസാക്ഷി സൂക്ഷിപ്പുകാര്‍ക്കും സുരക്ഷിത താവളമായാണ് പ്രവര്‍ത്തിച്ചതെന്നും കുറ്റപ്പെടുത്തുന്നു. വിയറ്റ്നാമിലെ സംഘര്‍ഷം നീട്ടുന്നതില്‍ കാനഡയുടെ സജീവമായ പങ്ക് ഉണ്ടായിരുന്നു.

യു എസ് സൈന്യത്തിന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കുപ്രസിദ്ധമായ ഏജഞ്ച് ഓറഞ്ച് വാതകവും നിര്‍മിച്ച് നല്കിയതില്‍ കാനഡയ്ക്ക് പങ്കുണ്ടായിരുന്നു. വിയറ്റ്നാമിലെ സമൃദ്ധമായ വനങ്ങളില്‍ വന്‍തോതില്‍ വനനശീകരണം നടത്താന്‍ രാജ്യങ്ങള്‍ കൂട്ടുനിന്നു. കുട്ടികള്‍ ഉള്‍പ്പെടുന്ന ലക്ഷക്കണക്കിന് വിയറ്റ്നാമീസ് പൗരന്മാര്‍ അംഗവൈകല്യത്തിന് ഇരയാകുന്നതില്‍ ഈ രാജ്യങ്ങളെല്ലാം പങ്കുവഹിച്ചിട്ടുണ്ട്.

വിയറ്റ്നാം യുദ്ധസമയത്ത് സൈന്യത്തെ ഔദ്യോഗികമായി വിന്യസിക്കാനുള്ള യു എസ് അഭ്യര്‍ഥന കാനഡ നിരസിച്ചെങ്കിലും പന്ത്രണ്ടായിരം മുതല്‍ നാല്‍പ്പതിനായിരം വരെ കാനഡക്കാര്‍ വിയറ്റ്നാമില്‍ സേവനം അനുഷ്ഠിക്കാന്‍ സന്നദ്ധരായിരുവെന്ന് കണക്കാക്കപ്പെടുന്നുണ്ട്. വിയറ്റ്നാം വെറ്ററന്‍സ് മെമ്മോറിയലിലെ 79 മുതല്‍ 160 വരെയുള്ള പേരുകള്‍ കൃത്യമായി കനേഡിയന്‍ എന്ന് തിരിച്ചറിയാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങളില്‍ കാനഡയുടെ പങ്കാളിത്തം തിരിച്ചറിഞ്ഞ് അഫ്ഗാന്‍ ജനതയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനും രാജ്യം കൂടുതല്‍ ചെയ്യേണ്ടതുണ്ടെന്നും അവര്‍ ആവശ്യപ്പെടുന്നു.
1969ല്‍ പ്രധാനമന്ത്രി പിയറി എലിയറ്റ് ട്രൂഡോ അഭയാര്‍ഥി കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ച ശേഷം അഭയാര്‍ഥികളോടുള്ള ധാര്‍മികവും നിയമപരവുമായ ബാധ്യത ഉയര്‍ത്തിപ്പിക്കാന്‍ കാനഡ നിര്‍ബന്ധിതമാകുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ യുദ്ധത്തിന്റെ ദോഷകരമായ അനന്തരഫലങ്ങള്‍ വര്‍ഷങ്ങളോളം തുടരുന്നതിനാല്‍ കാനഡ ഈ ഉത്തരവാദിത്വം നിര്‍വഹിക്കണമെന്നും ആവശ്യപ്പെടുന്നു.

വിയറ്റ്നാം യുദ്ധത്തിന് ശേഷം വിയറ്റ്നാമിലെ വിജയികളായ പീപ്പിള്‍സ് ആര്‍മി ദക്ഷിണ വിയറ്റ്നാമീസ് ജനതയെ തടവിലാക്കുകയും പീഡിപ്പിക്കുകയും വധിക്കുകയും ചെയ്തു. ആളുകളെ മാസങ്ങളും വര്‍ഷങ്ങളും ഏകപക്ഷീയമായി തടവിലാക്കുകയും ചെയ്തു. ദശലക്ഷക്കണക്കിന് വിയറ്റ്നാമികളാണ് കടല്‍ വഴി പലായനം ചെയ്തത്. ഇതിനിടെ പതിനായിരങ്ങള്‍ മുങ്ങിമരിക്കുകയും ചെയ്തു. ചിലരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി അടിമത്തത്തില്‍ വില്‍ക്കുകയും ചെയ്തു. ഭാഗ്യശാലികളില്‍ പലര്‍ക്കും കാനഡ പോലുള്ള രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്നതിന് മുമ്പ് ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയേണ്ടി വന്നിട്ടുണ്ട്.

1979 മുതല്‍ 1985 വരെ വിയറ്റ്നാമികളില്‍ പലരും ‘ബോട്ട് ജനത’യായാണ് ജീവിച്ചത്. അക്കാലത്ത് പ്രധാനമന്ത്രി പിയറി ട്രൂഡോയുടെ കീഴില്‍ അറുപതിനായിരം അഭയാര്‍ഥികളെയാണ് സ്വീകരിക്കാന്‍ തീരുമാനിച്ചത്. മുന്‍ സര്‍ക്കാര്‍ അരലക്ഷം പേരെ് തീരുമാനിച്ചപ്പോള്‍ പതിനായിരം പേരെ കൂടി കൂടുതല്‍ സ്വീകരിക്കുകയായിരുന്നു കാനഡ.


കാനഡയെ സംബന്ധിച്ചിടത്തോളം കഠിനമായ ജോലിയാണെങ്കിലും അഫ്ഗാനികള്‍ തങ്ങള്‍ക്കറിയാവുന്ന ഒരേയൊരു സ്ഥലത്തു നിന്നും പലായനം ചെയ്യുകയാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തില്‍ തൂങ്ങി നില്‍ക്കാന്‍ ശ്രമിച്ച് വീണു മരിച്ചവരുടെ കഥകള്‍ വേദനാജനകമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.


യു എന്‍ എച്ച് സി ആര്‍ കണക്കുകള്‍ പ്രകാരം അഫ്ഗാനില്‍ ആഭ്യന്തര കലാപം ആരംഭിച്ചതു മുതല്‍ 240,000 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാനഡ കേവലം ഇരുപതിനായിരം അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്ക് മാത്രമാണ് അഭയം നല്കുന്നത്. യു എന്‍ എച്ച് സി ആര്‍ കണക്കാക്കുന്നത് പ്രകാരം പാകിസ്താനില്‍ 1.4 ദശലക്ഷം പേരും ഇറാനില്‍ ഏഴര ലക്ഷം പേരുമാണ് അഫ്ഗാന്‍ അഭയാര്‍ഥികളുള്ളത്.

സിറിയന്‍ അഭ്യാര്‍ഥികളായ 44,640 പേരെയും യമനില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നു അറുപതിനായിരം പേരെയും സ്വീകരിച്ച എത്യോപ്യ, യമന്‍, കംബോഡിയ, ലാവോസ് എന്നിവിടങ്ങളില്‍ നിന്നും അഭയാര്‍ഥികളെ സ്വീകരിച്ചിട്ടുണ്ട്.


നിരവധി വിയറ്റ്നാമി ജനങ്ങള്‍ അഫ്ഗാന്‍ ജനതയെ തങ്ങളുമായി താരതമ്യം ചെയ്യുന്നതിനാല്‍ അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും ശ്രമിക്കുന്നു. ശക്തവും ചരിത്രപരവുമായ നിമിഷത്തെ ഓര്‍മിപ്പിക്കുന്ന അവസരത്തിലാണ് ട്രൂഡോ ഉള്ളതെന്നും വിയറ്റ്നാമീസ് അഭയാര്‍ഥികളോടെന്ന പോലെ അഫ്ഗാന്‍ അഭയാര്‍ഥികളോടും കാനഡ കടമ നിര്‍വഹിക്കണമെന്നും ഔദാര്യം കാണിക്കണമെന്നും സംഘം അഭ്യര്‍ഥിച്ചു.


കോവിഡ് വ്യാപന കാലത്താണ് കാനഡ പെട്ടെന്നൊരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. അതിനിടയിലും അഫ്ഗാനിലെ മാനുഷികത തിരിച്ചറിയണമെന്നും ജസ്റ്റിന്‍ ട്രൂഡോ പിതാവിന്റെ പാത പിന്തുടരണമെന്നും അഭയാര്‍ഥികളുടെ സുരക്ഷയും ക്ഷേമവും ഉയര്‍ത്തിപ്പിടിക്കുന്നതിനും കൂടുതല്‍ അഫ്ഗാന്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനുമുള്ള കാനഡയുടെ ഉത്തരവാദിത്വം തിരിച്ചറിയണമെന്നും വിയറ്റ്‌നാമീസ് അഭയാര്‍ഥികളുടെ മക്കള്‍ ആവശ്യപ്പെടുന്നു.

Share This Article
Leave a Comment
error: Content is protected !!