Special
എം സൈഫുദ്ദീന്‍ കുഞ്ഞിന്റെ വിയോഗം; അറബിക് അധ്യാപക സംഘടനയ്ക്ക് നികത്താനാവാത്ത നഷ്ടം

കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ എ ടി എഫ്) സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, കേരള യൂണിവേഴ്‌സിറ്റി സിന്തിക്കേറ്റ് അംഗം, ഹാന്റക്‌സ് ഡയരക്ടര്‍, മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗം, റിട്ടയേര്‍ഡ് അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സ്ഥാപക നേതാവ് തുടങ്ങിയ നിരവധി ഉത്തരവാദപ്പെട്ട പദവികള്‍ വഹിച്ചിരുന്ന എം സൈഫുദ്ദീന്‍ കുഞ്ഞ് നിര്യാതനായ വാര്‍ത്ത അറബി അധ്യാപക സമൂഹത്തെ മുഴുവന്‍ ദുഃഖാകുലരാക്കിയിരിക്കുന്നു.


കേരളത്തിലെ അറബിക് വിദ്യാഭ്യാസ മേഖലയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ അളവറ്റതാണ്. കെ എ ടി എഫിന്റെ നേതൃത്വത്തില്‍ അദ്ദേഹം അറബിക് അധ്യാപകരുടെ അവകാശങ്ങള്‍ക്കായി നിരവധി പോരാട്ടങ്ങള്‍ നയിച്ചു. സംസ്ഥാനത്തുടനീളം കെ എ ടി എഫ് എന്ന സംഘടനയെ പടുത്തുയര്‍ത്തുന്നതില്‍, വിശിഷ്യ തെക്കന്‍ കേരളത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നും സ്മരിക്കപ്പെടുക തന്നെ ചെയ്യും.

കെ എ ടി എഫിന്റെ സമുന്നത നേതാക്കള്‍ക്കൊപ്പം ഒരു പുരുഷായുസ് മുഴുവന്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. ഒട്ടനേകം സമരങ്ങളും ത്യാഗങ്ങളും കണ്ടും കേട്ടും അനുഭവിച്ചുമാണ് അദ്ദേഹം പ്രസ്ഥാനത്തിന്റെ തലപ്പത്ത് എത്തിയത്. സംഭവ ബഹുലമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.


കേരള യൂണിവേഴ്‌സിറ്റി സിന്തിക്കേറ്റ് അംഗമായിരിക്കെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിരവധി പരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കി. മുസ്ലിം ലീഗ് സംസ്ഥാന സമിതിയിലെ സജീവ അംഗമായിരിക്കെ സമുദായത്തിന്റെ സാമൂഹിക, സാമ്പത്തിക വികസനത്തിനായി അദ്ദേഹം നിരന്തരം പ്രവര്‍ത്തിച്ചുവന്നു.
എം സൈഫുദ്ദീന്‍ കുഞ്ഞ് സാറിന്റെ വിയോഗം അനിവാര്യമാണെങ്കിലും അത് സൃഷ്ടിക്കുന്ന ശൂന്യത നികത്താന്‍ പ്രയാസമാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ എപ്പോഴും നമ്മുടെ ഹൃദയങ്ങളില്‍ ജീവിക്കും.
പരേതന്റെ ആത്മാവിന് ശാന്തിയും മോക്ഷവും നേരുന്നതോടൊപ്പം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഈ ദുഃഖസന്ധിയില്‍ ആശ്വാസം നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
മാഹിന്‍ ബാഖവി (കെ എ ടി എഫ് സംസ്ഥാന ട്രഷറര്‍)


