ദ്രവീകൃത പ്രകൃതി വാതകത്തിലേക്ക് മാറാന്‍ മടിച്ച് ബസ്സുകള്‍

Web Desk
2 Min Read

കോഴിക്കോട്: ഡീസല്‍ വില വര്‍ധനവിന്റെ പശ്ചാത്തലത്തിലും സി എന്‍ ജി യിലേക്കുള്ള ചുവടുമാറ്റത്തോട് മുഖം തിരിച്ച് സ്വകാര്യ ബസുകള്‍. കോവിഡും ഡീസല്‍ വിലയും സൃഷ്ടിച്ച കടുത്ത പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ ചെലവുകുറഞ്ഞതും പരിസ്ഥിതി സൗഹൃദപരവുമായ ദ്രവീകൃത പ്രകൃതി വാതകം സഹായകമാകുമെന്ന് സര്‍ക്കാര്‍ തലത്തില്‍ നിന്നുള്‍പ്പെടെ ബോധവല്‍ക്കരിച്ചിട്ടും ബസ് ഉടമകള്‍ ഉള്‍വലിയുന്ന സാഹചര്യമാണുള്ളത്.

city exchange

ഡീസലിനെ അപേക്ഷിച്ച് ലാഭമുണ്ടെങ്കിലും സി എന്‍ ജിയിലേക്ക് മാറാന്‍ ഏകദേശം നാലര ലക്ഷത്തോളം രൂപ് ചെലവാകുമെന്നതാണ് ബസ് ഉടമകളെ പിന്തിരിപ്പിക്കുന്നത്. ഡീസലില്‍ നിന്ന് നാച്ചുറല്‍ ഗ്യാസിലേക്ക് എഞ്ചിന്‍ മാറ്റം വരുത്തുന്നത് വന്‍ ചെലവും അതേസമയം വിജയ സാധ്യത കുറവാണെന്നും ബസ് ഉടമകള്‍ പറയുന്നു. പിന്നീടുള്ള മെയിന്റനന്‍സ് തുകയും കൂടും. ഇത് വലിയ സാമ്പത്തിക ബാധ്യത വരുത്തി വെയ്ക്കുമെന്ന ആശങ്കയും ബസ് ഉടമകള്‍ പങ്കുവെയ്ക്കുന്നു.

കുറ്റ്യാടി- കോഴിക്കോട് റൂട്ടില്‍ 10 വര്‍ഷമായി സര്‍വീസ് നടത്തുന്ന എ സി ബ്രദേഴ്‌സ് ബസാണ് ജില്ലയില്‍ ആദ്യമായി സി എന്‍ ജിയിലേക്ക് മാറിയത്. പിന്നീട് ആറോളം ബസുകളും സി എന്‍ ജിയിലേക്ക് മാറിയിട്ടുണ്ട്. എന്നിട്ടും ജില്ലയിലെ ഭൂരിഭാഗം ബസ് ഉടമകളും സി എന്‍ ജിയിലേക്ക് മാറാന്‍ താത്പര്യം പ്രകടിപ്പിച്ച് തുടങ്ങിയിട്ടില്ല.

- Advertisement -
Ad image

ഡീസലിനെ അപേക്ഷിച്ച് സി എന്‍ ജിയിലേക്ക് മാറുമ്പോള്‍ മൈലേജില്‍ കുറവുണ്ടാകുമെന്നും സി എന്‍ ജിയുടെ എഞ്ചിന്‍ പവര്‍ ഡീസല്‍ എഞ്ചിനേക്കാള്‍ കുറവാണെന്നും ബസ് ഉടമകള്‍ പറയുന്നു. എന്നാല്‍ ഇത് തെറ്റിദ്ധാരണയാണെന്ന് മേഖലയിലെ വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. ഹരിയാനയില്‍ ബസുകളും ലോറികളും ഉള്‍പ്പെടെ പതിനായിരത്തോളം വാഹനങ്ങള്‍ സി എന്‍ ജിയില്‍ ഓടുന്നുണ്ട്. വരുന്ന മാര്‍ച്ചോടെ രാജ്യത്തെ മിക്ക പെട്രോള്‍ പമ്പുകളിലും സി എന്‍ ജി ഇന്ധനം നിറയ്ക്കാന്‍ സംവിധാനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു ലിറ്റര്‍ ഡീസലിന് 95 രൂപ ചെലവ് വരുമ്പോള്‍ സി എന്‍ ജി കിലോഗ്രാമിന് 67 രൂപ മാത്രമേ ചെലവാകൂ.
സി എന്‍ ജി കത്തുമ്പോള്‍ പുറത്തുവിടുന്ന വിഷവാതകങ്ങളുടെ അളവ് മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ഇതിനു വായുവിനെക്കാള്‍ ഭാരം കുറവായതിനാല്‍ ഇന്ധനച്ചോര്‍ച്ച ഉണ്ടായാലും വായുവില്‍ പെട്ടെന്ന് ലയിച്ചുതീരും. അതിനാല്‍ മറ്റ് ഇന്ധനങ്ങളെക്കാള്‍ സുരക്ഷിതമാണ്.

ആര്‍ സി ബുക്കില്‍ ഇന്ധനം ഡീസല്‍ എന്നതുമാറ്റി സി എന്‍ ജി എന്നാക്കിയാല്‍ ഏഴുദിവസംകൊണ്ട് ബസുകളില്‍ പുതിയ സംവിധാനം സജ്ജീകരിക്കാം. ബസിന് 20 വര്‍ഷത്തിലധികം പഴക്കമുണ്ടാവരുതെന്നുമാത്രം. സി എന്‍ ജി വാഹനങ്ങള്‍ക്ക് മെയിന്റനന്‍സ് ചാര്‍ജും കുറവാണെന്നും സി എന്‍ ജി വാഹനരംഗത്ത് പ്രവര്‍ത്തന പരിചയമുള്ളവര്‍ പറയുന്നു. നിലവില്‍ എഞ്ചിന്‍ മാറ്റാനുള്ള സംവിധാനം എറണാകുളം ജില്ലയില്‍ മാത്രമാണുള്ളത്. മൂന്ന് ദിവസത്തെ പണി കൊണ്ട് സി എന്‍ ജിയിലേക്ക് മാറാം. ജില്ലയില്‍ ഇതിനായി കേന്ദ്രമുണ്ടെങ്കില്‍ കൂടുതല്‍ ബസുകള്‍ എത്തുമെന്നാണ് നേരത്തെ സി എന്‍ ജിയിലേക്ക് മാറിയ ബസ് ഉടമകള്‍ പറയുന്നത്.

Share This Article
Leave a Comment
error: Content is protected !!