
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബി ജെ പി വീണ്ടും അധികാരത്തില്‍ വരുമെന്ന് എ ബി പി- സി വോട്ടര്‍ സര്‍വേ. സംസ്ഥാന നിയമസഭയിലെ 403ല്‍ 259 മുതല്‍ 267 വരെ സീറ്റുകള്‍ ബി ജെ പി നേടുമെന്നാണ് സര്‍വേ നല്കുന്ന സൂചന. മുഖ്യ പ്രതിപക്ഷ കക്ഷിയായ സമാജ് വാദി പാര്‍ട്ടി വോട്ടുകളും സീറ്റുകളും വര്‍ധിപ്പിക്കുമെന്നും 107 മുതല്‍ 119 സീറ്റുകള്‍ വരെ നേടാമെന്നും സര്‍വേ പറയുന്നു.
എന്നാല്‍ ബി ജെ പിക്ക് നിലവിലുള്ള സീറ്റുകളില്‍ 62 എണ്ണം നഷ്ടപ്പെടാമെന്നും സമാജ്വാദി പാര്‍ട്ടി 65 സീറ്റുകള്‍ വരെ അധികം നേടുമെന്നും സര്‍വേ പറയുന്നു.

ബി ജെ പി വോട്ടുകളില്‍ 0.4 ശതമാനം വര്‍ധനവ് മാത്രമാണ് സര്‍വേ പ്രവചിക്കുന്നത്. എന്നാല്‍ സമാജ്വാദി പാര്‍ട്ടിയുടെ വോട്ടുകളില്‍ 6.6 ശതമാനമായിരിക്കും വര്‍ധന. ബി ജെ പി വോട്ടുകളില്‍ 6.5 ശതമാനം ഇടിവും കോണ്‍ഗ്രസ് വോട്ടുകളില്‍ 1.2 ശതമാനം ഇടിവുമാണ് സര്‍വേ പ്രവചിക്കുന്നത് സമാജ്വാദി പാര്‍ട്ടി- കോണ്‍ഗ്രസ് സഖ്യമുണ്ടായാല്‍ ബി ജെ പിക്ക് കൂടുതല്‍ നഷ്ടമുണ്ടാകാം.
ബി എസ് പിക്ക് ഏതാണ്ട് അഞ്ച് സീറ്റുകള്‍ നഷ്ടമാകുമ്പോള്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റുകളാവും നഷ്ടപ്പെടുക. ബി എസ്പിക്ക് 12 മുതല്‍ 16 സീറ്റുകള്‍ വരെ ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന് മൂന്നു മുതല്‍ ഏഴു സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. മറ്റുള്ളവര്ക്കെല്ലാവര്ക്കും കൂടെ ലഭിക്കുക ആറ് മുതല്‍ 10 സീറ്റുകള്‍ വരെയാവും.


നേതാക്കളുടെ പിന്തുണയില്‍ യോഗി ആദിത്യനാഥാണ് മുമ്പിലുള്ളത്. 40 ശതമാനം ആദിത്യനാഥിന്റെ പിന്തുണ. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന് 27 ശതമാനവം ജനപിന്തുണയാണുള്ളത്. ഉത്തര്‍പ്രദേശിലെ സര്‍വേയില്‍ പങ്കെടുത്ത 70 ശതമാനം പേരും നരേന്ദ്ര മോദിയുടെ ഭരണം തൃപ്തികരമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഉത്തര്‍ പ്രദേശിനൊപ്പം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലും ബി ജെ പിക്ക് മുന്‍തൂക്കം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പഞ്ചാബില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കി ആം ആദ്മി പാര്‍ട്ടിയാവും അധികാരത്തില്‍ വരിക.


