Connect with us

Qatar News

ഭാസ്‌കരേട്ടനും ഈ തുന്നല്‍ മെഷീനും

Published

on


42 വര്‍ഷം, ഒരേ സ്ഥാപനം, ഒരേ തയ്യല്‍ മെഷീന്‍. 42 വര്‍ഷത്തെ ഈ മെഷീനോടുള്ള പ്രണയവും ദു:ഖത്തിലും സന്തോഷത്തിലും കൂടെയുണ്ടായിരുന്ന ഈ ഇരിപ്പിടവും.

കീഴ്പുള്ളിക്കര ഞണ്ടത്ത്പറമ്പില്‍ സലീം അയച്ചു തന്ന, റയ്യാനിലെ സ്വദേശിയുടെ വിസയില്‍ 1982 ജൂലായ് 15ന് ദോഹ എയര്‍പോര്‍ട്ടിലിറങ്ങാന്‍ ദൈവാനുഗ്രഹം കൊണ്ട് സാധിച്ചു.

1982 ജൂലായ് 26ന്, ബിന്‍ ഉംറാനിലെ അല്‍മീറയുടെ പള്ളിക്കടുത്തുള്ള സുനയന ലേഡീസ് ടൈലേഴ്‌സില്‍ (ഇപ്പോള്‍ യൂണിയന്‍ ലേഡീസ് ടൈലേഴ്‌സ്) വലതു കാല്‍ വെച്ച് കയറുമ്പോള്‍ മനസ്സിലൊരൊറ്റ ആത്മാര്‍ഥമായ പ്രാര്‍ഥനയേ ഉണ്ടായിരുന്നുള്ളൂ, ആരോഗ്യം തരണേ, എന്റെ എല്ലാ പ്രശ്‌നങ്ങളും ബാധ്യതകളും ഈ കടയിലൂടെ തീര്‍ത്ത് തരണേന്ന്. ആ പ്രാര്‍ഥന ഓരോ ദിവസവും നിലനിര്‍ത്തി പോന്നിരുന്നു. ദൈവം ഓരോ കടമ്പയും കടത്തി തന്നിരുന്നു.

വരുമ്പോള്‍ അച്ഛനും അമ്മയും ഭാര്യയും മൂത്ത മകളും (മകള്‍ക്കന്ന് രണ്ട് വയസ്സ് ആകുന്നേയുള്ളൂ) അനിയനും (അനിയന്‍ 2000ല്‍ ഖത്തറില്‍ വെച്ച് മരണപ്പെട്ടു), നാല് പെങ്ങന്മാരും അവരുടെ ഓരോ ആവശ്യങ്ങളും.. എല്ലാം ദൈവം ഈ തയ്യല്‍ മെഷീനിലൂടെ സാധിച്ചു തന്നു.

ഭാസ്‌കരേട്ടന് മൂന്ന് പെണ്‍മക്കളും ഒരാണും. പെണ്‍മക്കള്‍ മൂന്ന് പേരും ബി എഡ് കഴിഞ്ഞ്, രണ്ട് പേര്‍ ഗവണ്‍മെന്റ്/ എയ്ഡഡ് സ്‌കൂളില്‍ ടീച്ചര്‍മാരായി ജോലി ചെയ്യുന്നു. ഒരാള്‍ ജോലി അന്വേഷണത്തില്‍. മകനും മരുമകളും ബഹ്‌റൈനില്‍.

ഇത്രയും വര്‍ഷം കൊണ്ട് എന്ത് നേടിയെന്ന് ഭാസ്്കരേട്ടനോട് ചോദിച്ചാല്‍, ഈ ദിവസം വരെ ദൈവമെത്തിച്ചു തന്നു, അത് തന്നെ നേട്ടം. അല്‍ഹംദുലില്ലാഹ്:

2000ത്തില്‍ വാങ്ങിയ കുറച്ച് സ്ഥലവും ഒരു ഓടിട്ട ചെറിയ വീട്ടില്‍ നിന്ന് മാറി, അഞ്ചു വര്‍ഷം മുന്നേ ആറര സെന്റ് സ്ഥലം വാങ്ങി അതിലൊരു ചെറിയൊരു വീട് വെച്ചു.

42 വര്‍ഷമായിട്ട് പ്രവാസിയായ ഭാസ്‌കരേട്ടന്‍, ഒരു എന്‍ ആര്‍ ഇ അക്കൗണ്ട് തുടങ്ങിയത് പത്ത് വര്‍ഷം മുന്നേ. അതിനെ കുറിച്ച് ചോദിച്ചാല്‍, അവിടെ ചിലവിനയക്കുന്ന പണത്തിന് നമുക്കെന്തിനാ ഒരു അക്കൗണ്ടെന്ന മറുചോദ്യം. ഭൂരിപക്ഷം വരുന്ന പ്രവാസികളുടെ കാര്യമിതു തന്നെയല്ലേ?

പറയാനൊരുപാടുണ്ട് ഭാസ്‌കരേട്ടന്..
ഈ നാടും നാട്ടുകാരേയും ഒരിക്കലും മറക്കാന്‍ ഭാസ്‌കരേട്ടന് കഴിയില്ല. 28 വര്‍ഷം ഒരുമിച്ച് ജോലി ചെയ്ത നാട്ടികക്കാരന്‍ ഖമറുക്ക (ഏഴ് വര്‍ഷം മുന്നേ നാട്ടിലേക്ക് തിരിച്ച് പോയി), മലപ്പുറത്തെ വള്ളുവമ്പ്രംകാരന്‍ മിച്ചാന്‍, മരിച്ചു പോയ അര്‍ജുനേട്ടന്‍ അങ്ങിനെ പോകുന്ന നീണ്ടനിര, അതില്‍ സ്വദേശികളുടെ വീട്ടിലെ ഡ്രൈവര്‍മാരും പാചകക്കാരുമെല്ലാവരുമുണ്ട്. 30 വര്‍ഷമായി റമദാനില്‍ നോക്കുന്ന 30 നോമ്പുകള്‍ (കൊറോണക്കാലമൊഴിച്ച്).

മറക്കാന്‍ പറ്റാത്ത എന്തെങ്കിലുമനുഭവം എന്ന് ചോദിച്ചാല്‍, 2000ല്‍ ഖത്തറില്‍ വെച്ച് അനിയന്‍ മരിച്ചപ്പോള്‍, അന്നേക്കന്ന് രാത്രി തന്നെ നാട്ടിലെത്തിക്കാന്‍ വേണ്ടി, ഖമറുക്കയും മിച്ചാനും മിലിട്ടറിയില്‍ ജോലി ചെയ്തിരുന്ന നാട്ടികക്കാരന്‍ ഫറൂഖ്ക്ക, വാട്ടര്‍ ഡിപാര്‍ട്ട്‌മെന്റിലന്ന് ജോലി ചെയ്തിരുന്ന നാട്ടികക്കാരന്‍ സി എസ് നജീബ്ക്ക.. നജീബ്ക്ക അന്ന്, ഭാര്യ സ്‌കൂളില്‍ ടീച്ചറായി ജോലി നോക്കിയിരുന്നതു കൊണ്ട്, ഒന്നര വയസ്സുള്ള മകനെ അടുത്തൊരു സുഹൃത്തിന്റെ വീട്ടിലാക്കിയാണ്, അന്ന് മുഴുവന്‍ സമയവും ഡിപാര്‍ട്ട്‌മെന്റുകളില്‍ കയറിയിറങ്ങി എല്ലാം ശരിയാക്കിത്തന്നത് എന്ന് പറയുമ്പോള്‍ കണ്ഠമിടറുകയും വാക്കുകള്‍ നിന്നുപോവുകയും ചെയ്തു.

ഈ ജോലിയോട് പൊരുത്തപ്പെടാതെ, ജീവിതം രക്ഷപ്പെടില്ലായെന്നും പറഞ്ഞ് നിര്‍ത്തിപ്പോയ എത്രയോ പേരുണ്ട്. അവരില്‍ നിന്നൊക്കെ വ്യത്യാസം ദൃഢനിശ്ചയവും ജോലിയോടുള്ള ആത്മാര്‍ഥതയുമാണ്. രാവിലെ ആറിനെത്തി ഒരു മണിക്കൂറോളം നാട്ടിലെ വേണ്ടപ്പെട്ടവരുടെ സുഖവിവരങ്ങളന്വേഷിച്ച്, ഏഴോട് കൂടി കട വൃത്തിയാക്കി, ഈ മെഷീനു മുന്നിലിരുന്നാല്‍ ഒരു മണി വരെ തുടരും. ഭക്ഷണം കഴിച്ച്, കടയുടെ ചെറിയ മൂലയില്‍ ഒന്ന് മയങ്ങി, മൂന്ന് മണി മുതല്‍ പത്തു പതിനൊന്ന് വരെ ജോലി. റൂമില്‍ ചെന്ന് കുളിച്ച്, കട്ടില്‍ കാണേണ്ട താമസമേയുള്ളൂ അഞ്ച് മണി വരെ ഉറങ്ങാന്‍. വര്‍ഷങ്ങളായിട്ടുള്ള ശീലം.

ഈ വെള്ളിയാഴ്ച 2023 സെപ്റ്റംബര്‍ എട്ടിന് വൈകിട്ട് അഞ്ച് മണിക്കുള്ള ഫ്‌ളൈ ദുബായ് ഫ്‌ളൈറ്റില്‍ സ്വദേശമായ തൃശ്ശൂരിലെ കിഴ്പുള്ളിക്കരയിലേക്ക് തിരിച്ച് പോകാനൊരുങ്ങുകയാണ്. പുലര്‍ച്ചെ രണ്ടിനാണെത്തുന്നത് എന്നതിനാല്‍ വിളിക്കാനാരുമെത്തേണ്ട, ഞാനങ്ങെത്തിക്കോളാമെന്നറിയിച്ചിട്ടുണ്ടെന്ന്. പക്ഷെ മക്കള്‍ സമ്മതിക്കുന്നില്ലത്രെ.

2000ല്‍ വളരെ കഷ്ടപ്പെട്ട് വാങ്ങിയ ആ സ്ഥലവും വീടും വിറ്റു. അന്നത് ദൈവം വാങ്ങി തന്നത്, ഇപ്പോള്‍ ഒരു ബാധ്യതയുമില്ലാതെ മനസ്സമാധാനത്തോടെ പൂര്‍ണ്ണ തൃപ്തിയോടെ സന്തോഷത്തോടെ നാട്ടിലേക്ക് തിരിച്ച് പോകാനാണെന്ന തിരിച്ചറിവ്. ദൈവത്തിന്റെ നമ്മളറിയാത്ത വലിയ പ്ലാന്‍. ആ മുഖത്ത് സംതൃപ്തിയും സന്തോഷവും മാത്രം.

എന്റെ മൂത്ത മകന്റെ പ്രായാണ് നമ്മുടെ ബന്ധത്തിന്. ഫ്‌ളാറ്റില്‍ നിന്നും വില്ലയിലേക്ക് മാറാനുള്ള തിരച്ചിലിലാണ് 2002ല്‍ പരിചയപ്പെട്ടത്. 2009 വരെ ഞങ്ങള്‍ മതിലിന്നകത്തും ഖമറുക്കയും ഭാസ്‌കരേട്ടനും പുറത്തുമായിട്ട്. പിന്നീടവിടെ നിന്നും താമസം മാറിയെങ്കിലും ബന്ധങ്ങളെല്ലാം തുടരുകയും അത് ഉപ്പ, ഉമ്മ, അനിയന്മാര്‍- കുടുംബം, മാമന്മാര്‍- കുടുംബം, മറ്റ് ബന്ധുമിത്രാദികളിലേക്ക് പടര്‍ന്നു.

ഇന്ന് നമ്മള്‍ സംസാരിച്ചതില്‍ മനസ്സില്‍ തട്ടിയത്, ജോലി ചെയ്യുന്ന സ്ഥാപന ഉടമകളോടോ മേലധികാരികളോടോ നമുക്ക് ദേഷ്യം തോന്നാം, പക്ഷെ അതൊരു നിമിഷം പോലും ചെയ്യുന്ന ജോലിയെ ബാധിക്കരുത്. ചെയ്യുന്ന ഏത് ജോലിയിലും സത്യസന്ധത ആത്മാര്‍ഥത പുലര്‍ത്തിയാല്‍, നമുക്ക് വേണ്ടത് അതിലൂടെ ദൈവം നടത്തിത്തരും. അതെന്റെ ജീവിതം സാക്ഷിയെന്ന് ഭാസ്‌കരേട്ടന്‍. ഈ 68-ാമത്തെ വയസ്സിലും ഇത് പറഞ്ഞ് തരുമ്പോഴുള്ള ആത്മാര്‍ഥയും ആ കണ്ണിലുള്ള സത്യസന്ധതയും തിരിച്ചറിയാനാവുന്നു.

Advertisement

പെണ്‍മക്കള്‍ ഉണ്ടാകുന്നത് ബുദ്ധിമുട്ടാണെന്ന് കരുതുന്ന ഇക്കാലത്ത്, നാല് പെങ്ങന്മാരേയും മൂന്ന് പെണ്‍കുട്ടികളേയും മനസ്സമാധാനത്തോടെ സന്തോഷത്തോടെ എല്ലാം നടത്തിയ, ഭാസ്‌ക്കരേട്ടന്‍ പറയുന്നു പെണ്‍കുട്ടികള്‍ ഐശ്വര്യമാണെന്ന്.

ന്റെ ഭാസ്‌കരേട്ടാ..
മനസ്സ് പിടക്കുമ്പോള്‍ രാവിലെ അവിടെ വന്നിരുന്ന്, നാടന്‍ രീതിയില്‍ അരമുക്കാ മണിക്കൂര്‍ സംസാരിച്ചിറങ്ങുമ്പോള്‍, ഖമറുക്കയും ഭാസ്‌കരേട്ടനും നിങ്ങളറിയാതെ തരുന്ന ഒരു ഊര്‍ജ്ജമുണ്ട്. അതെന്നും ഒരാശ്വാസമായിരുന്നു. ചിലപ്പോള്‍ നിങ്ങള്‍ എന്നില്‍ ഞാന്‍ കാണാത്ത വിശ്വാസമായിരിക്കാം.

ഈ കാലഘട്ടത്തില്‍ അപൂര്‍വ്വങ്ങളായി കാണുന്ന ചില പച്ചയായ നാടന്‍ മനുഷ്യരില്‍ പെട്ട ഒരാളാണെന്റെ ഭാസ്‌കരേട്ടന്‍.
ഭാസ്‌കരേട്ടാ എഫ് ബിയിലുണ്ടോ എന്ന് വിളിച്ച് ചോദിച്ചപ്പോള്‍, വര്‍ഷങ്ങള്‍ക്കു മുന്നേ ഉണ്ടായിരുന്നു, കുറച്ച് ദിവസം തുറന്ന് നോക്കി, ഏറ്റെടുത്ത പണി ഇറങ്ങില്ലാന്ന് തോന്നിയതു കൊണ്ട്, ആ പുസ്തകമന്നു തന്നെ അടച്ച് പൂട്ടീന്ന്. ജോലി മുഖ്യം പിന്നെ മറ്റെന്തും. അതും മറ്റൊരു പാഠം പുതുതലമുറക്ക്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!