Featured
ആകാശക്കാഴ്ചയില്‍ ഖത്തര്‍ കാണുന്ന ഹെസ്സ അല്‍ബിനാലി
ഹെസ്സ അല്‍ ബിനാലി കടപ്പാട്: ദി പെനിന്‍സുല
ദോഹ: പാരാമോട്ടോറിലും പാരാട്രൈക്കിലും നാനൂറിലേറെ തവണ പറക്കല്‍ നടത്തിയ ഹെസ് അല്‍ബിനാലി എന്ന 29കാരിയാണ് ഖത്തറില്‍ ഈ രംഗത്തെ ആദ്യത്തെ പൈലറ്റ്. പരമ്പരാഗത വിമാന പൈലറ്റല്ലെങ്കിലും ആകാശക്കാഴ്ചയില്‍ രാജ്യം ഇത്രയേറെ തവണ മറ്റൊരാളും നിലവിലുണ്ടാവില്ല.
സ്‌കൈ മാസ്റ്റേഴ്സ് എയര്‍ സ്പോര്‍ട്സ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ഹെസ്സ ഖത്തറിലെ പാരാമോട്ടോര്‍ പൈലറ്റുമാര്‍ക്ക് പറത്താനും നിര്‍ദേശം നല്‍കാനും ലൈസന്‍സ് നേടിയിട്ടുണ്ട്. കൂറ്റന്‍ പാരച്യൂട്ട് ഉപയോഗിച്ച് സാധാരണ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാതിലുകളോ മേല്‍ക്കൂരകളോ ഇല്ലാത്ത ഭാരം കുറഞ്ഞതും കൊണ്ടുപോകാവുന്നതുമായ വിമാനങ്ങളാണ് പാരാമോട്ടോറുകള്‍. ഒരുപക്ഷേ, പാരാഗ്ലൈഡിംഗാണെന്ന് തെറ്റിദ്ധരിച്ചേക്കാവുന്ന ഇനം. എന്നാല്‍ ഒരു മോട്ടോറും വലിയ ചിറകുകളും ചേരുമ്പോഴുള്ള ചില വ്യത്യാസങ്ങള്‍ ഇവ തമ്മിലുണ്ട്.
ഏകാംഗ പൈലറ്റുമാര്‍ക്കുള്ളതാണ് പാരാമോട്ടോര്‍. പാരാട്രൈക്കാവട്ടെ ഒന്നോ രണ്ടോ സീറ്റുകളുള്ള മൂന്ന് ചക്രങ്ങളുള്ള ഒരു കാറാണെന്ന് വിശേഷിപ്പിക്കാം.
പറക്കുന്നതിനെ ഒരിക്കലും താന്‍ സ്വപ്നമോ അഭിലാഷമോ ആയി കണക്കാക്കിയിട്ടില്ലെന്നും എന്നാല്‍ ഒരിക്കല്‍ പരീക്ഷിച്ചതിന് ശേഷം ഈ ആശയത്തിലേക്ക് നീങ്ങിയെന്നും ഇംഗ്ലീഷ് ദിനപത്രം ദി പെനിന്‍സുലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഹെസ്സ വെളിപ്പെടുത്തുന്നു.
പാരാമോട്ടര്‍ പൈലറ്റാകുന്നതിന് മുമ്പ് താന്‍ വിവിധ രാജ്യങ്ങളില്‍ പാരാഗ്ലൈഡിംഗ് പരീക്ഷിച്ചതായും അതോടെ പറക്കുന്നത് ഇഷ്ടപ്പെടുകയും പാരാഗ്ലൈഡിംഗ് പഠിക്കാനുള്ള സ്ഥലങ്ങള്‍ അന്വേഷിക്കുകയും ചെയ്തതായി അവര്‍ പറയുന്നു. എന്നാല്‍ ഖത്തറില്‍ പര്‍വതങ്ങളില്ലാത്തതിനാല്‍ സ്‌കൈ മാസ്റ്റേഴ്‌സില്‍ ലൈസന്‍സ് എടുത്ത് പാരാമോട്ടോര്‍ പൈലറ്റാകാന്‍ തീരുമാനിക്കുകയായിരുന്നു.
ദോഹയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ സീലൈന്‍ ബീച്ച് റോഡില്‍ സ്ഥിതി ചെയ്യുന്ന സ്‌കൈ മാസ്റ്റേഴ്‌സ് ക്ലബ് സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ആവേശകരമായ സ്ഥലമാണ്. എയര്‍ ടൂറുകള്‍ക്ക് 10 മിനിറ്റിന് 600 റിയാലും 20 മിനിറ്റ് സെഷന് 1,000 റിയാലും 30 മിനിറ്റ് പറക്കലിന് 1,400 റിയാലുമാണ് ഈടാക്കുന്നത്. താത്പര്യമുള്ളവര്‍ക്കായി ഏകദേശം 10,700 റിയാല്‍ നിരക്കില്‍ രണ്ടോ മൂന്നോ ആഴ്ചത്തേക്ക് പരിശീലന കോഴ്സുകളും വാഗ്ദാനം ചെയ്യുന്നു. വേനല്‍ക്കാലത്ത് സൂര്യാസ്തമയ സമയത്തും സൂര്യോദയ സമയത്തുമാണ് നിലവില്‍ ക്ലബ്ബ് നിലവില്‍ ഫ്‌ലൈറ്റുകള്‍ നടത്തുന്നത്.
പാരാട്രൈക്ക് യാത്ര സീ ലൈന്‍ ബീച്ച് കടന്ന് മരുഭൂമിയിലെ റീജന്‍സി റിസോര്‍ട്ട് വരെയാണ് ഉപയോക്താക്കളെ കൊണ്ടുപോകുന്നത്. സീ ലൈന്‍ ബീച്ചിന് മുകളിലൂടെ കടല്‍ത്തീരത്തെ മണ്‍കൂനകള്‍ കണ്ട് പറക്കാനാവും. ശൈത്യകാലത്ത് അരയന്നങ്ങളെയും വിവിധതരം പക്ഷികളെയും ഭാഗ്യമുണ്ടെങ്കില്‍ ഡോള്‍ഫിനുകളേയും കാണാനാവുമെന്ന് ഹെസ്സ പറയുന്നു.