Featured
ഖത്തറിലുള്ളവര്‍ക്ക് ലോകകപ്പ് കാണാന്‍ ചെലവ് 40 റിയാല്‍ മാത്രം
ദോഹ: ഖത്തറിലുള്ളവര്‍ക്ക് വെറും 40 റിയാലിന് ഖത്തര്‍ ലോകകപ്പ് കാണാം. കാറ്റഗറി നാലില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ കാണാന്‍ അവസരം ലഭിക്കുന്ന ഖത്തര്‍ ലോകകപ്പ് 1990ലെ ഇറ്റലി ലോകകപ്പിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2010, 2014, 2018 ലോകകപ്പുകള്‍ പോലെ ആതിഥേയ രാജ്യത്തുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ കളി കാണാനുള്ള അവസരമാണ് ഖത്തറിലും ഒരുങ്ങുന്നത്.


ഖത്തറിലുള്ളവര്‍ക്ക് വിസ കാര്‍ഡ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാവുക. ജനുവരി 19ന് ഉച്ചക്ക് ഒരു മണിയോടെ ആരംഭിച്ച ടിക്കറ്റ് വില്‍പ്പനയുടെ ആദ്യഘട്ടം ഫെബ്രുവരി എട്ടിന് ഉച്ചക്ക് ഒരു മണി വരെ തുടരും. ഖത്തറിലുള്ളവര്‍ക്ക് വിസ കാര്‍ഡ് വഴി മാത്രം ടിക്കറ്റെടുക്കാനാവുമ്പോള്‍ ഖത്തറിന് പുറത്തുള്ളവര്‍ക്ക് വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളിലൂടെ ടിക്കറ്റ് സ്വന്തമാക്കാനാവും.

ടിക്കറ്റെടുക്കാനും മറ്റു വിവരങ്ങള്‍ അറിയാനും Fifa.com/tickets എന്ന വെബ്‌സൈറ്റാണ് സന്ദര്‍ശിക്കേണ്ടത്. കളിയാരാധകര്‍ക്ക് ഫാന്‍ തിരിച്ചറിയല്‍ കാര്‍ഡായ ഹയ്യാ കാര്‍ഡും ഖത്തര്‍ ലോകകപ്പില്‍ നടപ്പാക്കുമെന്ന് സംഘാടകരായ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി അറിയിച്ചു.
ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലല്ല ടിക്കറ്റ് വില്‍പ്പനയെന്ന് സംഘാടകര്‍ അറിയിച്ചു. ആഭ്യ.ന്തരമായും അന്താരാഷ്ട്ര തലത്തിലും അനുവദിച്ച ടിക്കറ്റുകള്‍ക്ക് കൂടുതല്‍ ആവശ്യക്കാരുണ്ടാവുന്നതിനാല്‍ നറുക്കെടുപ്പ് രീതിയിലായിരിക്കും ടിക്കറ്റ് കിട്ടുക. ആദ്യ ദിവസം ടിക്കറ്റിന് അപേക്ഷിക്കുന്നവരും അവസാന ദിവസം ടിക്കറ്റിന് അപേക്ഷിക്കുന്നവരുമെല്ലാം ഒരേ രീതിയിലാണ് പരിഗണിക്കപ്പെടുക. ടിക്കറ്റ് വില്‍പ്പനയുള്ള ഏത് ദിവസങ്ങളിലും സൈറ്റില്‍ ടിക്കറ്റിന് അപേക്ഷിക്കാവുന്നതാണ്.
പൂര്‍ത്തിയായതും ഭാഗികമായി പൂര്‍ത്തീകരിച്ചതും പൂര്‍ത്തീകരിക്കാത്തതുമായ എല്ലാ അപേക്ഷകളെ കുറിച്ചും മാര്‍ച്ച് എട്ടിന് അതാത് അപേക്ഷകരെ അറിയിക്കുന്നതും അടുത്ത നടപടികളും പണം അടക്കാനുള്ള അവസാന ദിവസവും എങ്ങനെയെന്നും വിവരം നല്കും.
ആദ്യ മത്സരം മുതല്‍ ഫൈനല്‍ വരെയുള്ള ഏത് കളിയും കാണാന്‍ ഓരോ കളിക്കും പ്രത്യേകമായി ടിക്കറ്റെടുക്കാനാവും. അതുപോലെ ഏതെങ്കിലുമൊരു ടീമിന്റെ മത്സരങ്ങള്‍ മാത്രം കാണാനായി പ്രത്യേക ടീം ടിക്കറ്റുകളുമെടുക്കാവുന്നതാണ്.
നാല് സ്റ്റേഡിയം ടിക്കറ്റ് സീരിസില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ നാല് വ്യത്യസ്ത മത്സരങ്ങള്‍ നാല് സ്റ്റേഡിയങ്ങളില്‍ ആസ്വദിക്കാന്‍ ആരാധകര്‍ക്ക് അവസരമൊരുക്കുന്ന ടിക്കറ്റ് രീതിയാണിത്.
അംഗപരിമിതര്‍ക്കും പരിമിതമായ ചലന ശേഷിയുള്ളവര്‍ക്കും കളി കാണാന്‍ അനുയോജ്യമായ സൗകര്യങ്ങല്‍ നല്കുന്ന ടിക്കറ്റുകള്‍ ഖത്തറില്‍ വില്‍പ്പനയ്ക്കുണ്ട്.
2022 ഏപ്രില്‍ ഒന്നിന് നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനല്‍ നറുക്കെടുപ്പിന് മുമ്പ് ആദ്യം വരുന്നവര്‍ക്ക് ആദ്യം ടിക്കറ്റ് ലഭിക്കുന്ന വിധത്തില്‍ ടിക്കറ്റ് നേടിയെടുക്കാനും ആരാധകര്‍ക്ക് സൗകര്യമൊരുക്കും. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് പുറത്തുവിടുമെന്ന് അധികൃതര്‍ അറിയിച്ചു. അന്തിമ നറുക്കെടുപ്പിന് ശേഷം കൂടുതല്‍ വില്‍പ്പന ഘട്ടങ്ങള്‍ നടക്കും.
തങ്ങളുടെ ടീമിനെ പിന്തുണക്കുന്നവരോടൊപ്പമിരിക്കാന്‍ സപ്പോര്‍ട്ടര്‍ ടിക്കറ്റ്, ഫൈനല്‍ ഉള്‍പ്പെടെ നോക്കൗട്ട് റൗണ്ടുകളില്‍ തങ്ങളുടെ ടീമിന്റെ സാധ്യതയുള്ള മത്സരങ്ങളിലൊന്നില്‍ സീറ്റ് റിസര്‍വ് ചെയ്യാന്‍ കണ്ടീഷണല്‍ സപ്പോര്‍ട്ടര്‍ ടിക്കറ്റുകള്‍ തുടങ്ങിയവയും ലഭിക്കും.
സ്‌റ്റേഡിയങ്ങള്‍ തമ്മില്‍ ദൂരം വളരെ കുറവായതിനാല്‍ ടൂര്‍ണമെന്റിന്റെ ആദ്യഘട്ടങ്ങളില്‍ ഒന്നിലേറെ മത്സരങ്ങള്‍ കാണാനുള്ള അവസരവും ഖത്തറില്‍ ആരാധകര്‍ക്ക് ലഭിക്കും. അവസാന നറുക്കെടുപ്പിന് ശേഷമുള്ള ടിക്കറ്റ് വില്‍പ്പന ഘട്ടത്തില്‍ ടിക്കറ്റ് അപേക്ഷകര്‍ക്ക് പ്രതിദിനം ഒന്നിലധികം മത്സരങ്ങള്‍ക്കായി റജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.
സ്റ്റേഡിയങ്ങള്‍ക്കിടയില്‍ മതിയായ യാത്രാ സമയം അനുവദിക്കേണ്ടതിനാല്‍ ആരാധകര്‍ക്ക് ബാക്ക് ടു ബാക്ക് മത്സരങ്ങള്‍ കാണാന്‍ സാധിക്കില്ല.
നേരത്തെ അനുവദിച്ചതില്‍ നിന്ന് വ്യത്യസ്തമായി ഖത്തര്‍ ലോകകപ്പില്‍ ഓരോ കുടുംബത്തിനും ഒരു മത്സരത്തിന് ആറു ടിക്കറ്റുകള്‍ വരേയും ടൂര്‍ണമെന്റിലുടനീളം 60 ടിക്കറ്റുകള്‍ വരെയും വാങ്ങാനാവും.





