
ദോഹ: വര്‍ഷങ്ങളോളം ഖത്തറില്‍ പ്രവാസിയായി ജീവിച്ച വ്യക്തിയെന്ന നിലക്ക് പ്രവാസി പ്രശ്നങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി അവയുടെ പരിഹാരം കാണുമെന്ന് പാറക്കല്‍ അബ്ദുല്ല എം എല്‍ എ പറഞ്ഞു. കെ എം സി സി ഖത്തര്‍ കുറ്റ്യാടി മണ്ഡലം സംഘടിപ്പിച്ച ‘സെലിബ്രേറ്റിംഗ് കുറ്റ്യാടി’ കള്‍ച്ചറല്‍ നൈറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റി അധ്യക്ഷന്‍ എന്ന നിലയില്‍ പ്രവാസി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഊര്‍ജിതമായ ശ്രമങ്ങള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ നിന്ന് രണ്ടാം തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് പാറക്കല്‍ അബ്ദുല്ല ഖത്തറില്‍ എത്തുന്നത്. സഫാരി ഹൈപ്പര്‍മാര്‍ക്കറ്റും റിയാദ മെഡിക്കല്‍ സെന്ററും മുഖ്യ പ്രായോജകരായി സംഘടിപ്പിച്ച പരിപാടി അല്‍ വക്രയിലെ പോഡാര്‍ പേള്‍ സ്കൂളില്‍ നടന്നു.

മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ സഫാരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ എം സി സി ഖത്തര്‍ കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് എന്‍ പി അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം നാലകത്ത്, വൈസ് പ്രസിഡന്റ് റഹീം പാക്കഞ്ഞി, ഉപദേശക സമിതി വൈസ് ചെയര്മാന് എസ് എ എം ബഷീര്‍, സ്വാഗതസംഘം ചെയര്മാന് അജ്മല്‍ നബീല്‍, ഇന്‍കാസ് പ്രസിഡന്റ് സിദ്ദീഖ് പുറായില്‍, ജില്ലാ പ്രസിഡന്റ് ടി ടി കുഞ്ഞമ്മദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സ്വാഗത സംഘം ഭാരവാഹികളായ അത്തീഖ് റഹ്മാന്, ഫൈസല്‍ അരോമ, സല്മാന് എളയടം എന്നിവര്‍ ചേര്‍ന്ന് പാറക്കല്‍ അബ്ദുല്ലയെ ആദരിച്ചു. സിറാജ് മാതോത്ത്, ഫിര്‍ദൗസ് മണിയൂര്‍, ഷബീര്‍ മേമുണ്ട എന്നിവര്‍ സ്പോണ്‍സര്‍മാരെ ആദരിച്ചു. ആയഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് തയ്യില്‍ ആസ്യ ടീച്ചര്‍ക്കുള്ള സ്നേഹപഹാരം ഇല്യാസ് മാസ്റ്റര്‍ കൈമാറി.
ഖത്തറിലെ പ്രമുഖ കലാകാരന്മാര് അണിനിരന്ന സംഗീതവിരുന്ന് പരിപാടിക്ക് മിഴിവേകി. റിയാസ് കരിയാട്, ഹംദാന്‍, ഫര്‍സാന അബ്ദുല്‍ നാസര്‍, ഹിബ, നൈനിക, തബലിസ്റ്റ് അഷ്കര്‍ എന്നിവര്‍ ഗാനവിരുന്നിന് നേതൃത്വം നല്കി.
സഹ്വ സല്‍മാന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്‍ സമദ് കടമേരി സ്വാഗതവും സെക്രട്ടറി ഉബൈദുല്ല കുയ്യന നന്ദിയും പറഞ്ഞു. ഭാരവാഹികളായ
മര്‍സൂക് ശരീഫ് ദാര്‍, അല്‍താഫ് മണിയൂര്‍, ശരീഫ് നിട്ടൂര്‍, മുസ്ഥഫ മുത്തു, മിറാഷ് കുന്നുമ്മല്‍, നൗഷാദ് തന്നാനി എന്നിവര്‍ നേതൃത്വം നല്കി.

