വറ്റാത്ത അരുവിയായിരുന്നു അലി പള്ളിയത്ത്

Web Desk
1 Min Read

അല്പം മുമ്പാണ് ചെന്നൈയില്‍ നിന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫോണ്‍കോള്‍ വന്നത്. സന്തോഷത്തോടെ അങ്ങോട്ടു സംസാരിക്കാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് മനസ്സും പരിസരവും ശോകമൂകമാക്കിയ ആ വിവരം അറിഞ്ഞത്. പ്രിയ സ്‌നേഹിതന്‍ അലി പള്ളിയത്ത് വിടപറഞ്ഞിരിക്കുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്.

city exchange

അലി സാഹിബും ഞാനും തമ്മിലുള്ള അടുത്ത ബന്ധം മനസ്സിലാക്കിയാണ് വിവരമറിഞ്ഞപ്പോള്‍ തന്നെ എന്നെ വിളിച്ചതെന്ന് മുനവ്വറലി തങ്ങള്‍ പറഞ്ഞപ്പോള്‍ ഉള്ളം വിതുമ്പി. പിന്നീട് പ്രിയ സഹോദരന്‍ ഷാഹുല്‍ ഹമീദ് നടുവണ്ണൂരും വിളിച്ചു. ദു:ഖവിവരമറിഞ്ഞ സ്‌നേഹജനങ്ങളെല്ലാം അത് കൈമാറിക്കൊണ്ടിരുന്നു.

സദാ കര്‍മ്മനിരതനായ സാമൂഹിക സേവകനായിരുന്നു. ഖത്തറില്‍ ബിസിനസ് സ്ഥാപനങ്ങള്‍ നടത്തിപ്പോന്ന വ്യാപാരിയും കെ എം സി സിയുടെ സമുന്നത നേതാവുമായിരുന്നു. രാഷ്ട്രീയ, ജീവകാരുണ്യ, വിദ്യാഭ്യാസ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച പൊതുമനുഷ്യനായിരുന്നു. മനുഷ്യസ്‌നേഹം നിറഞ്ഞ ഹൃദയത്തിനുടമയായിരുന്നു.

- Advertisement -
Ad image

സദാ പ്രസന്നമായിരുന്നു ആ മുഖം. ചിരിച്ചുകൊണ്ട് മധുരം വിളമ്പുന്ന ആ സംഭാഷണശൈലി മനസ്സില്‍ നിന്ന് മായുകയില്ല, അതില്‍ മുഴങ്ങിയ ആ സ്‌നേഹശബ്ദം അകതാരില്‍ എന്നും പ്രതിധ്വനിക്കുകയും ചെയ്യും.

ഞങ്ങളുടെ സ്‌നേഹബന്ധത്തിന് വിപുലമായ സ്‌നേഹത്തിന്റെ അമൂല്യതയുണ്ടായിരുന്നു. അലി സാഹിബിന്റെ കുടുംബത്തിലെ മിക്ക ചടങ്ങുകളിലും ഞാന്‍ പങ്കാളിയായത് അതിഥിയായിക്കൊണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ വീട് നിര്‍മ്മാണത്തിന് തുടക്കം കുറിച്ചുകൊണ്ട് അതിന് ശിലയിടാന്‍ എന്നെ കൊണ്ടുപോയി. വീട്ടുപറമ്പിലൂടെ ഒഴുകിപ്പോകുന്ന അരുവി കണ്ടനാള്‍ മുതല്‍ എനിക്കതിനോട് എന്തെന്നില്ലാത്ത കൗതുകം തോന്നി. വീട്ടില്‍ ചെല്ലുന്ന ചില അവസരങ്ങളില്‍ ഞങ്ങളിരുവരും അതിന്റെ ഓരത്ത് ചെന്നിരിക്കുമായിരുന്നു.

അലി സാഹിബിനെ കാണുമ്പോഴൊക്കെ തോട്ടില്‍ വെള്ളമുണ്ടോ എന്ന് പ്രത്യേകം ഞാന്‍ അന്വേഷിക്കുമായിരുന്നു. വേനലിലും അത് വറ്റാതെ ഒഴുകുന്നുണ്ടെന്നറിഞ്ഞ് മനസ്സ് ഏറെ സന്തോഷിക്കുകയും ചെയ്തു.

അതെ, അലി പള്ളിയത്ത് വറ്റാത്ത അരുവിയായിരുന്നു, സ്‌നേഹനിര്‍ഝരിയായ പൊന്നരുവി. സ്‌നേഹനക്ഷത്രങ്ങള്‍ ഓരോന്നായി മറയുന്നത് വേദന മാത്രമല്ല, ശൂന്യതയും സൃഷ്ടിക്കുന്നു.
പ്രിയ സഹോദരന് കാരുണ്യവാനായ അല്ലാഹു വിശാലമായ മഗ്ഫിറത്ത് നല്‍കട്ടെ!

(ഡോ. എം പി അബ്ദുസ്സമദ് സമാദനിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്)

Share This Article
Leave a Comment
error: Content is protected !!