പൈതൃക നഗരിയില്‍ ജയിംസ് സ്റ്റീവന്‍സിന്റെ കല്ലറ തകര്‍ന്നു; അധികൃതര്‍ അറിഞ്ഞ മട്ടില്ല

Web Desk
1 Min Read

തലശ്ശേരി: പേരില്‍ പൈതൃകമുണ്ടെങ്കിലും പഴമയും പാരമ്പര്യവും പൈതൃകവും കാത്തുവെക്കുന്നതില്‍ അലസതയാണ് തലശ്ശേരിയുടെ മുഖമുദ്ര. ഇതിനുള്ള ഒടുവിലത്തെ ഉദാഹരണമാണ് തലശ്ശേരി കോട്ടക്ക് പിന്നിലുള്ള ഇംഗ്ലീഷ് പള്ളി എന്നറിയപ്പെടുന്ന സെന്റ് ജോണ്‍സ് പള്ളിയിലെ സെമിത്തേരി.

city exchange

പൗരാണിക തലശ്ശേരിയുടെ വിദ്യാഭ്യാസ- സാമൂഹ്യ- സാംസ്‌ക്കാരിക മേഖലകളുമായി ബന്ധപ്പെട്ട നിരവധി ഇംഗ്ലീഷുകാരുടെ ശവക്കല്ലറകളുണ്ട് സെന്റ് ജോണ്‍സ് പള്ളി സെമിത്തേരിയില്‍. പള്ളി നവീകരിക്കുന്നതിന്റെ ഭാഗമായി ഏതാനും വര്‍ഷം മുമ്പ് സെമിത്തേരിയും സംരക്ഷിക്കാനുള്ള നടപടികളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അധികൃതരുടെ അനാസ്ഥയാണ് കാണാനായത്.

തലശ്ശേരിയുടെ വിദ്യാഭ്യാസ ചരിത്രത്തില്‍ തങ്കലിപികളില്‍ പേരെഴുതിവെക്കുന്ന എഡ്വേര്‍ഡ് ബ്രണ്ണന്റേതുള്‍പ്പെടെ ശവക്കല്ലറകള്‍ ഇവിടെയുണ്ട്. അതിലൊന്നാണ് തലശ്ശേരിയില്‍ ഏറെക്കാലം ജഡ്ജിയായിരുന്ന ജെയിംസ് സ്റ്റീവന്‍സിന്റെ കല്ലറ. 1827 ജൂലായ് 21ന് 51-ാം വയസ്സില്‍ മരിച്ച ജയിംസ് സ്റ്റീവന്‍സിന്റെ കല്ലറ തകര്‍ന്ന നിലയിലാണുള്ളത്. ഒരു വര്‍ഷം കഴിഞ്ഞാല്‍ അദ്ദേഹം മരിച്ച് രണ്ട് നൂറ്റാണ്ട് തികയും.

ഒരാളുടെ ഉയരത്തില്‍ പണിതുയര്‍ത്തിയിട്ടുള്ള കല്ലറയില്‍ വൃക്ഷങ്ങളുടെ വേരുകളിറങ്ങി കനത്ത മഴയില്‍ തകരുകയായിരുന്നു. കല്ലറ തകര്‍ന്ന് മാസങ്ങളായെങ്കിലും അധികൃതര്‍ ഇക്കാര്യം അറിഞ്ഞതായി ഭാവിച്ചിട്ടില്ല. ഒരാള്‍പ്പൊക്കത്തില്‍ ചെങ്കല്ലു കൊണ്ട് പണിത കല്ലറ ചതുരാകൃതിയിലുള്ളതായിരുന്നു. കല്ലറയുടെ അടി ഭാഗത്ത് പടവുകളും മുകള്‍ ഭാഗത്ത് തലപ്പാവു പോലെയുള്ള ഭാഗവും കെട്ടിയിരുന്നു.

- Advertisement -
Ad image

മോറക്കുന്നിലെ ബംഗ്ലാവിലായിരുന്നു ജഡ്ജിയായിരുന്ന ജയിംസ് സ്റ്റീവന്‍സ് താമസിച്ചിരുന്നത്. അദ്ദേഹത്തിന് ഗതാഗതക്കുരുക്കില്‍ പെടാതെ കോടതിയിലെത്തുന്നതിന് വേണ്ടി പണിത മേല്‍പ്പാലമാണ് പിന്നീട് മേലൂട്ട് ഓവര്‍ ബ്രിഡ്ജ് എന്നറിയപ്പെട്ടത്. ഈ പാലത്തിലൂടെയാണ് സ്റ്റീവന്‍സിന്റെ കുതിരവണ്ടി കോടതിയിലേക്ക് പോയത്.

നീതിന്യായ ചരിത്രത്തില്‍ തലശ്ശേരിക്കുള്ള പ്രാധാന്യം കൂടി പരിഗണിക്കുമ്പോള്‍ ജയിംസ് സ്റ്റീവന്‍സിന്റെ ശവകുടീരം സംരക്ഷിക്കുകയും ചരിത്ര സ്മാരകമായി നിലനിര്‍ത്തേണ്ടതുമുണ്ട്.

(ചിത്രത്തിന് കടപ്പാട്: സി പി എഫ് വേങ്ങാട്)

Share This Article
Leave a Comment
error: Content is protected !!