
കോഴിക്കോട്: ചാത്തമംഗലം ഈസ്റ്റ് മലയമ്മ സ്വദേശി ടി പി ഹാരിസ് അബുദാബിയിലെ ഫ്ളാറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ടി പി ഹാരിസ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

നിലമ്പൂരില്‍ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിന്‍ അഷ്റഫിന് ഹാരിസിന്റെ മരണത്തിലും പങ്കുണ്ട്. അബുദാബിയിലെ ഹാരിസിന്റെ ബിസിനസ് പങ്കാളിയായിരുന്ന ഷൈബിന്‍ അഷ്റഫും ഹാരിസിന്റെ ഭാര്യയും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്നും തുടര്‍ന്ന് ഹാരിസ് ഭാര്യയെ അവരുടെ വീട്ടിലാക്കി വിവാഹ മോചന നടപടികളിലേക്ക് കടന്നിരുന്നുവെന്നും ഭാരവാഹികള്‍ പറഞ്ഞു.

ബിസിനസില്‍ വേര്‍പിരിഞ്ഞതോടെ ഹാരിസിന്റെ സ്വത്ത് തട്ടിയെടുക്കാന്‍ ഷൈബിന്റെ നിര്‍ദ്ദേശാനുസരണം സുല്‍ത്താന്‍ ബത്തേരി സ്വദേശി നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം ഹാരിസിനെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നുവെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു. ഷൈബിനുമായി പിണങ്ങിയ നൗഷാദും സംഘവും കഴിഞ്ഞ ഏപ്രില്‍ മാസം 29ന് സെക്രട്ടറിയേറ്റ് പടിക്കല്‍ വധഭീഷണിയുണ്ടെന്ന് പറഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോഴാണ് ഹാരിസിന്റെ കൊലപാതക വിവരം പൊലീസിനോട് ഏറ്റുപറയുന്നത്. തെളിവുകള്‍ അടങ്ങിയ പെന്‍ഡ്രൈവ് സംഘം പൊലീസിന് നല്‍കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഷൈബിനുമായി പിണങ്ങിയ ഹാരിസിനെതിരെ നേരത്തെ വധഭീഷണി ഉണ്ടായിരുന്നു. കോഴിക്കോട് വെച്ച് 2018ല്‍ ഷൈബിന്റെ ചില ഗുണ്ടകള്‍ ഹാരിസിന്റെ കാര്‍ തടഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസിലും കുന്ദമംഗലം പൊലീസിലും ഹാരിസ് പരാതിപ്പെട്ടെങ്കിലും പ്രതികള്‍ക്കെതിരെ നടപടിയെടുത്തില്ല. മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഹാരിസ് തോക്ക് ലൈസന്‍സിനും അപേക്ഷിച്ചിരുന്നു. ഇതിനിടെ നൗഷാദും ഗുണ്ടകളും ഹാരിസിന്റെ നാട്ടിലുള്ള വീട് കയറി ആക്രമിക്കുകയും ചെയ്തിരുന്നു.
2020 മാര്‍ച്ച് ആറിനാണ് അബുദാബിയിലെ ഫ്ളാറ്റില്‍ ഹാരിസിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഹാരിസ് മരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഭാര്യ വിദേശത്തേക്ക് പോവുകയും ഹാരിസിന്റെ സ്വത്തുക്കളും കോടികണക്കിന് വരുന്ന ഇന്‍ഷൂറന്‍സ് തുകയും സ്വന്തമാക്കുകയായിരുന്നുവെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു.
ഹാരിസിന്റെ മാതാപിതാക്കള്‍ക്കും മകള്‍ക്കും അവകാശമുള്ള സ്വത്ത് അവര്‍ക്ക് ലഭ്യമാക്കാന്‍ നടപടിയുണ്ടാവണമെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ എം പി ഹംസ മാസ്റ്റര്‍, പി മുഹമ്മദ്, ഷരീഫ് മലയമ്മ, എന്‍ .പി അബ്ദുല്‍ ഹമീദ്, മൊയ്തു പീടികകണ്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

