
ന്യൂഡല്‍ഹി: ഒമാന്‍ തീരത്തിനടുത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികരെ കാണാതായതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യന്‍ ജീവനക്കാരില്‍ 21 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും മന്ത്രാലയം വ്യക്തമാക്കി.

‘സെറ്റബെല്ലോ’ എന്ന വാണിജ്യ കപ്പലിനുനേരെയാണ് ആക്രമണം നടന്നത്. സംഭവത്തെ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ഒമാനിലെ ഇന്ത്യന്‍ എംബസി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഒമാന്‍ അധികൃതരുമായി ചേര്‍ന്ന് തിരച്ചില്‍- രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.
മേഖലയിലെ വാണിജ്യ കപ്പലുകള്‍ക്ക് നേരെ തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങളില്‍ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ കപ്പല്‍ ഗതാഗതത്തിനുനേരെയുള്ള ആക്രമണങ്ങള്‍ അതീവ ആശങ്കാജനകമാണ്. പ്രദേശത്ത് തുടരുന്ന സംഘര്‍ഷങ്ങളുടെ നേരിട്ടുള്ള പ്രത്യാഘാതമാണിത്. സംഘര്‍ഷാവസ്ഥ ഉടന്‍ അവസാനിപ്പിക്കാനും നയതന്ത്രപരമായ പരിഹാരത്തിനായുള്ള ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയാക്കാനും വീണ്ടും ആഹ്വാനം ചെയ്യുന്നതായും അതുവഴി മേഖലയില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനാകുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
വാണിജ്യ കപ്പലുകളെയും സാധാരണ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായി മേഖലയിലെ അന്താരാഷ്ട്ര സമുദ്രപാതകളിലൂടെ തടസ്സമില്ലാത്ത കപ്പല്‍ ഗതാഗതവും വ്യാപാരവും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
അതേസമയം, അമേരിക്കയും ഇറാനും ബുധനാഴ്ച പരസ്പരം ആക്രമണം നടത്തിയതോടെ മേഖലയിലെ സംഘര്‍ഷം വീണ്ടും രൂക്ഷമായി. വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ തുടരുന്നതിനിടെയുണ്ടായ ആക്രമണങ്ങള്‍ സമാധാന ചര്‍ച്ചകളെ ബാധിക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
ഹോര്‍മൂസ് കടലിടുക്കിന് സമീപം അമേരിക്കയുടെ അപ്പാച്ചെ ഹെലികോപ്റ്റര്‍ ഇറാന്‍ വെടിവെച്ചിട്ടതിനെ തുടര്‍ന്നാണ് അമേരിക്കന്‍ സൈന്യം ഇറാന്റെ 20 കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തിയത്.
തുടര്‍ന്ന്, ജോര്‍ദാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
നല്ലൊരു കരാറിലെത്താനുള്ള അവസരം ഇറാന്‍ നഷ്ടപ്പെടുത്തിയെന്നും ഇതിന് വില നല്‍കേണ്ടിവരുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്നീട് മുന്നറിയിപ്പ് നല്‍കി.
അതേസമയം, ആക്‌സിയോസ് റിപ്പോര്‍ട്ട് പ്രകാരം ഹോര്‍മൂസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളും റഡാര്‍ കേന്ദ്രങ്ങളും അമേരിക്കന്‍ സേന ആക്രമിച്ചതായും അറിയുന്നു.

