Community
പ്രകാശം പരത്തുന്ന പെണ്ണിടങ്ങള്‍

പ്രവാസലോകത്ത് സൗഹൃദങ്ങളില്‍, സഹവര്‍ത്തിത്വത്തിന്റെ ഏറ്റവും മഹനീയ മാതൃകകള്‍ നിരന്തര കാഴ്ച്ചയാണ്. മനുഷ്യന്‍ സാമൂഹിക ജീവി എന്ന നിലയിലുള്ള വളര്‍ച്ചയുടെ അടിസ്ഥാനപ്രമാണം തന്നെ സഹവര്‍ത്തിത്വമാണല്ലോ. ഇതില്‍ പ്രവാസത്തിലെ സ്ത്രീ സൗഹൃദങ്ങള്‍ക്ക് അതിന്റെതായ ഒരു ഇടവുമുണ്ട്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ മാത്രമായ എല്ലാ കൂടിച്ചേരലുകളും പ്രത്യേക അനുഭൂതി സമ്മാനിക്കുന്നവയാണ്.


2025ലെ റമദാന്‍ മാസത്തില്‍ അന്താരാഷ്ട്ര വനിതാ ദിനം കൂടി വന്നതിനാല്‍ ഖത്തറിലെ എല്ലാ വനിതാ കൂട്ടായ്മകളും അതീവ ഗൗരവത്തില്‍ തന്നെ സ്ത്രീ സൗഹൃദങ്ങളുടെ പ്രാധാന്യത്തെ ഉള്‍ച്ചേര്‍ത്ത് നിരവധി കൂടിയിരുത്തങ്ങള്‍ നടത്തിയിരുന്നു. രശ്മി സന്തോഷ്, സജ്ന മന്‍സൂര്‍, പിന്നെ ഇതെഴുതുന്ന ഞങ്ങള്‍ രണ്ടുപേരും കൂടിയുള്ള നേതൃത്വത്തില്‍ ടീം ഇലോഫ് എന്ന എഡ്യൂക്കേഷണല്‍ പ്ലാറ്റ് ഫോറം ഒരുക്കിയ സുഹൂര്‍ രാവോടെ തുടക്കമിട്ടത് ഇഫ്താര്‍ സംഗമങ്ങളും സുഹൂര്‍ ഇരുത്തങ്ങളും ആയി തുടരുകയാണ്.


കഴിഞ്ഞ പതിനൊന്ന് മാസത്തെ ജീവിതത്തെ കണ്ണാടിയില്‍ എന്നപോലെ നോക്കി തിരിച്ചറിഞ്ഞു ഉള്‍ക്കൊണ്ട് വിമലീകരണം നടത്താനായി നോമ്പ് നോല്‍ക്കുന്ന റമദാനിന്റെ സായന്തനങ്ങളില്‍ തങ്ങളുടേത് മാത്രമായ ചില ഇടങ്ങള്‍ സ്ത്രീകള്‍ക്ക് തീര്‍ക്കാന്‍ കഴിയുന്നു എന്നത് വളരെ സന്തോഷം നല്‍കുന്നുണ്ട്. എല്ലായിടങ്ങളും കൂട്ടായ്മയുടെ ഹൃദയാഭിവാദ്യങ്ങളാല്‍ മുഖരിതമായിരുന്നു എന്നതും എടുത്തു പറയേണ്ട സവിശേഷതയാണ്. ഒത്തൊരുമയുടെ, അനുകമ്പയുടെ മകുടോദാഹരണങ്ങളായി ഈ സൗഹൃദ പൂമരങ്ങള്‍ റമദാന്‍ ചന്ദ്രികയെ ഉറ്റുനോക്കുന്നുണ്ടായിരുന്നു.


പലപ്പോഴും ഇത് കേവലം കേരളത്തിലെ സ്ത്രീകളുടെ ഇടങ്ങള്‍ മാത്രമായിരുന്നില്ല. ഇന്ത്യന്‍ കമ്മ്യൂണിറ്റി ഗ്രൂപ്പുകളുടെ പ്രതിനിധികളും വിവിധ രാജ്യങ്ങളിലെ സ്ത്രീ കൂട്ടായ്മയുടെയും ഭാഗമായുള്ള സ്ത്രീകളുടെയും കൂടെ ഇടങ്ങള്‍ ആയിരുന്നു. 13 രാജ്യങ്ങളിലെ സ്ത്രീ പ്രതിനിധികള്‍ ചേര്‍ന്നു നടത്തിയ ഇഫ്താര്‍ ഡ്രൈവ് ഉള്‍പ്പടെയുള്ള പെണ്ണിടങ്ങള്‍ വേറിട്ട അനുഭവമായിരുന്നു.

തൃശൂര്‍ സൗഹൃദവേദി ചെയര്‍പേഴ്‌സണായ റജീന സലിം പറഞ്ഞപോലെ നിങ്ങള്‍ വ്യത്യസ്ത മതവിശ്വാസവും രാഷ്ട്രീയവിശ്വാസവും വിവിധങ്ങളായ ഭൂപ്രകൃതിയെ പ്രതിനിധീകരിക്കുന്നവരും ആകാം; പക്ഷെ അതിനുമൊക്കെ അപ്പുറത്ത് നമ്മളെ എല്ലാം ചേര്‍ത്തുനിര്‍ത്തുന്ന ഒരൊറ്റ കള്ളിയുണ്ട്, ആ കള്ളിയില്‍ നമുക്ക് ചേര്‍ന്ന് നില്‍ക്കാം.
കെ എം സി സിയുടെ അമരക്കാരി സമീറ നാസര്‍ ഇതിനെ അടിവരയിട്ട് ഉറപ്പിച്ചു. ഇതുതന്നെയായിരുന്നു ഡോം ഖത്തറിന്റെ ഇഫ്താര്‍ വിരുന്നിലും സംസ്‌കൃതിയുടെയും കെ എം സി സിയുടെയും ഇഫ്താര്‍ സംഗമങ്ങളിലും പ്രതിഫലിച്ചത്.
പ്രവാസത്തില്‍ നീണ്ടവര്‍ഷങ്ങള്‍ ചെലവിട്ട മൈമുനത്ത എന്ന് സ്‌നേഹത്തോടെ എല്ലാവരും വിളിക്കുന്ന മൈമുനയെ പോലെയുള്ളവര്‍ മുന്നില്‍ നിന്നുകൊണ്ട് പുതുതലമുറ കുട്ടികളെ വരെ ചേര്‍ത്തുപിടിക്കുന്നു എന്നതും ഇത്തരം കൂടിച്ചേരലുകളുടെ സവിശേഷതയാണ്. നമ്മള്‍ ഇന്ന് സമൂഹത്തില്‍ കാണുന്ന പല അരാജകത്വങ്ങളും ഇത്തരം മനസ്സ് തുറന്നു സംസാരത്തിനുള്ള ഇടങ്ങള്‍ ഇല്ലാതാകുന്നതിന്റെയും ചേര്‍ത്തുനിര്‍ത്താന്‍ കരങ്ങള്‍ കുറയുന്നതിന്റെയും കാരണം കൊണ്ടുകൂടിയാണെന്ന് മനസ്സിലാക്കുമ്പോഴാണ് ഈ സ്‌നേഹസംഗമങ്ങള്‍ക്ക് മിഴിവേറുന്നത്.

ഖത്തറിന്റെ പ്രവാസഭൂമികയില്‍ വര്‍ഷങ്ങളായി കാരുണ്യത്തിന്റെ, പരസ്പരം കരുതലിന്റെ എല്ലാ ഇടങ്ങളിലും വെളിപ്പെട്ടും വെളിപ്പെടാതെയും നിരവധി സ്ത്രീ കൂട്ടായ്മകള്‍ മിക്കവാറും എല്ലാ സാമൂഹ്യ സംഘടനകളുടേയും ഭാഗമായുണ്ട്. സ്ത്രീ സൗഹൃദങ്ങളെ കുറിച്ചുള്ള എല്ലാ പഴഞ്ചൊല്ലുകളെയും പതിരാക്കുന്ന കാഴ്ചകള്‍, ‘കാലങ്ങളായി ഞങ്ങള്‍ വേരുകളാല്‍ കൈകോര്‍ത്തു സംസാരിക്കുന്നവര്‍ നിങ്ങള്‍ക്ക് വെളിപ്പെടുന്നു’ എന്ന മനോഹര കാഴ്ച്ച സമ്മാനിച്ചുകൊണ്ടാണ് 2025ലെ ഈ റമദാന്‍ മാസം കടന്നുപോകുന്നത്. ഇതിന്റെ പ്രതിഫലനം സമൂഹത്തിലും തുടര്‍ച്ച വരും നാളുകളിലും ഉണ്ടാകും എന്ന ശുഭപ്രതീക്ഷ ആശാവഹമാണ്.



