Community
മൈമൂനത്ത; കരുതലിന്റെ കരങ്ങള്‍; ചേര്‍ത്തു പിടിക്കലിന്റേയും

മൈമൂന സൈനുദ്ദീന്‍ തങ്ങള്‍- കെ എം സി സി വനിതാ വിംഗിന്റെ ഉപദേശക സമിതി ചെയര്‍പേഴ്‌സണ്‍. ഇങ്ങനെ പരിചയപ്പെടുത്തിയാല്‍ ഖത്തറിലെ മലയാളി വനിതകള്‍ ഒരു മിനുട്ട് ആലോചിച്ചു നോക്കുമായിരിക്കും, ആരാ അത്. എന്നാല്‍ മൈമൂനത്ത എന്നു മാത്രം പറഞ്ഞാല്‍ പിന്നെ ഒന്നും ആലോചിക്കാനില്ല. കരുതലിന്റെ കരങ്ങളും സ്‌നേഹത്തിന്റെ ചേര്‍ത്തു പിടിക്കലിനും നല്‍കുന്ന പര്യായ പദങ്ങളിലൊന്നാണ് മൈമൂനത്ത എന്ന പേര്.


ഖത്തറില്‍ പൊതുരംഗത്തുള്ള വനിതകള്‍ക്കെല്ലാം സുപരിചിതമായ പേരും വ്യക്തിയുമാണ് മൈമൂനത്ത. പൊതുരംഗത്തില്ലെങ്കിലും ഒരിക്കലെങ്കിലും ഏതെങ്കിലുമൊരു ആവശ്യത്തിന് മൈമൂനത്തയുടെ പേര് കേള്‍ക്കാത്ത ഖത്തര്‍ മലയാളി പ്രവാസി വനിതകള്‍ കുറവായിരിക്കും. എന്തിനുമേതിനും മൈമൂനത്തയുണ്ടാകും, ഓടിയെത്തും!

ജാതി മത ഭേദമന്യേ മൈമൂനത്ത ചേര്‍ത്തു പിടിക്കാത്ത കരങ്ങളുണ്ടാവില്ല. ഏത് പ്രായക്കാരും ഒറ്റ നോട്ടംകൊണ്ടും സ്പര്‍ശം കൊണ്ടും മൈമൂനത്തയുടെ ‘ഫാന്‍ ഗേള്‍’ ആകും.


സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും സൗന്ദര്യം എന്നു വേണമെങ്കില്‍ അവരെ വിശേഷിപ്പിക്കാം. അസുഖം വന്നാല്‍ ഒറ്റമൂലിയായി, ഭക്ഷ്യമേളയില്‍ പരമ്പരാഗത ഭക്ഷണമായി, മരണങ്ങളില്‍ സാന്ത്വനമായും ശേഷക്രിയകളുടെ അമരക്കാരിയായും വ്യത്യസ്ത പരിപാടികളില്‍ ഇളങ്കാറ്റായുമൊക്കെ ഈ മലപ്പുറത്തുകാരിയുണ്ടാകും.
ഒരു ചിരികൊണ്ട് മാതൃസ്‌നേഹത്തിന്റെ പാലരുവിയാകുന്ന മൈമൂനത്ത പ്രവാസി യുവതികള്‍ക്ക് പലപ്പോഴും നാട്ടിലെ മാതാവിന്റെ ഓര്‍മകള്‍ കൂടിയാണ് സമ്മാനിക്കുന്നത്.


