Connect with us

Special

വട്ടപ്പൊട്ടിന്റെ കഥ പറഞ്ഞ് ആനി രാജ

Published

on


കൊച്ചി: ചുവന്ന വലിയ വട്ടപ്പൊട്ട് സി പി ഐ നേതാവ് ആനി രാജയുടെ ഐഡിന്റിറ്റിയാണ്. ആ പൊട്ടിന് പിന്നിലുള്ള കൊടും വാശിയുടെ കഥ അവര്‍ വനിത മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവച്ചു. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച കായല്‍ യാത്രയായിരുന്നു വേദി.

അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് കണ്‍മഷി കൊണ്ട് ചെറിയ പൊട്ടു കുത്തുന്ന ശീലമുണ്ടായിരുന്നു. ഒരിക്കല്‍ വഴിയില്‍ വച്ച് അമ്മയുടെ സഹോദരിയെ കണ്ടുമുട്ടി. നീ കുടുംബത്തിന് ചീത്ത പേരുണ്ടാക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണോ എന്ന ചോദ്യവുമായി അവര്‍ ആ പൊട്ട് ദേഷ്യത്തോടെ മായ്ച്ചുകളഞ്ഞു. എന്നാല്‍ പൊട്ടിനെ വിട്ടു കളയാന്‍ കുഞ്ഞ് ആനിക്കു കഴിഞ്ഞില്ല. പ്രതിഷേധ സൂചകമായി അവര്‍ പിറ്റേന്നും പൊട്ടു കുത്തി. കാലക്രമേണ അത് ചുവപ്പിലേക്ക് വഴിമാറി.

വാക്കും പ്രവര്‍ത്തിയും ഒന്നായിരിക്കണമെന്ന നിലപാടില്‍ നിന്ന് ഒരിക്കലും വൃതിചലിച്ചിട്ടില്ല. ജീവിതത്തില്‍ താന്‍ കണ്ട ഏറ്റവും വലിയ സ്ത്രീ പക്ഷാരി നിരക്ഷരയായ തന്റെ അമ്മായിയമ്മയാണെന്ന് അവര്‍ പറഞ്ഞു.

മരുമകളോട് സംസാരിക്കണമെന്ന അതിമോഹത്താല്‍ അവര്‍ വീട്ടിലെത്തിയ നവവധുവിന് തമിഴ് അക്ഷരങ്ങള്‍ പഠിപ്പിക്കാനുള്ള സൗകര്യം ഒരുക്കി. തമിഴ് എഴുതാനും വായിക്കാനും ആനി പഠിച്ചു. എന്നാല്‍ ഭര്‍ത്താവ് രാജയ്ക്ക് മലയാളം ബാലികേറാമലയായി തുടരുന്നു.

തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി യു പി എ സര്‍ക്കാര്‍ രൂപീകരിച്ച സമിതിയിലെ അംഗമായിരുന്നു ആനി രാജ. പഠനത്തിന്റെ ഭാഗമായി നടത്തിയ 51 ദിവസത്തെ ഭാരതപര്യടനം തന്റെ അഹന്തയുടെ മുനയൊടിച്ചുവെന്ന് അവര്‍ പറഞ്ഞു. ഇന്ത്യന്‍ ഗ്രാമങ്ങളിലെ ദാരിദ്ര്യം കണ്ടറിഞ്ഞു. രണ്ടായിരാമാണ്ടിന്റെ തുടക്കത്തിലായിരുന്നു ആ യാത്ര.


error: Content is protected !!