

ദോഹ: ഖത്തര്‍ ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച പ്രഥമ ഐ എം എ റഫീഖ് അനുസ്മരണ മലയാള പ്രസംഗ മത്സരത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയത് എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ അബൂഹമൂര്‍ ബ്രാഞ്ചിലെ മുഹമ്മദ് റിസാനായിരുന്നു. കോവിഡ് കാലത്ത് പിതാവ് എഴുതിയ പ്രസംഗങ്ങള്‍ പറഞ്ഞു കൊണ്ടായിരുന്നു റിസാന്‍ തന്റെ ലോകത്തേക്ക് പ്രവേശിച്ചത്.

വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി ഫയര്‍ലാന്റ് ഹൗസിംഗ് കോളനിയില്‍ നിന്നുള്ള മുഹമ്മദ് റിസാന്‍ ഐന്‍ഖാലിദില്‍ റസാഖിന്റേയും മുംതാസിന്റേയും രണ്ടു മക്കളില്‍ മൂത്തയാളാണ്. മുഹമ്മദ് റൈഹാനാണ് സഹോദരന്‍.

രിസാല സ്റ്റഡി സര്‍ക്കിളിന്റെ സ്റ്റുഡന്റ് കൗണ്‍സില്‍ ഐന്‍ഖാലിദ് സെക്ടറില്‍ പ്രവര്‍ത്തിക്കുന്ന റിസാന് തന്റെ കഴിവും മികവും തേച്ചു മിനുക്കാനുള്ള വേദികള്‍ കൂടുതല്‍ നല്‍കിയതും ആര്‍ എസ് സിയാണ്. മദ്‌റസയില്‍ കഥ പറഞ്ഞു കൊണ്ട് തുടക്കമിട്ട പയ്യന്‍ സ്റ്റുഡന്റ് ഫെസ്റ്റുകളില്‍ പ്രസംഗിക്കാനും ആര്‍ എസ് സി സാഹിത്യോത്സവുകളില്‍ മിന്നിത്തിളങ്ങാനും
തുടങ്ങി.
കോവിഡ് കാലത്താണ് റിസാന്‍ പ്രസംഗത്തില്‍ കൂടുതല്‍ ശ്ര്ദ്ധിച്ചു തുടങ്ങിയത്. പല യൂട്യൂബ് ചാനലുകളിലും പ്രസംഗങ്ങളും മോട്ടിവേഷണല്‍ സ്പീച്ചുകളും കാണാറുള്ള പിതാവ് റസാഖ് അതില്‍ നിന്നുള്ള പ്രചോദനത്തിലാണ് പ്രസംഗം എഴുതാന്‍ തുടങ്ങിയത്. പിതാവിന്റെ പ്രസംഗം റിസാന്‍ പറഞ്ഞു തുടങ്ങി. ആദ്യമാദ്യം മൊബൈലില്‍ ചിത്രീകരിച്ചാണ് പ്രസംഗിച്ചിരുന്നത്. വളരെ വേഗത്തില്‍ മൊബൈലിന്റെ മെമ്മറി നിറഞ്ഞതോടെയാണ് യൂട്യൂബ് എന്ന ആശയത്തിലേക്ക് എത്തിയത്. സ്ഥിരമായി പ്രസംഗ വീഡിയോകള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയതോടെ പ്രസ്തുത രംഗത്ത് നല്ല പ്രാക്ടീസ് ലഭ്യമായി. സ്‌കൂള്‍ തലത്തില്‍ പ്രസംഗ മത്സരങ്ങളുണ്ടാകുമ്പോള്‍ അധ്യാപകര്‍ ആദ്യം തന്റെ പേരാണ് പറയുകയെന്ന് റിസാന്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു.
സ്‌കൂള്‍ ആര്‍ട്ട് ഫെസ്റ്റുകളിലും റിസാന്‍ പങ്കെടുത്തിരുന്നു. ആദ്യമാദ്യം പരിപാടികളിലും മത്സരങ്ങളിലും പങ്കെടുക്കാന്‍ മടിയായിരുന്നുവെങ്കിലും ഉമ്മ മുംതസ് നിര്‍ബന്ധിക്കുകയും പേര് ചേര്‍ക്കാന്‍ തയ്യാറാവുകയും ചെയ്തു. ആദ്യത്തെ മടി മാറുകയും എവിടേയും ആത്മവിശ്വാസത്തോടെ സംസാരിക്കാനാവുമെന്ന് തിരിച്ചറിയുകയും ചെയ്തതോടെ റിസാന്‍ ഈ രംഗത്ത് കൂടുതല്‍ താത്പര്യം കാണിക്കാന്‍ തുടങ്ങി.

