

ദോഹ: മലയാളികള്‍ക്ക് ഫുട്ബാള്‍ പോലെതന്നെ പരിചിതനാണ് ചങ്ങനാശ്ശേരിക്കാരന്‍ അബ്ദുല്‍ റഹ്മാനും. അകാലത്തില്‍ പൊലിഞ്ഞ മുന്‍ ഇന്ത്യന്‍ നായകന്‍ വി പി സത്യന്റെയും ഇതിഹാസ താരം ഐ എം വിജയന്റെയും കെ ടി ചാക്കോയുടെയുമെല്ലാം സ്വന്തം റഹ്മാനിക്ക. കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെയും ഗോവ, ന്യൂഡല്‍ഹി, കോയമ്പത്തൂര്‍, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലുമെല്ലാം പന്തുരുളുമ്പോള്‍ ഗ്യാലറിയിലും പുറത്തും മായാജാലവുമായി കറങ്ങിനടക്കുന്ന റഹ്മാനിക്കയും അദ്ദേഹത്തിന്റെ ഫുട്ബാള്‍ ആവേശവും മലയാളി ആരാധകര്‍ക്ക് പുതുമയുള്ളതല്ല.

കാല്‍പന്താരവത്തില്‍ ആവേശം കൊള്ളുന്ന ഖത്തറിന്റെ മണ്ണും റഹ്മാനിക്കയെ കാത്തിരിക്കുകയാണ്. ദോഹ കോര്‍ണിഷിലും ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ വേദിയായ അല്‍ ബിദയിലും മുതല്‍ അല്‍ ബെയ്ത് സ്റ്റേഡിയത്തിനു പുറത്തെ വിശാലമായ പാര്‍ക്കില്‍ വരെ പന്തിലെ വിസ്മയവുമായി റഹ്മാനെത്തും. നവംബര്‍ 22ന് കണ്ണൂരില്‍ നിന്നും വിമാനം കയറുന്ന ഇദ്ദേഹത്തിന് തൊട്ടടുത്ത ദിവസത്തെ മൊറോകോ- ക്രൊയേഷ്യ പോരാട്ടത്തിന്റെ ടിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.


ഖത്തറിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ ‘ഗോ മുസാഫര്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം’ ജനറല്‍ മാനേജര്‍ ഫിറോസ് നാട്ടുവാണ് മാച്ച് ടിക്കറ്റ് നല്‍കി ഹയാ കാര്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഏതാനും ദിവസം ലോകകപ്പിന്റെ ആവേശത്തിനൊപ്പം ഖത്തറിലെ തെരുവുകളില്‍ സജീവമാകാനുള്ള സ്വപ്നവുമായാണ് മുന്‍ ഫുട്ബാളര്‍ കൂടിയായ റഹ്മാന്‍ ദോഹയിലെത്തുന്നത്. ലൂകാ മോഡ്രിചും ഇവാന്‍ പെരിസിചും ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍ പന്തുതട്ടുന്ന അല്‍ ബെയ്ത് സ്റ്റേഡിയത്തിലെ ഇരിപ്പിടത്തിലിരുന്ന് ലോകകപ്പിന്റെ ആവേശം വാനോളം ആസ്വദിക്കാനായി നാളുകളെണ്ണി കാത്തിരിപ്പിലാണ് റഹ്മാന്‍.
വി പി സത്യന്‍ കിരീടം സമ്മാനിച്ച റഹ്മാന്‍
കേരളം രണ്ട് തവണ സന്തോഷ് ട്രോഫി നേടുമ്പോഴും എഫ് സി കൊച്ചിന്‍ ഡ്യുറന്‍ഡ് കപ്പ് ഉയര്‍ത്തുമ്പോഴും ആ ടീമുകള്‍ക്കൊപ്പം ജീവനാഡിയായി ഉണ്ടായിരുന്നു. കളിക്കാരനാകണമെന്ന് ആഗ്രഹിച്ചു തുടങ്ങിയ കരിയറിനെ പരിക്കെടുത്തപ്പോള്‍, റഹ്മാന്‍ ടീം ഫിസിയോയുടെയും കിറ്റ്മാന്റെയും റോളില്‍ കേരള ടീമുകളുടെ ഭാഗമായി. ക്യാപ്റ്റന്‍ വി പി സത്യന്‍ നെഞ്ചോടു ചേര്‍ത്തുവെച്ച സഹപ്രവര്‍ത്തകനായിരുന്നു ഇദ്ദേഹം.
സന്തോഷ് ട്രോഫി നേടിയപ്പോള്‍ ആ കപ്പെടുത്ത് സത്യന്‍ റഹ്മാന്റെ തലയില്‍ വെച്ചുകൊടുത്ത്, ഇത് നിങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് പറഞ്ഞത് അക്കാലത്തെ ഫുട്ബാള്‍ താരങ്ങള്‍ക്കും ആരാധകര്‍ക്കും വേണ്ടിയായിരുന്നു. ഡ്രസിങ് റൂമില്‍ റഹ്മാന്റെ സൗമ്യവും ആത്മാര്‍ഥവുമായ സാന്നിധ്യത്തിന് സത്യനിട്ട വിലയായിരുന്നു ആ നിമിഷം.
ചങ്ങനാശ്ശേരി എസ് എന്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ ക്ലബില്‍ കുരികേശ് മാത്യുവിനൊപ്പം കളിച്ച റഹ്മാന്‍, ആ ടീമിന്റെ ഗോള്‍ കീപ്പറായിരുന്നു. അന്ന് കെ ടി ചാക്കോ രണ്ടാം ഗോളിയായിരുന്നു. പരിക്ക് റഹ്മാനെ തളര്‍ത്തി, പതിയെ കളത്തില്‍നിന്ന് ഔട്ടായി. പക്ഷേ, ഫുട്ബാളിനെ ജീവവായുവായി കണ്ട റഹ്മാന് എന്തെങ്കിലും രൂപത്തില്‍ ഫുട്ബാളിനൊപ്പം ജീവിച്ചാല്‍ മതിയെന്നായി. അങ്ങനെയാണ്, കിറ്റ്മാനായും ഫിസിയോ ആയും സപ്പോര്‍ട്ടിങ് സ്റ്റാഫ് കാറ്റഗറിയില്‍ സന്തോഷ് ട്രോഫി ടീമുകളിലും എഫ് സി കൊച്ചിനിലും അംഗമായത്.
എഫ് സി കൊച്ചിനില്‍ തുടങ്ങിയത് മുതല്‍ പൂട്ടുന്നത് വരെ റഹ്മാന്‍ ആ ക്ലബിനൊപ്പമുണ്ടായിരുന്നു. പിന്നീട്, പയ്യന്നൂരിലേക്ക് പോന്ന റഹ്മാന്‍ അവിടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ആക്രി സാധനങ്ങള്‍ ശേഖരിച്ച് വില്‍ക്കാന്‍ തുടങ്ങി. ഇതില്‍നിന്ന് ലഭിക്കുന്ന കാശില്‍ പകുതിയും ഫുട്ബാളിനു വേണ്ടി തന്നെയാണ് റഹ്മാന്‍ ചെലവഴിച്ചത്. ഐ ലീഗും ഐ എസ് എല്ലും മറ്റ് ഫുട്ബാള്‍ ടൂര്‍ണമെന്റുകളും കാണുവാന്‍ റഹ്മാന്‍ സൈക്കിളില്‍ പറന്നെത്തും. അവിടെ ഫുട്ബാളുമായി ചെറിയ ട്രിക്കുകള്‍ നടത്തി, ഫുട്ബാളിന്റെ വേതനം പറ്റാത്ത ലോകപ്രചാരകനായി അവതരിക്കും.
ഖത്തറില്‍ ലോകകപ്പിന് പന്തുരുളാനിരിക്കുമ്പോള്‍ ലഹരിക്കെതിരായ പ്രചാരണത്തിലാണ് ഇദ്ദേഹം. കോഴിക്കോട് ഫുട്ബാള്‍ അസോസിയേഷന്‍ രക്ഷാധികാരികളില്‍ ഒരാളും പ്രവാസി വ്യവസായിയുമായ ശ്രീകുമാര്‍ കോര്‍മത്താണ് ദോഹയിലേക്ക് പറക്കാനുള്ള മാച്ച് ടിക്കറ്റ് സമ്മാനിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ചടങ്ങില്‍ അദ്ദേഹം ടിക്കറ്റ് കൈമാറി.
‘ഫുട്ബാളിനെ ഇത്രയേറെ ആവേശത്തോടെ നെഞ്ചേറ്റുന്ന കളിയാരാധകര്‍ ഇവിടെയെത്തുമ്പോഴാണ് ലോകകപ്പ് കൂടുതല്‍ മഹത്തരമായി മാറുന്നത്. കേരള ഫുട്ബാളിന്റെ ചരിത്രത്തിന്റെ ഭാഗമായ റഹ്മാനിക്കയെ ലോകകപ്പ് വേദിയില്‍ എത്തിക്കാനാവുന്നതിന്റെ ഭാഗമായത് ഞങ്ങള്‍ക്കും അഭിമാനകരമാണ്. മലപ്പുറത്തു നിന്നുള്ള ഫിദ ഫാത്തിമയും ഇപ്പോള്‍ റഹ്മാനിക്കയും ഉള്‍പ്പെടെ ആരാധകര്‍ ലോകകപ്പിനെത്തുമ്പോള്‍ ഈ വിശ്വമേള മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമായി മാറും’.

