
കോഴിക്കോട്: മാലിന്യജല പ്ലാന്റിനെതിരെ സമരം നടക്കുന്ന ആവിക്കല്‍ത്തോടില്‍ പൊലീസ് വേട്ടക്കെതിരെ ജനം തെരുവില്‍. ജനകീയ സമരസമിതി നേതാക്കളെ അറസ്റ്റ് ചെയ്യുന്നതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ആയിരത്തഞ്ഞൂറോളം പേര്‍ പ്രതിഷേധ മാര്‍ച്ചില്‍ അണിനിരന്നു.

കഴിഞ്ഞ ദിവസം പൊലീസും സമരക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി രാവിലെ സമരസമിതി കണ്‍വീനര്‍ ഇര്‍ഫാന്‍ അഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തതാണ് പ്രതിഷേധത്തിന് കാരണമായത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ സമരത്തില്‍ പങ്കുചേര്‍ന്നു. വൈകുന്നേരം ആറുമണിയോടെ തന്നെ ജനങ്ങള്‍ പുതിയ കടവ് മുസ്ലിം ലീഗ് ഓഫീസ് പരിസരത്തേക്കെത്തി. ആയിരത്തഞ്ഞൂറോളം വരുന്ന ജനക്കൂട്ടം ഏഴുമണിയോടെ പ്രതിഷേധവുമായി അണിനിരന്നു. അവിടെ നിന്ന് തുടങ്ങിയ മാര്‍ച്ച് പണിക്കര്‍ റോഡ് വരെ പോയി തിരികെ മുസ്‌ലിം ലീഗ് ഓഫീസ് പരിസരത്തുതന്നെ സമാപിച്ചു. വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിരുന്നത്. ഇര്‍ഫാന്‍ ഹബീബ് ഉള്‍പ്പെടെ അറസ്റ്റ് ചെയ്തവരെയെല്ലാം വിടണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. നിലവില്‍ ഒമ്പതു പേരാണ് അറസ്റ്റിലായിട്ടുള്ളത്.

മാലിന്യജല പ്ലാന്റിനെതിരെയുള്ള സമരവുമായി മുന്നോട്ടുപോകുമെന്നും എന്തുവന്നാലും പിറകോട്ടില്ലെന്നുമുള്ള നിലപാടിലാണ് ജനകീയ സമരസമിതി. അതേസമയം, പ്ലാന്റുമായി മുന്നോട്ടെന്ന നിലപാടാണ് കോര്‍പ്പറേഷന്റേത്. ജനകീയ സമരസമിതി നേതാക്കളെ അറസ്റ്റ് ചെയ്യുന്നതോടെ സമരം അടിച്ചമര്‍ത്താനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. ജനസഭയില്‍ പ്രദേശവാസികളെ പങ്കെടുപ്പിക്കാതെ അയല്‍ വാര്‍ഡുകളിലുള്ളവരെ പങ്കെടുപ്പിച്ചതാണ് കഴിഞ്ഞ ദിവസം പൊലീസും സമരക്കാരും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്. ജനസഭയില്‍ പങ്കെടുക്കണമെന്ന സമരക്കാരുടെ ആവശ്യം പൊലീസ് നിരസിക്കുകയും ഇവരെ തടഞ്ഞതുമാണ് വലിയ സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്.
കോണ്‍ഗ്രസ് നേതാവ് സി പി രാജന്‍, ഷെമീര്‍, വാര്‍ഡ് കൗണ്‍സിലര്‍ സൗഫിയ അനീഷ്, വെള്ളയില്‍ മേഖലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് ഉസ്മാന്‍ ഹാജി, വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് സി പി മുഹമ്മദ്, അരയസമാജം പ്രതിനിധികളായ അരുണ്‍കുമാര്‍, മനോജ്, മനോഹരന്‍, മഹല്ല് കമ്മിറ്റി പ്രതിനിധികളായ ഗഫൂര്‍ പുതിയ കടവ്, അക്ബര്‍ ചോപ്പയില്‍, നിഷാര്‍ ചോപ്പയില്‍, ഗഫൂര്‍ വെള്ളയില്‍ തുടങ്ങിയവര്‍ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന യോഗത്തില്‍ എ കെ ജയകുമാര്‍, കെ വി അബ്ദുറസാഖ്, യുനസ് പരപ്പില്‍, എം എ സത്താര്‍, കെ സന്തോഷ് കുമാര്‍, എം എസ് മെഹബൂബ് എന്നിവര്‍ സംസാരിച്ചു.

