

ആലുവ: ശക്തമായ മഴയില്‍ പെരിയാറിലേയും ചാലക്കുടി പുഴയിലേയും മാഞ്ഞാലി തോടിലേയും ജലനിരപ്പു ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഉണ്ടായേക്കാവുന്ന അടിയന്തിര ഘട്ടത്തില്‍ എടുക്കേണ്ട മുന്നൊരുക്കങ്ങളേക്കുറിച്ച് അവലോകനം ചെയ്യുവാനായി ജനപ്രതിനിധികള്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, റവന്യു, ആരോഗ്യം, പൊലീസ്, അഗ്നിരക്ഷാ സേന, കെ എസ് ഇ ബി, ഇറിഗേഷന്‍, സിവില്‍ സപ്ലൈസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം അന്‍വര്‍ സാദത്ത് എം എല്‍ എ ആലുവ താലൂക്ക് ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുകൂട്ടി.

അവലോകനത്തില്‍ ഇപ്പോഴത്തെ സാഹചര്യം നിയന്ത്രണവിധേയമാണെന്നും എന്നാല്‍ അടിയന്തിര സാഹചര്യമുണ്ടായാല്‍ എല്ലാ വകുപ്പുകളും പരസ്പരധാരണ യോടെ ഒത്തൊരുമിച്ച് നേരിടണമെന്നും അതിനായുള്ള മുന്‍കരുതലുകള്‍ നടത്തണമെന്നും തീരുമാനിച്ചു.

കൂടാതെ അടിയന്തിര സാഹചര്യമുണ്ടായാല്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് പൊതുജനങ്ങളുടെ സജീവ പങ്കാളിത്തമുണ്ടാകണമെന്നും ഇതിനായി യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, ക്ലബ്ബുകള്‍ എന്നിവര്‍ സജ്ജരായിരിക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു.
അടിയന്തിര സാഹചര്യമുണ്ടായാല്‍ രക്ഷാ പ്രവര്‍ത്തനത്തിന് എല്ലാ വകുപ്പുകളും സജ്ജമാണെന്ന് യോഗം വിലയിരുത്തിയതായി എം എല്‍ എ പറഞ്ഞു. പ്രളയ സാഹചര്യമുണ്ടായാല്‍ ആളുകളെ മാറ്റി പാര്‍പ്പിക്കുവാന്‍ എല്ലാ പഞ്ചായത്തുകളും ദുരുതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും യോഗത്തില്‍ അറിയിച്ചു. അടിയന്തിര സാഹചര്യത്തില്‍ 24 മണിക്കുറും പൊലീസിന്റെ സേവനം ലഭ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയതായി പൊലീസ് യോഗത്തില്‍ അറിയിച്ചു. അഗ്നിരക്ഷാ സേനയുടെ സേവനം കൂടാതെ 30 പേരടങ്ങുന്ന സന്നദ്ധസേനയെ തയ്യാറാക്കിയിട്ടുണ്ടെന്ന് അഗ്‌നിരക്ഷാസേന യോഗത്തെ അറിയിച്ചു. അപകടകരമായ സ്ഥിതിയിലുള്ള മരങ്ങള്‍ വെട്ടി മാറ്റുവാന്‍ യോഗത്തില്‍ തീരുമാനമുണ്ടായി.
നിലവില്‍ പൂര്‍ണ്ണിക്കര പഞ്ചായത്തിലെ എസ് പി ഡബ്ല്യു ഹൈസ്‌കൂളില്‍ എട്ട് കുടുംബത്തിലെ 31 പേര്‍ക്കായും നെടുമ്പാശ്ശേരിയില്‍ മൂന്നു കുടുംബങ്ങളിലെ 9 പേര്‍ക്കുമായി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായി യോഗത്തെ അറിയിച്ചു. സപ്ലൈ സ്റ്റോറുകളില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി ക്രെഡിറ്റില്‍ സാധനങ്ങള്‍ നല്കുന്നതിനുള്ള നിര്‍ദ്ദേശം നല്കിതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രദീഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ സി മാര്‍ട്ടിന്‍, പി വി കുഞ്ഞ്, സെബാ മുഹമ്മദാലി, രാജി സന്തോഷ്, ഗ്രേസി ദയാനന്ദന്‍, സതി ലാലു, തഹസില്‍ദാര്‍ സുനില്‍ മാത്യു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം ജെ ജോമി, സനിത റഹീം, റൈജ് അമീര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍, കെ എസ് ഇ ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍, ഇറിഗേഷന്‍ വകുപ്പുദ്യോസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, ഹെല്‍ത്ത് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

