ഉത്തരവാദിത്വം നിറവേറ്റാം നമുക്ക്

Web Desk
5 Min Read

ഇന്ന് ജൂണ്‍ 5 ലോകമെങ്ങും പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ‘പ്ലാസ്റ്റിക്ക് മലിനീകരണം അവസാനിപ്പിക്കുക’ (End plastic pollution) എന്ന മുദ്രാ വാക്യത്തിലൂടെ ലോകമെങ്ങും പരിസ്ഥിതി ദിനം കൊണ്ടാടുകയാണ്.

city exchange

പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയും സംരക്ഷണവും എന്നാല്‍ ഭൂമിയുടെ സംരക്ഷണവും നിലനില്‍പും തന്നെയാണ്. അനിയന്ത്രിതമായ മലിനീകരണത്തിലൂടെ പരിസ്ഥിതിയെ അപകടപ്പെടുത്തുക വഴി പ്രകൃതിയെ നാം നേരിട്ടാക്രമിക്കുകയാണ്. ജീവന്റെ നിലനില്‍പ്പിനേയും ഭൂമിയുടെ നിലനില്‍പ്പിനേയും ബാധിക്കുന്ന മലിനീകരണം ഈ നൂറ്റാണ്ടില്‍ മാനവ സമൂഹം അഭിമുഖീകരിക്കുന്ന ഗുരുതരമായ ആഗോള പ്രശ്‌നമാണ്.

കാലാവസ്ഥ വ്യതിയാനവും വായു ജല മലിനീകരണവും ജൈവവൈവിധ്യ നഷ്ടവുമുള്‍പ്പെടെ 24ഓളം പ്രധാന മലിനീകരണവും അതുമൂലമുണ്ടാകുന്ന അസുന്തലിതാവസ്ഥയുമാണ് പ്രകൃതിക്ക് ഭീഷണിയായി ഇതുവരെ കണ്ടെത്തിയിരിക്കുന്നത്.

ഈ മലിനീകരണ പ്രവൃത്തികള്‍ മനുഷ്യന്‍ നേരിട്ടും പരോക്ഷമായും ഏര്‍പ്പെടുന്ന പല പ്രവൃത്തികളുടേയും അനന്തരഫലങ്ങളാണ്.
ഒരര്‍ഥത്തില്‍ നാം തന്നെ നമ്മുടെ അന്തകരായി അറിഞ്ഞും അറിയാതെയും മാറുന്നു.

- Advertisement -
Ad image

ഉയരുന്ന താപനില, മലിനമാകുന്ന ജലസമ്പത്ത്, വനനശീകരണത്തിലൂടെ ചുരുങ്ങുന്ന വനവും ജൈവ സമ്പത്തും- ഈ വെല്ലുവിളികളാണ് വര്‍ത്തമാന കാലത്ത് നാം നേരിടുന്ന പ്രധാന പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ചിലത്.

കാലാവസ്ഥ വ്യതിയാനം മൂലം കടല്‍ വെള്ളം ക്രമാതീതമായി ഉയരുന്നു. രൂക്ഷമായ കാലാവസ്ഥമാറ്റം അനുഭവപ്പെടുന്നു. പല പ്രദേശങ്ങളിലും കഠിനമായി ചൂട് വര്‍ധിക്കുന്നു.

അമിതമായ പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ സാന്നിധ്യംമൂലം വായുവും വെള്ളവും ഭൂമിയും ഗുരുതരമായി മലിനമായികൊണ്ടിരിക്കുന്നു.

ഇത് നാമുള്‍പ്പെടെ കോടികണക്കായ ജനങ്ങളുടെയും മറ്റു ജീവജാലങ്ങളുടേയും ആരോഗ്യത്തേയും ആവാസ വ്യവസ്ഥയേയും അപകടപ്പെടുത്തികൊണ്ടിരിക്കുന്നു.

അതോടൊപ്പം ആവാസ വ്യവസ്ഥയിലെ വന നശീകരണവും ജൈവ വൈവിധ്യങ്ങളുടെയും പക്ഷി മൃഗസമ്പത്തുകളുടേയും നശീകരണവും മൂലം പ്രകൃതിയുടെ സന്തുലിതാവസ്ഥയും നഷ്ടപ്പെടുന്നു.

വയനാട്ടിലുണ്ടായതു പോലുള്ള വലുതും ചെറുതുമായ ഒട്ടേറെ ദുരന്തങ്ങള്‍ക്ക് പ്രധാനകാരണം പ്രകൃതിയുടെ അസന്തുലിതാവസ്ഥയും അവ സൃഷ്ടിക്കുന്ന ആഘാതങ്ങളുമാണെന്ന് ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിട്ടുണ്ട്.

ജൈവ വൈവിധ്യങ്ങളടങ്ങിയ സന്തുലിതമായ ആവാസ വ്യവസ്ഥ ഭൂമിയിലെ ജീവന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്.

എണ്ണമറ്റ സസ്യസമ്പത്തും മൃഗസമ്പത്തും സമുദ്ര സമ്പത്തും സംരക്ഷിച്ചു നിലനിര്‍ത്തേണ്ടതുണ്ട്.

അവ നമ്മുടെ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും ആവശ്യമായ ഭക്ഷണവും വെള്ളവും ശുദ്ധവായുവും നല്‍കുന്നു. അവയുടെ മലിനീകരണവും നശീകരണവും ജീവന്റെ നിലനില്‍പ്പിനേയും തുടര്‍ച്ചയേയും അപകടത്തിലാക്കുന്നു.

പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ തോത് ലോകത്ത് ക്രമാതീതമായി വര്‍ധിക്കുന്നു. അതുകൊണ്ടു തന്നെ ഐക്യരാഷ്ട്രസഭ 2025ലെ പരിസ്ഥിതി മുദ്രാവാക്യമായി ‘പ്ലാസ്റ്റിക്ക് മലീനീകരണമവസാനിപ്പിക്കുക’ എന്ന് ലോകത്തോട് വിളിച്ചു പറയുന്നു.

ലോകത്ത് ഉപയോഗിക്കുന്ന 91 ശതമാനം പ്ലാസ്റ്റിക്കും പുനരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് കണക്കുകള്‍ കാണിക്കുന്നു.

മിക്ക പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മാലിന്യ കൂമ്പാരങ്ങളായോ സമുദ്രത്തിലോ പുഴയിലോ നിക്ഷേപിക്കുന്ന പ്രവണതയാണ് നാം കാണുന്നത്.

മത്സ്യങ്ങളും മറ്റു കടല്‍ ജീവികളുംപ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഭക്ഷണമായി തെറ്റിദ്ധരിക്കുന്നു. പലപ്പോഴും മാലിന്യങ്ങളില്‍ കുടുങ്ങി അവയ്ക്ക് വന്‍ നാശവും സംഭവിക്കുന്നു. മൈക്രൊ പ്ലാസ്റ്റിക്ക്‌സും ഭക്ഷ്യ ശൃംഗലയില്‍ പ്രവേശിക്കുന്നു. ഇത് മാരകമായ പല ആരോഗ്യപ്രശ്‌നങ്ങള്‍ സമുദ്ര ജീവികളിലും മൃഗങ്ങളിലും മനുഷ്യരിലും ഉണ്ടാക്കുന്നു.

ഇത് നമ്മുടെ ആവാസ വ്യവസ്ഥയേയും ആയുസ്സിനേയും ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുന്നതായി വിദഗ്ധ പഠനങ്ങള്‍ പറയുന്നു.

പ്ലാസ്റ്റിക്ക് മലിനീകരണം മൂലം പ്രതിവര്‍ഷം ഒരു ലക്ഷത്തിലധികം സമുദ്ര ജീവികളും പത്തുലക്ഷം കടല്‍ പക്ഷികളും ചത്തൊടുങ്ങുന്നതായി ഐക്യരാഷ്ട്ര സഭയുടെ സ്ഥിതി വിവര കണക്കുകള്‍ കാണിക്കുന്നു.
ആഗോളതലത്തില്‍ പ്രതിവര്‍ഷം 460 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക്ക് ഉത്പാദിപ്പിക്കപ്പെടുന്നു. ചൈനയാണ് ഏറ്റവും വലിയ പ്ലാസ്റ്റിക് ഉത്പാദകര്‍. തൊട്ടുതാഴെ അമേരിക്കയും.

ഇതില്‍ ആഗോളതലത്തില്‍ പ്രതിവര്‍ഷം 353 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യമായി മാറുന്നു. ആഗോള പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ പ്രധാന പങ്ക് പാക്കേജിംഗിലൂടെയാണ്. ഏകദേശം 40 ശതമാനം. പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ ഒരു പ്രധാന ഭാഗം കത്തിക്കുകയോ (19 ശതമാനം), ലാന്‍ഡ് ഫില്ലുകളിലേക്ക് അയക്കുകയോ (ഏകദേശ 50 ശതമാനം) ചെയ്യുന്നു.
ഗണ്യമായ ഭാഗം അനിയന്ത്രിതമായി മാലിന്യക്കൂമ്പാരങ്ങളിലോ വഴിയരികിലേക്കോ വലിച്ചെറിയുന്നു. ആഗോളതലത്തില്‍ പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ കേവലം 9 ശതമാനം മാത്രമേ പുനരുപയോഗം ചെയ്യപ്പെടുന്നുള്ളു.

2040 ആകുമ്പോഴേക്കും പ്ലാസ്റ്റിക്ക് മാലിന്യ ഉത്പാദനം ഏകദേശം ഇരട്ടിയായി വര്‍ധിച്ച് 615 മെട്രിക് ടണ്ണിലെത്തുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പ്ലാസ്റ്റിക്ക് മലിനീകരണത്തിന്റെ തോത് കുറച്ച് ആവാസ വ്യവസ്ഥയെ സന്തുലിതമായി നിലനിര്‍ത്തേണ്ടത് നമ്മള്‍ ഓരോരുത്തരുടേയും കടമയും ഉത്തരവാദിത്വവുമാണ്.

പ്ലാസ്റ്റിക്ക് ബാഗുകള്‍, സ്‌ട്രോകള്‍ പോലുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് വസ്തുക്കള്‍ നിരോധിക്കണം. ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക്കുകളടങ്ങിയ വസ്തുക്കളുപയോഗിക്കണം.

സമുദ്ര വന സമ്പത്തുകള്‍ സംരക്ഷിച്ചു നിലനിര്‍ത്തേണ്ടത് മനുഷ്യന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്ന് ഈ കണക്കുകളും കണ്ടെത്തലുകളും നമ്മെ വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു.

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്ലാസ്റ്റിക്ക് ഉപയോഗ നിയന്ത്രണത്തിനു വേണ്ട പദ്ധതികളില്‍ കേരളം മുന്നിലാണെങ്കിലും അതിന്റെ നടത്തിപ്പില്‍ ഏറെ പിന്നിലാണ്.

2022ല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന 19 പ്ലാസ്റ്റിക്ക് വസ്തുക്കളെ കേന്ദ്ര സര്‍ക്കാര്‍ രാജ്യ വ്യാപകമായി നിരോധിച്ചിരുന്നു. ‘മാലിന്യമുക്ത നവ കേരളം കാമ്പയിന്‍’ ആരംഭിച്ച കേരള സര്‍ക്കാര്‍ 2020ല്‍ തന്നെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് വസ്തുക്കളുടെ നിര്‍മ്മാണം, വില്‍പ്പന, സംഭരണം, ഗതാഗതം എന്നിവ കേരളത്തില്‍ നിരോധിച്ചിരുന്നു എന്നത് ഏറെ രസകരമായ കാര്യമാണ്.

എന്നാല്‍ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരംഭിച്ച ‘അഗ്രസ്സീവ് കാമ്പയിന്‍’ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഒഴുക്ക് തടയുന്നതില്‍ പരാജയപ്പെട്ടു.

ഈ രംഗത്തെ ബന്ധപ്പെട്ട ലംഘനങ്ങള്‍ തടയുന്നതിന് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ ഫലപ്രദമായ നടപടികള്‍ എടുക്കുന്നതില്‍ പരാജയപ്പെട്ടു.

അതിര്‍ത്തികടന്ന് അന്യസംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്ത് നിന്നും ‘ഒറ്റത്തവണയുടെ’ ഒഴുക്ക് നിര്‍ബാധം തുടരുന്നു. ഫലപ്രദമായ ഇടപെടലുകളില്ലാത്ത എന്‍ഫോഴ്‌സ്‌മെന്റ് നോക്കുകുത്തിയാവുന്നു. പദ്ധതികള്‍ വെല്ലുവിളി നേരിടുന്നു.

കേരള സംസ്ഥാനത്ത് പ്രതിദിനം ഒരാള്‍ക്ക് 18.5 ഗ്രാം പ്ലാസ്റ്റിക്ക് എന്ന നിരക്കില്‍ 633 ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യം ഉത്പാദിപ്പിക്കുന്നതായി സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു.

2023- 2024 കാലയളവില്‍ മാത്രം ക്ലീന്‍ കേരള കമ്പനി ഏകദേശം 47,548,701 ടണ്‍ ജൈവ വിസര്‍ജ്യമല്ലാത്ത മാലിന്യം നീക്കം ചെയ്തതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

വീടുകള്‍ തോറുമുള്ള 100 ശതമാനം മാലിന്യ ശേഖരണം എന്ന കാമ്പയിന്‍ ലക്ഷ്യത്തിലേക്ക് മുന്നേറുന്നുണ്ടെങ്കിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് വസ്തുക്കളുടെ നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതില്‍ വീഴ്ചകളും വെല്ലുവിളികളും തുടരുന്നു.
നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് ഒഴുകുന്നത് തടയാനുള്ള നീക്കത്തിന് കരുത്ത് പകരുന്ന നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കണം.

പൊലീസിനേയും മോട്ടോര്‍ വാഹന വകുപ്പിനേയും എക്‌സൈസ് വകുപ്പിനേയും സംയോജിപ്പിച്ചു കൊണ്ടുള്ള സംവിധാനങ്ങളൊരുക്കി നിരോധിച്ച പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ സംസ്ഥാനത്തേക്ക് കടത്തുന്ന സംഘടിത ഗ്രൂപ്പുകളേയും മൊത്ത വ്യാപാരക്കാരേയും അഴിക്കുള്ളിലാക്കണം.

സംസ്ഥാനത്തെ ശുചിത്വമിഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ അടിയന്തിര ഇടപെടലുകള്‍ നടത്തണം.

പ്രചരിപ്പിക്കുന്ന വീരവാദങ്ങള്‍ പ്രവര്‍ത്തന രംഗത്ത് പ്ലാസ്റ്റിക്ക് പോലെ ഉരുകിയൊലിക്കുന്നതാവരുത്.
മാനവരാശി നേരിടുന്ന പ്ലാസ്റ്റിക്ക് മാലിന്യമെന്ന വിപത്തിന്റെ കാഠിന്യവും ആഘാതവും കുറയ്ക്കുവാന്‍ നാം ഓരോരുത്തര്‍ക്കും ഏറെ കാര്യങ്ങള്‍ ചെയ്യുവാനുണ്ട്.

ഈ കടമകള്‍ നിര്‍വ്വഹിക്കുവാന്‍ ഭരണകൂടങ്ങളും ഉദ്യോഗസ്ഥരും ജനങ്ങളും ഒരുമിച്ച് കൈകോര്‍ത്ത് ഈ പരിസ്ഥിതി ദിനത്തില്‍ പ്ലാസ്റ്റിക്ക് കൊണ്ടുള്ള മലിനീകരണത്തിന് നമ്മള്‍ കാരണക്കാരാകില്ലെന്ന് പ്രതിജ്ഞയെടുത്ത് പ്രകൃതിയോടുള്ള കടമയും ജനങ്ങളോടുള്ള സാമൂഹ്യ പ്രതിബദ്ധതയും ഉത്തരവാദിത്വവും നിറവേറ്റാം നമുക്ക്.

ജോണ്‍ഗില്‍ബര്‍ട്ട്

Share This Article
Leave a Comment
error: Content is protected !!