

ചമ്പതിയിലെ ചായ
കൊല്‍ക്കത്ത: കട്ടക്കിന് സമീപം ഗാരഖ്പൂരില്‍ തീവണ്ടി ഇറങ്ങിയപ്പോള്‍ തയ്ബ ഗാര്‍ഡന്‍ ട്രസ്റ്റിന് കീഴിലുള്ള സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ജിഷ്ണുവും മാനേജര്‍ അഫ്നാസും കാത്തിരിക്കുന്നുണ്ടായിരുന്നു. നേരെ അവരുടെ സ്‌കൂളിലേക്കായിരുന്നു പോയത്.

മലയാളികളുടെ നേതൃത്വത്തില്‍ ഒഡീഷയിലെ കട്ടക്കില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ പബ്ലിക്ക് സ്‌കൂളില്‍ എഴുന്നൂറോളം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. അവിടെ മുക്കാല്‍ ഭാഗവും നാട്ടുകാരായ അധ്യാപകരാണെങ്കിലും ഏതാനും മലയാളികളുമുണ്ട്.

ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളിന് കേരളത്തിലേതു പോലെ വിശാലമായ കെട്ടിടങ്ങളൊന്നുമല്ലെങ്കിലും മികവുറ്റ വിദ്യാഭ്യാസം നല്‍കാനാവുന്ന ക്യാമ്പസായി മാറ്റിയിട്ടുണ്ട്.

വൈകിട്ട് ചമ്പതിയിലെ ചായപ്പീടികയില്‍ ചെന്ന് കുടിച്ച ചായയ്ക്ക് വല്ലാത്തൊരു രുചിയായിരുന്നു. പത്തു രൂപയാണ് ചായയ്ക്കെങ്കിലും രുചി മികവുറ്റതായിരുന്നു. നമ്മള്‍ മലയാളികളുടേത് പോലെയല്ല, ഉത്തരേന്ത്യയിലെ ചായയ്ക്ക് മറ്റൊരു രുചിയാണ്- ആസ്വദിച്ച് കുടിക്കാവുന്നൊരു രുചി.
ഈ പ്രദേശത്ത് മലയാളികളുണ്ടോ എന്ന സംശയത്തിന് ഹോട്ടല്‍ നടത്തുന്ന മലയാളിയേയും നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളെയും കുറിച്ചെല്ലാം പ്രിന്‍സിപ്പല്‍ പറഞ്ഞു തന്നു. അവര്‍ക്കൊരു കൂട്ടായ്മയും ്്അവിടെയുണ്ട്.

അന്‍പത് വര്‍ഷത്തോളമായി കട്ടക്കില്‍ ജീവിക്കുന്ന മണിയെ കണ്ടത് പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുത്തപ്പോഴായിരുന്നു. അദ്ദേഹം കോട്ടയം പാലാ സ്വദേശിയാണ്. കോണ്‍ട്രാക്ടിംഗ് കമ്പനിയാണ് മണി നടത്തിയിരുന്നത്.

വിദ്യാഭ്യാസ രംഗത്ത് ഒഡീഷ സര്‍ക്കാരുകള്‍ മികച്ച സഹായങ്ങളാണ് നല്‍കുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. വടക്കേ ഇന്ത്യയില്‍ എല്ലായിടത്തും മലയാളി സാന്നിധ്യം കാണാനാവുന്നുണ്ടെന്നാണ് ഈ യാത്ര മനസ്സിലാക്കിത്തന്നത്.

